fishermans-01ന്യൂദല്‍ഹി: നാല് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക അറസ്റ്റ് ചെയ്തു. നാവികസേനയാണ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് നാഗപട്ടണം സ്വദേശികളാണ് അറസ്റ്റിലായത്. അറസ്റ്റിലായ നാല് മത്സ്യത്തൊഴിലാളികളെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

 

മയക്കുമരുന്ന് കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന അഞ്ച് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക നേരത്തെ വിട്ടയച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടന്ന നയതന്ത്ര ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഇവരുടെ ശിക്ഷ റദ്ദാക്കിയിരുന്നത്. മോദി ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജപക്‌സെയുമായി ഫോണില്‍ നടത്തിയ ചര്‍ച്ചയില്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാനും തീരുമാനമായിരുന്നത്.

തമിഴ്‌നാട് രാമേശ്വരം സ്വദേശികളായ എമേഴ്‌സണ്‍, അഗസ്റ്റസ്, വില്‍സണ്‍, പ്രസാദ്, ലാംഗ്ലൈറ്റ് എന്നിവരെയാണ് മോചിപ്പിച്ചിരുന്നത്. 2011 ല്‍ ശ്രീലങ്കന്‍ നാവിക സേനയാണ് ഇവരെ അറസ്റ്റ് ചെയ്തിരുന്നത്. അഞ്ച് ഇന്ത്യക്കാര്‍ക്കും മൂന്ന് ശ്രീലങ്കക്കാര്‍ക്കുമാണ് കോടതി വധശിക്ഷ വിധിച്ചിരുന്നത്.

അതേസമയം പാകിസ്ഥാന്‍ തടവിലായിരുന്ന 40 ഇന്ത്യക്കാരെ വിട്ടയച്ചു. ഇതില്‍ 35 പേരും മത്സ്യത്തൊഴിലാളികളാണ്. കഴിഞ്ഞ ആഴ്ച 61 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ പാകിസ്ഥാനില്‍ അറസ്റ്റിലായിരുന്നു. 11 ബോട്ടുകളിലായി മത്സ്യ ബന്ധനം നടത്തുകയായിരുന്ന തൊഴിലാളികളെയാണ് പാകിസ്ഥാന്‍ അറസ്റ്റ് ചെയ്തിരുന്നത്. വിദേശ നിയമ പ്രകാരവും മത്സ്യ ബന്ധന നിയമപ്രകാരവുമാണ് മത്സ്യത്തൊഴിലാളികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇന്ത്യന്‍പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഇന്ത്യ സന്ദര്‍ശിക്കുന്നതിന്റെ മുന്നോടിയായി പാകിസ്ഥാന്‍ ജയിലിലായിരുന്ന 150 മത്സ്യത്തൊഴിലാളികളെ വിട്ടയക്കുകയും അവരുടെ ബോട്ടുകള്‍ വിട്ടുനല്‍കുകയും ചെയ്തിരുന്നു.