വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരയ്ക്ക് മുന്നോടിയായി കൗമാരതാരം വൈഭവ് സൂര്യവംശിയെ കുറിച്ച് ഇന്ത്യന്‍ ബൗളിങ് കോച്ച് മോണി മോര്‍ക്കല്‍.
വൈഭവ് സൂര്യവംശിയുടെ അസാമാന്യമായ കഴിവിനെ പ്രശംസിച്ച മോര്‍ക്കല്‍ പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചില്ലെങ്കില്‍ പോലും, അന്താരാഷ്ട്ര മത്സര പരിചയമുള്ള സീനിയര്‍ താരങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതും അവര്‍ക്കൊപ്പം പരിശീലിക്കുന്നതും വൈഭവിന്റെ ക്രിക്കറ്റ് വളര്‍ച്ചയ്ക്ക് വലിയ രീതിയില്‍ സഹായകരമാകുമെന്നും പറഞ്ഞു.

വൈഭവ് സൂര്യവംശി. Photo: BCCI/x.com
ഡ്രസ്സിങ് റൂമിലും ടീം ബസിലും ഒപ്പമുള്ളപ്പോള്‍, മത്സരങ്ങളെക്കുറിച്ച് കൂടുതല്‍ ചിന്തിപ്പിക്കാന്‍ സഹായിക്കുന്ന ചോദ്യങ്ങള്‍ താന്‍ വൈഭവിനോട് നിരന്തരം ചോദിക്കാറുണ്ടെന്നും മോര്‍ക്കല്‍ കൂട്ടിച്ചേര്‍ത്തു.
വിന്‍ഡീസിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വൈഭവിന്റെ കഴിവ് എന്താണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഈ നിലവാരത്തിലുള്ള അന്തരീക്ഷത്തില്‍, മികച്ച കളിക്കാര്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതും പരിശീലിക്കുന്നതും അവന്റെ ക്രിക്കറ്റ് വളര്‍ച്ചയ്ക്ക് ഏറെ ഗുണം ചെയ്യും.
അഥവാ കളിയില്‍ ഇലവനില്‍ അവസരം ലഭിച്ചില്ലെങ്കിലും, പരിചയസമ്പന്നരായ താരങ്ങള്‍ക്കൊപ്പം ഡ്രസ്സിങ് റൂമിലും ടീം ബസിലും ഹോട്ടലിലുമൊക്കെ ചിലവഴിക്കാന്‍ കഴിയുന്നത് വലിയൊരു അവസരമാണ്.

വൈഭവ് സൂര്യവംശി. Photo: BCCI/x.com
മുതിര്‍ന്ന താരങ്ങള്‍ എങ്ങനെയാണ് മത്സരങ്ങളെ സമീപിക്കുന്നതെന്നും അവരുടെ ഇന്നിങ്‌സ് എങ്ങനെ പടുത്തുയര്‍ത്തുന്നതെന്നും നേരിട്ട് കാണാന്‍ സാധിക്കും. ‘ഇന്ന് നീ എന്താണ് പഠിച്ചത്? ആ താരത്തിന്റെ ബാറ്റിങ്ങിനെക്കുറിച്ച് നിനക്ക് എന്താണ് തോന്നുന്നത്?’ എന്ന് ബസില്‍ വെച്ച് ഞാന്‍ അവനോട് സ്ഥിരമായി ചോദിക്കാറുണ്ട്. ഇത് അവനെ കൂടുതല്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു,’ മോര്‍ക്കല്‍ പറഞ്ഞു.
ഇക്കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ വി.വി.എസ്. ലക്ഷ്മണിന്റെ പരിശീലനത്തിന് കീഴില്‍ വൈഭവ് മികച്ച ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തത്. സെമി ഫൈനലില്‍ ശ്രീലങ്കയ്ക്കെതിരെ 21 പന്തുകളില്‍ നിന്ന് 38 റണ്‍സ് നേടിയ താരം, പാകിസ്താനെതിരായ ഫൈനലില്‍ ഒമ്പത് പന്തുകളില്‍ നിന്ന് 15 റണ്‍സും നേടിയിരുന്നു.
എന്നാല്‍, വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി-20യില്‍ ഏഷ്യന്‍ ഗെയിംസിലെ അതേ ടീം കോംബിനേഷന്‍ തന്നെ തുടരുമോ എന്ന കാര്യത്തില്‍ മോണി മോര്‍ക്കല്‍ വ്യക്തത നല്‍കിയില്ല.

വൈഭവ് സൂര്യവംശി. Photo: BCCI/x.com
നേരത്തെ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയ്ക്ക് ശേഷം ഹെഡ് കോച്ച് ഗൗതം ഗംഭീര്‍ വ്യക്തമാക്കിയത് പോലെ, മുതിര്‍ന്ന കളിക്കാര്‍ക്ക് മുന്‍ഗണന നല്‍കേണ്ടതിനാല്‍ വൈഭവിന് ഇലവനില്‍ ഇടം ലഭിക്കാന്‍ ചിലപ്പോള്‍ കാത്തിരിക്കേണ്ടി വന്നേക്കാം.
ഇതുവരെയായി എട്ട് ടി-20കളില്‍ ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയ വൈഭവ് സൂര്യവംശി, 186.36 സ്‌ട്രൈക് റേറ്റിലും 30.75 ശരാശരിയിലും 246 റണ്‍സ് നേടിയിട്ടുണ്ട്. രണ്ട് അര്‍ധ സെഞ്ച്വറികളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.
Content Highlight: Indian bowling coach Morne Morkal praises Vaibhav Sooryavanshi
