Interview | PV Dinesh മർദനത്തിനിരയായ വിദ്യാർത്ഥികളെ സംരക്ഷിക്കയെന്നത് ഞങ്ങളുടെ ഭരണഘടനാപരമായ ഉത്തരവാദിത്തം
Interview
Interview | PV Dinesh മർദനത്തിനിരയായ വിദ്യാർത്ഥികളെ സംരക്ഷിക്കയെന്നത് ഞങ്ങളുടെ ഭരണഘടനാപരമായ ഉത്തരവാദിത്തം
ആദര്‍ശ് വെള്ളിപറമ്പ്
Thursday, 23rd July 2026, 10:07 pm
ജന്തര്‍ മന്തറില്‍ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അരങ്ങേറിയത് സമാനതകളില്ലാത്ത പൊലീസ് അതിക്രമങ്ങളാണെന്ന വിമര്‍ശനം ശക്തമാകുകയാണ്. ഭരണഘടനാപരമായ അവകാശങ്ങളെ പോലും കാറ്റില്‍പ്പറത്തിക്കൊണ്ട് പൊലീസ് നടത്തിയ അടിച്ചമര്‍ത്തലുകളുടെ നിയമവശങ്ങളെക്കുറിച്ചും, നീതിക്കായി തെരുവിലിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി എത്തിയ അഭിഭാഷക കൂട്ടായ്മയെക്കുറിച്ചും സുപ്രീം കോടതി അഭിഭാഷകന്‍ പി.വി. ദിനേശ് സംസാരിക്കുന്നു. ഡൂള്‍ന്യൂസ് പ്രതിനിധി ആദര്‍ശ് നടത്തിയ അഭിമുഖം.

പി.വി. ദിനേശ്‌

ചോദ്യം: ജന്തർ മന്തറിൽ കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽസമാധാനപരമായി സമരം ചെയ്തുകൊണ്ടിരുന്ന വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് വലിയ തോതിലുള്ള അടിച്ചമർത്തലും അതിക്രമവും നടത്തിയെന്ന വിമർശനം ഉയരുന്നുണ്ട്. എത്രത്തോളം നിയമപരമായ രീതിയിലാണ് പൊലീസ് ഈ സമരത്തെ നേരിട്ടത്? ഇത്തരത്തിൽ അടിച്ചമർത്താൻ പൊലീസിന് നിയമപരമായ അവകാശമുണ്ടോ?

ഉത്തരം: ജന്തർ മന്തർ എന്ന് പറയുന്നത് ദൽഹിയിൽ സമരം നടത്താൻ അനുവദിച്ചിട്ടുള്ള ഒരു സ്ഥലമാണ്. അവിടെ ദിവസങ്ങളായി സമാധാനപരമായി സമരം നടന്നുവരികയായിരുന്നു. സമരം സമാധാനപരമല്ലെന്നോ ലോ ആൻഡ് ഓർഡർ പ്രശ്‌നമുണ്ടെന്നോ പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരു പരാതിയും ഉണ്ടായിരുന്നില്ല. എന്നാൽ ഇവിടെ പൊലീസ് തീർത്തും ഏകപക്ഷീയമായ രീതിയിൽ ഇടപെടുകയായിരുന്നു.

സമാധാനപരമായി സത്യാഗ്രഹം നടത്തുമ്പോൾ സമരം എപ്പോൾ തുടങ്ങണം, എപ്പോൾ അവസാനിപ്പിക്കണം എന്ന് പറയാൻ പൊലീസിന് അധികാരമില്ല. സമാധാരപരമായ സരമപ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ ഭരണഘടന അനുമതി നൽകുന്നുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പൊലീസ് അതിക്രമം

എന്നാൽ പൊലീസ് അവിടെ വിദ്യാർത്ഥികൾക്കിടയിൽ ചെന്ന് പ്രകോപനം ഉണ്ടാക്കുകയാണ് ചെയ്തത്. പ്രകോപനമുണ്ടാകുമ്പോൾ കുട്ടികൾ കയ്യും കെട്ടിയിരിക്കില്ലല്ലോ, സ്വാഭാവികമായും ചെറിയ ചെറിയ പൊട്ടിത്തെറികൾ ഉണ്ടാകും.

