തെരുവ് നായ വിഷയത്തില്‍ കേരളത്തിനെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍. കേരളത്തില്‍ തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നുമാണ് രാഹുല്‍ പറഞ്ഞത്.

തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കെ.എല്‍. രാഹുല്‍ കേരളത്തിലെ തെരുവ് നായ വിഷയത്തില്‍ അഭിപ്രായ പ്രകടനവുമായി എത്തിയത്.

തെരുവ് നായ്ക്കളുടെ പരിപാലനത്തിനും സംരക്ഷണത്തിനുമായി പ്രവര്‍ത്തിക്കുന്ന ‘വോയ്‌സ് ഒഫ് സ്‌ട്രേ ഡോഗ്‌സ് – വി.ഒ.എസ്.ഡി (Voice of Stray Dogs – V.O.S.D) എന്ന സംഘടനയുടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് രാഹുല്‍ വിഷയത്തിലെ തന്റെ പ്രതികരണമറിയിച്ചിരിക്കുന്നത്. പോസ്റ്ററിനൊപ്പം ‘പ്ലീസ് സ്റ്റോപ്പ്’ എന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

കേരളത്തില്‍ വീണ്ടും തെരുവ് നായകളെ കൂട്ടമായി കൊല്ലാന്‍ ആരംഭിച്ചിട്ടുണ്ടെന്നും, തെരുവ് നായകളും ഉടമസ്ഥരാല്‍ ഉപേക്ഷിക്കപ്പെട്ട നായ്ക്കളും സംസ്ഥാനത്ത് അപകടത്തിലാണെന്നുമാണ് പോസ്റ്ററില്‍ ആരോപിക്കുന്നത്.

കേരളത്തിലെ സ്ഥിതി മോശമാണെന്നും തെരുവ് നായ്ക്കളെ സംരക്ഷിക്കണമെന്നും ആളുകള്‍ വി.ഒ.എസ്.ഡി തങ്ങളുടെ അക്കൗണ്ടില്‍ പങ്കുവെച്ച പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നുണ്ട്.