കൊച്ചി: മാധ്യമ പ്രവര്‍ത്തക അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ വിസ്ഡം സ്റ്റുഡന്റ്‌സ് നേതാവ് ഡോ. അബ്ദുല്ല ബാസിലിനെതിരെ പൊലീസ് കേസെടുത്തതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാന് ജിന്റോ ജോണ്‍. ഒരു തരത്തിലും യോജിക്കാവുന്ന നടപടിയല്ല ഇതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ജിന്റോ പറഞ്ഞു. അപര്‍ണ്ണ സ്വയം വിക്ടിമൈസ് ചെയ്യുന്നത് ജനാധിപത്യപരമായി തോന്നുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അബ്ദുല്ല ബാസില്‍ എന്ത് വ്യക്തിയധിക്ഷേപമാണ് നടത്തിയത്. ആ സാഹചര്യത്തില്‍ മറ്റാരെങ്കിലും സൈബര്‍ അറ്റാക്ക് നടത്തിയിട്ടുണ്ടെങ്കില്‍ അതില്‍ ബാസില്‍ എങ്ങനെ പ്രതിയാകും. സൈബര്‍ അധിക്ഷേപം നടത്തിയവര്‍ക്കെതിരെ അല്ലേ കേസ് കൊടുക്കേണ്ടതെന്നും ജിന്റോ ചോദിച്ചു.

‘അയാള്‍ അയാളുടെ അഭിപ്രായം പറയാന്‍ അപര്‍ണ പറഞ്ഞ കാര്യം ഉപയോഗിച്ചതില്‍ കവിഞ്ഞെന്ത് വ്യക്തയാധിക്ഷേപമാണ് നടത്തിയത്? ആ സാഹചര്യത്തില്‍ മറ്റാരെങ്കിലും സൈബര്‍ അറ്റാക്ക് നടത്തിയിട്ടുണ്ടെങ്കില്‍ അതില്‍ ബാസില്‍ എങ്ങനെ പ്രതിയാകും?

സൈബര്‍ അധിക്ഷേപം നടത്തിയവര്‍ക്കെതിരെ അല്ലേ കേസ് കൊടുക്കേണ്ടത്? അങ്ങനെയുള്ള മനോരോഗികള്‍ ആരായാലും അവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകണം. പക്ഷേ അത് മറയാക്കി തികച്ചും ജനാധിപത്യ രീതിയില്‍ തന്നെ അപര്‍ണ്ണയുടെ അഭിപ്രായത്തോട് വിയോജിച്ച ബാസിലിനെതിരെ കേസ് കൊടുത്തത് തികഞ്ഞ മര്യാദകേട് തന്നെയാണ്,’ ജിന്റോ കുറിച്ചു.

അപര്‍ണ കുറുപ്പ് ചാനല്‍ ചര്‍ച്ചയുടെ ഇന്‍ട്രോയില്‍ പറഞ്ഞത് അത്യന്തം മര്യാദകേടും ഇസ്‌ലാമോഫോബിക് ധാരണയില്‍ നിന്നും വമിച്ച മതദ്വേഷ വാക്കുകളും ആയിരുന്നു. അപര്‍ണ ഖേദം പറഞ്ഞത് സ്വാഗതാര്‍ഹമാണെങ്കിലും അവര്‍ സ്വയം വിക്ടിമൈസ് ചെയ്യുന്നത് ജനാധിപത്യപരമായി തോന്നുന്നില്ലെന്നും ജിന്റോ അഭിപ്രായപ്പെട്ടു.

‘അപര്‍ണ കുറുപ്പ് ആ ചര്‍ച്ചയുടെ ഇന്‍ട്രോയില്‍ പറഞ്ഞത് അത്യന്തം മര്യാദകേടും ഇസ്‌ലാമോഫോബിക് ധാരണയില്‍ നിന്നും വമിച്ച മതദ്വേഷ വാക്കുകളും ആയിരുന്നു. അതില്‍ അവര്‍ ഖേദം പ്രകടിപ്പിച്ചതിനെ മാനിക്കുന്നു.

ആ ദൃശ്യങ്ങള്‍ നീക്കിയ ബിഗ് ടിവി നിലപാടും അപര്‍ണയുടെ ഖേദവും വെളിവാക്കുന്നത് അത് അനുചിതമായ വാചകങ്ങള്‍ ആയിരുന്നു എന്ന് തന്നെയാണ്. പറ്റിയ തെറ്റ് (ജാഗ്രത കുറവല്ല) തിരുത്തി ഖേദം പറഞ്ഞത് സ്വാഗതാര്‍ഹമാണ്. പക്ഷേ അതിനപ്പുറം അപര്‍ണ്ണ സ്വയം വിക്ടിമൈസ് ചെയ്യുന്നത് ജനാധിപത്യപരമായി തോന്നുന്നില്ല,’ ജിന്റോ കുറിച്ചു.

അവര്‍ ഡിലീറ്റ് ആക്കിയ വീഡിയോ അതിന് മുമ്പേ എടുത്തവര്‍ക്ക് അത് പ്രചരിപ്പിക്കാനും അതിന്റെ മറുപക്ഷം പറയാനുമുള്ള സ്വാതന്ത്ര്യമുണ്ടല്ലോ. അതിന്റെ പേരില്‍ അബ്ദുള്ള ബാസിലിനെ ഒന്നാം പ്രതിയാക്കിയുള്ള കേസ് ഒരുമാതിരി പരിപാടി ആയിപ്പോയെന്നും ജിന്റോ പറയുന്നു.