അതോടൊപ്പം വിദ്യാർത്ഥികൾ സമരസ്ഥലത്ത് എത്താതിരിക്കാൻ മെട്രോ സ്റ്റേഷനുകളും ദൽഹിയിലേക്കുള്ള റോഡുകളും അടച്ചു. സമരസ്ഥലത്തെ കമ്മ്യൂണിക്കേഷൻ പൂർണമായി കട്ട് ചെയ്തു.

കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയ സമയത്ത് ഇന്റർനെറ്റ് കട്ട് ചെയ്തതുപോലെ, ഇവിടെയും പരസ്പരം വിളിച്ച് ‘എവിടെയാണ്’ എന്ന് ചോദിക്കാൻ പോലും പറ്റാത്ത വിധം കമ്മ്യൂണിക്കേഷൻ പൂർണമായി വിച്ഛേദിക്കുകയായിരുന്നു. ഒരുമിച്ച് പ്രതിഷേധത്തിനെത്തിയ രണ്ട് പേർക്ക് പരസ്പരം എവിടെയാണെന്ന് വിളിച്ച് ചോദിക്കാൻ പോലും സാധിക്കാത്ത രീതിയിൽ അവിടെ കമ്മ്യൂണിക്കേഷൻ കട്ട് ചെയ്തു. ഇതിനൊപ്പം ആൾക്കൂട്ടത്തെ ചിതറിച്ചോടിക്കുന്ന രീതിയാണ് പൊലീസ് സ്വീകരിച്ചത്.

 

ചോദ്യം: പോലീസുകാർ ബാഡ്‌ജോ ഐഡന്റിറ്റിയോ ഇല്ലാതെയും മഫ്തിയിലും വന്ന് വിദ്യാർത്ഥികൾക്കെതിരെ അക്രമണഴിച്ചുവിട്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ടല്ലോ, ഇതിന്റെ ആവശ്യകത എന്താണ്?

ഉത്തരം: ഒരു ജനാധിപത്യ സമൂഹത്തിൽ പൊലീസ് എന്ന് പറയുന്നത് ഒരു ഐഡന്റിഫൈഡ് ലോ ആൻഡ് ആർഡർ പേഴ്‌സണാണ്, തിരിച്ചറിയാൻ പറ്റുന്ന ആളായിരിക്കണം. ഈ സാഹചര്യത്തിലാണ് പല പൊലീസുകാരും നെയിം ബാഡ്ജ് ഇല്ലാതെയയക്കം പ്രതിഷേധ സ്ഥലത്ത് എത്തിയിരിക്കുന്നത്.

വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്ന യൂണിഫോം ധരിക്കാത്ത പൊലീസുകാര്‍

പണ്ടുകാലങ്ങളിൽ ഇങ്ങനെയുള്ള പൊലീസിനെ തിരിച്ചറിയാൻ മാർഗമില്ലായിരുന്നു. ഇപ്പോൾ ഭാഗ്യത്തിന് സോഷ്യൽ മീഡിയയും മൊബൈൽ ഫോണുകളും ഉള്ളതുകൊണ്ട് ബാഡ്ജ് ഇല്ലെങ്കിലും മുഖം വെച്ച് ആളുകൾ തിരിച്ചറിയുന്നുണ്ട്.

രാജ്യവിരുദ്ധ സംഭവങ്ങൾ എന്തെങ്കിലും നടക്കുന്നുണ്ടോ എന്ന് അറിയാൻ പോലീസിന് ചാരന്മാരായി ആരും സംശയിക്കാത്ത രീതിയിൽ മഫ്തിയിൽ ആളുകളെ അയക്കാം. എന്നാൽ മർദിക്കാൻ മഫ്തി പോലീസിന്റെ ആവശ്യമേയില്ല. ലോ ആൻഡ് ഓർഡർ പാലിക്കാൻ അവകാശമുള്ള പോലീസുകാർക്ക് മാത്രമേ നിയമപരമായി അതിന് അനുവാദം നൽകുന്നുള്ളൂ.

