വെസ്റ്റ് ഇന്‍ഡീസും ഇന്ത്യയും തമ്മിലുള്ള മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ അവസാന മത്സരം പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്നിങ്‌സ് അവസാനിച്ചപ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സാണ് നേടിയത്.
ഇതോടെ ഒരു കിടിലന്‍ റെക്കോഡ് സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ 350+ ടോട്ടല്‍ നേടുന്ന ടീമാകാനാണ് ഇന്ത്യയ്ക്ക് സാധിച്ചത്. 45 തവണയാണ് ഇന്ത്യ 350+ ടോട്ടല്‍ നേടിയത്. സ്വന്തം റെക്കോഡ് തിരുത്തിയാണ് ഇന്ത്യ ഈ നേട്ടത്തില്‍ മുന്നേറിയത്. ഈ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തുള്ള സൗത്ത് ആഫ്രിക്ക 35 തവണയും മൂന്നാം സ്ഥനത്തുള്ള ഓസ്‌ട്രേലിയ 31 തവണയും നാലാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് 29 തവണയുമാണ് 350+ സ്‌കോര്‍ നേടിയത്.
ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് കെ.എല്‍. രാഹുലും രോഹിത് ശര്‍മയുമാണ്. മധ്യനിരയില്‍ നിന്ന് 87 പന്തില്‍ ആറ് സിക്‌സും 10 ഫോറും ഉള്‍പ്പെടെ പുറത്താകാതെ 129 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്. നേരിട്ട 80ാം പന്തിലായിരുന്നു രാഹുല്‍ തന്റെ ഒമ്പതാം ഏകദിന സെഞ്ച്വറി നേടിയത്.
അതേസമയം മത്സരത്തില്‍ രോഹിത് ശര്‍മയാണ് ഇന്ത്യന്‍ ബാറ്റിങ്ങിന് അടിത്തറ പാകിയത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും (ഒരു റണ്‍സ്) വിരാട് കോഹ്‌ലിയും (പൂജ്യം) പെട്ടന്ന് തന്നെ കൂടാരം കയറിയപ്പോള്‍ ക്രീസില്‍ പിടിച്ചുനിന്നാണ് രോഹിത് സ്‌കോര്‍ ഉയര്‍ത്തിയത്. 85 പന്തില്‍ നിന്ന് 10 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 92 റണ്‍സാണ് താരം നേടിയത്. ഋതുരാജ് ഗെയ്ക്വാദ് 96 പന്തില്‍ നിന്ന് 57 റണ്‍സ് നേടി. നമന്‍ ദിര്‍ 30 റണ്‍സും നേടിയിരുന്നു.
വിന്‍ഡീസിന് വേണ്ടി മൂന്ന് വിക്കറ്റ് നേടി ജെയ്ഡന്‍ സീല്‍സ് മിന്നും പ്രകടനം നടത്തി. കീമോ പോള്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഗുടകേഷ് മോട്ടി ഒരു വിക്കറ്റും നേടി. ഇന്ത്യന്‍ താരം അന്‍ഷുല്‍ കാംബോംജ് (17) റണ്‍ഔട്ടില്‍ കുരുങ്ങിയിരുന്നു.
നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 15 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സാണ് നേടിയത്. ക്രീസിലുള്ളത് ക്യാപ്റ്റന്‍ ഷായി ഹോപ്പും (50) അമീര്‍ ജാന്‍ഗോയുമാണ് (35). വിന്‍ഡീസ് ഓപ്പണര്‍ ജോണ്‍ കാംബെല്ലിനെ പുറത്താക്കി മുഹമ്മദ് സിറാജാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നേടിക്കൊടുത്തത്.
Content Highlight: Indian Cricket Team Achieve Great Record In ODI
