മലയാളത്തിൽ ഇറങ്ങി വലിയ സാമ്പത്തിക വിജയമായ ചിത്രമായിരുന്നു ലൂസിഫർ. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു നായകൻ.
പ്രഖ്യാപനം മുതൽ തന്നെ ഹൈപ്പിന്റെ കൊടുമുടിയിൽ കയറിയ ചിത്രം ബോക്സ് ഓഫീസിൽ വമ്പൻ വിജയം നേടുകയായിരുന്നു. 2019 ൽ ഇറങ്ങിയ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാവുമെന്ന് അന്ന് തന്നെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.
രണ്ടാം ഭാഗമായ എമ്പുരാൻ പ്രഖ്യാപിച്ചതോടെ വീണ്ടും ആരാധകർ ആവേശത്തിലായി. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനും വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കാറുള്ളത്. ഇപ്പോഴിതാ എമ്പുരാന്റെ അപ്ഡേറ്റുകൾ എന്തെല്ലാമായി എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഇന്ദ്രജിത്ത്.
ചിത്രത്തിന്റെ 20 ശതമാനം കഴിഞ്ഞെന്നും ഇനി ശതമാനത്തോളം എടുക്കാൻ ഉണ്ടെന്നും ഇന്ദ്രജിത്ത് പറഞ്ഞു. ഇന്ത്യക്ക് പുറത്തുള്ള സ്ഥലങ്ങളിലെ ഷൂട്ടിങ് കഴിഞ്ഞെന്നും ഇനി അബുദാബിയിൽ കുറച്ച് ഉണ്ടെന്നും ഇന്ദ്രജിത്ത് കൂട്ടിച്ചേർത്തു. ജിഞ്ചർ മീഡിയ എന്റർടൈൻമെന്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘പടം ഒരു 20% കഴിഞ്ഞു. ഔട്ട്സൈഡ് ഇന്ത്യ കുറെ കഴിഞ്ഞെന്ന് തോന്നുന്നു. ഇനി അബുദാബിയിലും കൂടെയുണ്ട്. യു.കെയിൽ ഒരു ഷെഡ്യൂൾ ഉണ്ടായിരുന്നു, യു.എസിൽ ഉണ്ടായിരുന്നു. തുടങ്ങിയത് ഇന്ത്യയിൽ ആയിരുന്നു. ഔട്ട്സൈഡ് ഇന്ത്യ ഷെഡ്യൂൾ കഴിഞ്ഞു, ഇനി കേരളത്തിൽ ഒരു മെയിൻ ഷെഡ്യൂൾ ഉണ്ട്.
ഇന്ത്യക്ക് അകത്ത് പലസ്ഥലങ്ങളിൽ ആയിട്ട് ഷൂട്ടിങ്ങുണ്ട്. അതൊക്കെ ഇനി വരുന്നേയുള്ളൂ. 20 ശതമാനം കഴിഞ്ഞിട്ടുള്ളൂ, 80 ശതമാനം ബാക്കിയുണ്ട്. അമേരിക്കയിൽ ഒന്ന് രണ്ട് നല്ല സീൻ ഷൂട്ട് ചെയ്തിട്ടുണ്ട്,’ ഇന്ദ്രജിത്ത് പറഞ്ഞു.
മലയാളികളുടെ ഇഷ്ട നടനാണ് ഇന്ദ്രജിത്ത്. വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്നുണ്ട് താരം. കരിയറിന്റെ തുടക്കത്തിൽ തന്നെ മികച്ച സിനിമകളുടെ ഭാഗമായ ഇന്ദ്രജിത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് മാരിവില്ലിൻ ഗോപുരങ്ങൾ. അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സംഗീതം നിർവഹിക്കുന്നത് വിദ്യാസാഗറാണ്. ഇതിനോടകം ഇറങ്ങിയ ചിത്രത്തിലെ ഗാനങ്ങളെല്ലാം ശ്രദ്ധ നേടിയിട്ടുമുണ്ട്.
Content Highlight: Indrajith about emburan movie’s upadation