മഫ്തി പൊലീസിന്റെ മര്‍ദനം

പൊലീസിനെതിരെ കയ്യേറ്റം നടത്തുന്ന വ്യക്തിക്കെതിരെ ചെറിയ രീതിയിലുള്ള മർദനം ഫോഴ്‌സ് ആയി ഉപയോഗിക്കാം. എന്നാൽ വെറുതെ നടന്നുപോകുന്ന ഒരാളെ പുറകിൽ നിന്ന് മാരകമായി അടിക്കേണ്ട യാതൊരു ആവശ്യവുമില്ല. അത്തരം എക്‌സസീവ് ഫോഴ്‌സ് ഉപയോഗിക്കാൻ പോലീസ് നിയമപ്രകാരമോ ഭരണഘടനാ പ്രകാരമോ പോലീസിന് യാതൊരു അവകാശവുമില്ല. അത് തീർത്തും നഗ്‌നമായ നിയമലംഘനമാണ്.

ചോദ്യം: പൊലീസിന്റെ ക്രൂരമായ അതിക്രമത്തിന് ഇരയായി നിരവധി വിദ്യാർത്ഥികൾക്ക് മാരകമായി പരിക്കേറ്റിട്ടുണ്ട. ഇവർക്ക് നീതി ലഭിക്കാൻ നിലവിൽ എന്തെല്ലാം നിയമപരമായ കാര്യങ്ങളാണ് നടക്കുന്നത്?

ഉത്തരം: അവർക്ക് നീതി ലഭ്യമാക്കാൻ വേണ്ടി ദൽഹിയിലുള്ള അഭിഭാഷകർ എല്ലാവരും ഒത്തുചേർന്നുകൊണ്ട് പൊലീസുകാർക്കെതിരെ പരാതി നൽകാനും, നിയമസംവിധാനങ്ങൾ എങ്ങനെ ഉപയോഗിക്കണം എന്നതിനെപ്പറ്റിയും ചർച്ചകൾ നടത്തിവരികയാണ്. അക്രമം നടത്തിയ പൊലീസുകാർക്കെതിരെ ക്രിമിനൽ കംപ്ലൈന്റുകൾ ഫയൽ ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്.

ചോദ്യം: വിദ്യാർത്ഥികൾക്ക് നിയമസഹായം നൽകാൻ അഭിഭാഷകരും ബാർ അസോസിയേഷനുകളും എത്രത്തോളം മികച്ച രീതിയിലാണ് ഇടപെടുന്നത്?

ഉത്തരം: ബാർ അസോസിയേഷൻ എന്ന് പറയുന്നത് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികളുള്ള ഇടമാണ്. അതിൽ കേന്ദ്ര സർക്കാർ നയങ്ങളെയും തീരുമാനങ്ങളെയും അനുകൂലിക്കുന്നവരും എതിർക്കുന്നവരുമുണ്ട്. അതിനാൽ ബാർ അസോസിയേഷനിൽ ഒരു പൊതു ഐക്യം കാണാൻ സാധിക്കില്ല.

എന്നാൽ, ഇതിന് ബദലായി ഭരണഘടനയോടൊപ്പം ചേർന്നുനിൽക്കുന്ന അഭിഭാഷകരുടെ ഒരു കൂട്ടായ്മ നിലവിൽ വന്നിട്ടുണ്ട്. അവർ വിദ്യാർത്ഥികൾക്ക് ആവശ്യമായ നിയമസഹായം നൽകാനും, സൗജന്യ നിയമസഹായത്തിനായി ലീഗൽ ക്ലിനിക്കുകൾ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്.

 

ചോദ്യം: സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ വിവാദ പരാമർശത്തിന് പിന്നാലെയാണ് സി.ജെ.പി എന്ന പാർട്ടി ഉലെടുത്തതും ഇപ്പോൾ രാജ്യമാകെ ചർച്ച ചെയ്യുന്ന ഈ സമരത്തിന്റെ നേതൃനിരയിലേക്കെത്തിയതും. ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങളിൽ സുപ്രീം കോടതി ഉടൻ ഇടപെട്ടില്ലെന്ന വിമർശനം ഉയരുമ്പോൾ, ദൽഹി ഹൈക്കോടതി തെളിവുകൾ സംരക്ഷിക്കാൻ നൽകിയ നിർദേശത്തിന്റെ നിയമപരമായ പ്രാധാന്യം എന്താണ്?

