ഇന്ത്യയ്‌ക്കെതിരായ ടി-20 മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തില്‍ സിംബാബ്‌വേക്ക് 193 റണ്‍സ് വിജയലക്ഷ്യം. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്.
അര്‍ധ സെഞ്ച്വറി നേടിയ യുവതാരം വൈഭവ് സൂര്യവംശിയുടെ കരുത്തിലാണ് ഇന്ത്യ മികച്ച ടോട്ടല്‍ നേടിയത്. 49 പന്തില്‍ എട്ട് ഫോറുകളും നാല് സിക്‌സുകളും അടക്കം 81 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്.
ഇഷാന്‍ കിഷന്‍ 29 റണ്‍സും ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 27 റണ്‍സും റിങ്കു സിങ് 25 റണ്‍സും നേടി ടീമിന് മികച്ച ടോട്ടല്‍ നല്‍കുന്നതില്‍ നിര്‍ണായകമായി.
മത്സരത്തില്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ നിരാശപ്പെടുത്തി. നാല് പന്തില്‍ രണ്ട് റണ്‍സ് നേടിയാണ് താരം മടങ്ങിയത്. ആദ്യം മത്സരത്തില്‍ ഒരു റണ്‍സും രണ്ടാം മത്സരത്തില്‍ എട്ട് റണ്‍സ് നേടിയാണ് അഭിഷേക് പുറത്തായത്. ഈ പരമ്പരയില്‍ മൂന്നു മത്സരങ്ങളില്‍ നിന്നും വെറും 11 റണ്‍സ് മാത്രമാണ് അഭിഷേകിന് നേടാനായത്.
ഇതോടെ മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയില്‍(ആദ്യ ഏഴ് ബാറ്റര്‍മാര്‍) ഏറ്റവും കുറവ് റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമായും അഭിഷേക് മാറി.
ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ മറികടന്നുകൊണ്ടാണ് ഈ മോശം പട്ടികയില്‍ അഭിഷേക് ഒന്നാമനായത്. 2019ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ടി-20 പരമ്പരയില്‍ 14 റണ്‍സായിരുന്നു ശ്രേയസ് നേടിയിരുന്നത്.
സിംബാബ്‌വേയുടെ ബൗളിങ്ങില്‍ ബ്രാഡ് ഇവാന്‍സ് രണ്ട് വിക്കറ്റും വെസ്ലി മധേവെരെ, ബ്ലെസ്സിങ് മുസറബാനി, ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.