അബ്ദുള്ള ബാസിലിനെ പോലുള്ളവര്‍ സൈബര്‍ അറ്റാക്കിന് നേതൃത്വം കൊടുക്കുമെന്ന് കരുതുക വയ്യ. അവരുടെ വാദത്തോട് നമുക്ക് ആര്‍ക്ക് വേണമെങ്കിലും വിയോജിക്കാം. അതിന്റെ മറവില്‍ കട്ടവനെ കിട്ടിയില്ലെങ്കില്‍ കണ്ടവനെ പ്രതിയാക്കുന്ന ഇടപാട് ഒരു ‘നിഷ്പക്ഷ’ മാധ്യമ പ്രവര്‍ത്തകക്ക് ചേര്‍ന്നതാണെന്ന് കരുതുന്നില്ല. അങ്ങനെ ചെയ്യുമ്പോള്‍ നിങ്ങള്‍ക്കെതിരെ മറുപക്ഷം ആരോപിക്കുന്ന ഇസ്‌ലാമോഫോബിക് ലേബലിന് സംശയത്തിന്റെ ആനുകൂല്യം ലഭിക്കുമെന്നും ജിന്റോ അഭിപ്രായപ്പെട്ടു.

അപര്‍ണ്ണ അന്ന് പറഞ്ഞത് തികച്ചും തെറ്റാണ്. അപര്‍ണ്ണക്കെതിരെ നടന്ന വ്യക്ത്യാധിക്ഷേപം അത്ര തന്നെ തെറ്റാണ്. അപര്‍ണ്ണയുടെ പരാതിയില്‍ ബാസിലിനെതിരെ എടുത്ത കേസിനും ഒരുതരത്തിലും ന്യായീകരണമില്ല. ജനാധിപത്യ വിരുദ്ധവുമാണ്. ഇതില്‍ ഒന്നും പെടാതെ നില്‍ക്കുന്ന ഒരു നീതിബോധം നയിക്കുന്ന മാധ്യമപ്രവര്‍ത്തനം കാണാന്‍ ആഗ്രഹിക്കുന്നെന്നും കോണ്‍ഗ്രസ് നേതാവ് അഭിപ്രായപ്പെട്ടു.

അപര്‍ണ്ണയുടെ ന്യായപ്രകാരമാണെങ്കില്‍ അപര്‍ണ്ണക്കെതിരെയും കേസിന് സ്‌കോപ്പുണ്ട്. സൈബര്‍ ആക്രമണം നടത്തുന്ന മനോരോഗികളോട് പോരാടേണ്ടത് ജനാധിപത്യ രീതിയില്‍ ചര്‍ച്ച ചെയ്യാന്‍ ധൈര്യമുള്ളവര്‍ക്കെതിരെ കള്ളക്കേസ് കൊടുത്തിട്ടല്ല. അപര്‍ണ്ണയെ വ്യക്തിപരമായി ആക്ഷേപിച്ചവര്‍ക്കെതിരെ കേസെടുക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും വേണം. അതിന് ഈ രീതിയിലല്ല സമീപിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമ പ്രവര്‍ത്തക അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ വിസ്ഡം സ്റ്റുഡന്റ്‌സ് നേതാവ് ഡോ.അബ്ദുല്ല ബാസിലിനെതിരെ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. സ്ത്രീകള്‍ പൊതുരംഗത്ത് ഇടപെടുന്നതിനെക്കുറിച്ചുള്ള കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാരുടെ പരാമര്‍ശവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയെക്കുറിച്ചുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതുമായി ബന്ധപ്പെട്ടാണ് പരാതി.

കാന്തപുരത്തിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ നിന്നുള്ള വീഡിയോ അബ്ദുല്ല ബാസില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ചര്‍ച്ചയില്‍ അപര്‍ണ കുറുപ്പ് മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് പറഞ്ഞുകൊണ്ടായിരുന്നു ബാസിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഈ പോസ്റ്റിനെ തുടര്‍ന്ന് തനിക്കെതിര സൈബര്‍ ആക്രമണമുണ്ടായെന്നും തനിക്ക് വധഭീഷണി അടക്കം നേരിടേണ്ടി വന്നെന്നും പറഞ്ഞാണ് അപര്‍ണ കുറുപ്പിന്റെ പരാതി.

തനിക്കെതിരെ വധഭീഷണി ഉയരാന്‍ അടക്കം അബ്ദുല്ല ബാസില്‍ പങ്കുവെച്ച വീഡിയോയും ഒപ്പമുള്ള കുറിപ്പും കാരണമായെന്ന് അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ പറയുന്നു. പരാതി പ്രകാരം ഭാരതീയ ന്യായ സംഹിത 192, 351 (1), 353, 3(5) വകുപ്പുകളും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെ 67-ാ വകുപ്പും ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

ചാനല്‍ ചര്‍ച്ചയുമായി ബന്ധപ്പെട്ട് തെറ്റായ വസ്തുതകള്‍ പ്രചരിപ്പിച്ചുവെന്ന് അബ്ദുല്ല ബാസിലിനെതിരായ എഫ്.ഐ.ആറില്‍ പറയുന്നു. പരാതിക്കാരിയെ ഭീഷണിപ്പെടുത്തുന്നതിനും ദേഹോപദ്രവം ഏല്‍പ്പിക്കുന്നതിനും ആഹ്വാനം ചെയ്തതായും എഫ്.ഐ.ആറില്‍ പറയുന്നു.

Content Highlight: Congress Leader Jinto John against FIR against of Abdulla Basil CP