ഉത്തരം: ദൽഹി ഹൈക്കോടതിയും സുപ്രീം കോടതിയും രണ്ടു തട്ടിലാണ് നിൽക്കുന്നത്. സംസ്ഥാനം എന്ന നിലയിൽ ദൽഹി ഹൈക്കോടതിക്കാണ് കൂടുതൽ ഉത്തരവാദിത്തമുള്ളതെങ്കിലും സുപ്രീം കോടതി ഇത്തരം വിഷയങ്ങളിൽ മുമ്പും ഇടപെട്ടിട്ടുള്ളതിനാലാണ് ആളുകൾ സുപ്രീം കോടതിയെ സമീപിച്ചത്.

ദൽഹി ഹൈക്കോടതി ഇടപെട്ടു എന്നത് വലിയ ആശ്വാസകരമായ കാര്യമായി തോന്നിയിട്ടില്ല. കാരണം, ഈ വിഷയം നാലാഴ്ച കഴിഞ്ഞിട്ട് പരിഗണിക്കാനാണ് മാറ്റിവെച്ചത്. ഇതുപോലെയുള്ള ജനകീയ വിഷയങ്ങളിൽ ഉടനടി ഡേ-ടു-ഡേ ഹിയറിങ് നടത്തി ജനങ്ങൾക്ക് ഒരു റീ അഷ്വറിങ് നൽകുന്ന രീതിയിൽ ജുഡീഷ്യറി ഉയർന്നു പ്രവർത്തിക്കുന്നു എന്ന് ജനങ്ങളെ ധരിപ്പിക്കാൻ ആവശ്യമായിട്ടുള്ള സന്ദേശമായിരുന്നു ദൽഹി ഹൈക്കോടതി നൽകേണ്ടിയിരുന്നത്. എന്നാൽ അങ്ങനെ ഒരു സമീപനം കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. എന്നാൽ നാലാഴ്ചത്തേക്ക് മാറ്റിയതോടെ ഫലത്തിൽ ഒന്നുമില്ലാത്ത അവസ്ഥയായി.

ഹൈക്കോടതി നോട്ടീസ് അയച്ചു എന്നത് ഒരു സ്വാഭാവിക നടപടി മാത്രമാണ്. പോലീസ് ലംഘനം ഉണ്ടാകുമ്പോൾ ജുഡീഷ്യറിക്ക് കണ്ണടച്ചിരിക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട് സമരം ചെയ്യുന്നവർക്ക് അനുകൂലമായി വലിയൊരു വിധി ഉണ്ടായി എന്ന് സമാധാനിക്കുന്നതിൽ കാര്യങ്ങളൊന്നുമില്ല.

ഇന്നലെ ഹൈക്കോടതി നിലപാട് പറഞ്ഞിട്ടും ഇന്നും അവിടെ കമ്മ്യൂണിക്കേഷൻ കട്ട് ചെയ്തിട്ടുണ്ട്, പോലീസിനെ നിർത്തിയിട്ടുണ്ട്. ഹൈക്കോടതി സന്ദേശം എന്താണെന്ന് എക്‌സിക്യൂട്ടീവിന് വ്യക്തമായി മനസ്സിലായതുകൊണ്ടാണ് അവർക്ക് യാതൊരു വൈമുഖ്യവുമില്ലാതെ മുന്നോട്ടു പോകാൻ സാധിക്കുന്നത്.

ചോദ്യം: രാജ്യത്തുടനീളം ഈ പ്രതിഷേധം പടരുമ്പോൾ, പോലീസിന്റെ ഈ അടിച്ചമർത്തൽ നടപടിയും അതിനെതിരെയുള്ള ജുഡീഷ്യറിയുടെ നിലപാടും ജനാധിപത്യത്തിനും പ്രതിഷേധിക്കാനുള്ള അവകാശത്തിനും നൽകുന്ന സന്ദേശം എന്താണ്?

