ന്യൂദല്‍ഹി: ഐ.എന്‍.എസ് മീഡിയ കേസില്‍ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് സി.ബി.ഐയ്ക്കതിരെ പി. ചിദംബരം സുപ്രീം കോടതിയില്‍ നല്‍കിയ ഹരജി തള്ളി. ചിദംബരം അറസ്റ്റിലായ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യ ഹരജി അപ്രസക്തമായെന്ന് ഹരജി പരിഗണിച്ച ജസ്റ്റിസ് ഭാനുമതി അറിയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ദല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനു പിന്നാലെയായിരുന്നു ചിദംബരം മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചത്. ജാമ്യ ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലെ ആഗസ്റ്റ് 21നാണ് ചിദംബരത്തെ അറസ്റ്റു ചെയ്തത്.

ചിദംബരത്തെ അറസ്റ്റു ചെയ്യുന്നതിനു മുമ്പാണ് മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കിയതെന്നും അതിനാല്‍ ഹരജി കോടതി പരിഗണിക്കേണ്ടതുണ്ടെന്നും കപില്‍ സിബല്‍ വാദിച്ചു. എന്നാല്‍ കോടതി ഈ വാദം അംഗീകരിക്കാന്‍ തയ്യാറായില്ല.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റിനെതിരെ ചിദംബരം നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജി കോടതി പരിഗണിക്കുന്നുണ്ട്. നേരത്തെ എന്‍ഫോഴ്‌സ്‌മെന്റിന്റെ അറസ്റ്റില്‍ നിന്നും തിങ്കളാഴ്ചവരെ ചിദംബരത്തിന് കോടതി സംരക്ഷണം നല്‍കിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദല്‍ഹിയിലെ ജോര്‍ ബാഗ് വസതിയില്‍ നിന്നായിരുന്നു പി.ചിദംബരം അറസ്റ്റിലായത്. ഐ.എന്‍.എക്‌സ് മീഡിയ എന്ന മാധ്യമക്കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാന്‍ വഴിയൊരുക്കിയതിന് പ്രതിഫലമായി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് കേസ്.