ഉത്തരം: ഇന്ത്യൻ ജുഡീഷ്യറി ഒരുപരിധി വരെ എക്‌സിക്യൂട്ടീവിന്റെ പരിധിയിൽ അകപ്പെട്ടിട്ടുണ്ട്. കേന്ദ്രസർക്കാരിന് താത്പര്യമില്ലാത്ത വിധി പ്രഖ്യാപിക്കുന്ന ഹൈക്കോടതി ജഡ്ജിമാരെ സുപ്രീം കോടതിയിലേക്ക് ഉയർത്താതെ മാറ്റിവെക്കുകയാണ് ചെയ്യുന്നത്. ‘നിങ്ങൾ ഗവൺമെന്റിന്റെ കൂടെയാണോ എതിരാണോ’ എന്ന് മാത്രമാണ് നോക്കുന്നത്. സർക്കാരിനെതിരെ വിധി പ്രഖ്യാപിച്ചാൽ ആ ജഡ്ജിക്ക് പിന്നീട് സ്മൂത്തായ ഒരു പ്രൊഫഷണൽ ജീവിതം ആയിരിക്കില്ല ഉണ്ടാകുക.

This is a trivial case; do not politicize it unnecessarily: Supreme Court on the Ram Temple heist.

സുപ്രീം കോടതി

ഇവിടെ ജഡ്ജിമാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല, അഭിഭാഷകർക്ക് എന്ത് നിലപാടാണുള്ളത്? ലക്ഷക്കണക്കിന് അഭിഭാഷകരിൽ വളരെ ന്യൂനപക്ഷം മാത്രമാണ് ഇതിനെതിരെ പ്രതികരിക്കുന്നത്. ഇന്ത്യയിൽ ബാക്കി എത്ര സ്ഥലങ്ങളിലെ ബാർ അസോസിയേഷനുകൾ ഇതിനെതിരെ പ്രതികരിച്ചു? വളരെ കുറച്ചുപേർ മാത്രം.

ജഡ്ജിമാർക്ക് ഔദ്യോഗികമായി ചില പരിധികളുണ്ട്, എന്നാൽ അഭിഭാഷകർക്ക് അതില്ല. കേരളത്തിൽ നിന്നുപോലും റിട്ടയർ ചെയ്ത നൂറുകണക്കിന് ജഡ്ജിമാരുണ്ട്, അവരിൽ എത്രപേർ ഇതിനെതിരെ സംസാരിച്ചു? ആളുകൾ റിട്ടയർ ചെയ്ത ജഡ്ജിമാരോടാണ് ഇതിനെപ്പറ്റി മിണ്ടാതിരിക്കുന്നത് എന്താണെന്ന് ചോദിക്കേണ്ടത്.

ചോദ്യം: ഒരു അഭിഭാഷകൻ എന്ന നിലയിൽ നീതിക്ക് വേണ്ടിയുള്ള ഈ വിദ്യാർത്ഥികളുടെ പോരാട്ടത്തെ താങ്കൾ എങ്ങനെയാണ് നോക്കിക്കാണുന്നത്?

ഉത്തരം: നമ്മളെല്ലാവരും സജീവമായി ഈ പ്രശ്‌നങ്ങളിൽ ഇടപെടുന്നുണ്ട്. സുപ്രീം കോടതിയിൽ ഭരണഘടനയുടെ ആമുഖം എല്ലാവരും ചേർന്ന് വായിക്കുകയുണ്ടായി. ഞങ്ങൾ നിരന്തരം സമരസ്ഥലത്ത് പോവുകയും അവിടുത്തെ കുട്ടികൾക്ക് ആവശ്യമായ സൗജന്യ നിയമസഹായങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്.

ഇതൊരു പൗരൻ എന്ന നിലയിലുള്ള കോൺസ്റ്റിറ്റിയൂഷണൽ ഒബ്ലിഗേഷൻ അഥവാ ഭരണഘടനാപരമായ ഉത്തരവാദിത്തവും കടമയുമാണ്; അതിനെ കേവലം ഒരു പോരാട്ടം എന്ന് മാത്രമായി ചുരുക്കുന്നില്ല.

 

Content Highlight: Interview with Supreme Court lawyer P.V. Dinesh

 

ആദര്‍ശ് വെള്ളിപറമ്പ്
ഡൂൾന്യൂസിൽ സീനിയർ സബ് എഡിറ്റർ. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.