ഷഫാലിയുടെ കൊടുങ്കാറ്റില്‍ ബംഗ്ലാദേശ് ചാരം; വുമണ്‍സ് വേള്‍ഡ് കപ്പില്‍ വമ്പന്‍ കുതിപ്പുമായി ഇന്ത്യ
Cricket
ഷഫാലിയുടെ കൊടുങ്കാറ്റില്‍ ബംഗ്ലാദേശ് ചാരം; വുമണ്‍സ് വേള്‍ഡ് കപ്പില്‍ വമ്പന്‍ കുതിപ്പുമായി ഇന്ത്യ
ശ്രീരാഗ് പാറക്കല്‍
Thursday, 25th June 2026, 10:52 pm

ഐ.സി.സി വനിതാ ടി-20 ലോകകപ്പിലെ നിര്‍ണായക ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. ഓള്‍ഡ് ട്രഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 16.5 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍ ഷഫാലി വര്‍മയുടെ തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ ഇന്നിങ്‌സിന് കരുത്തുപകര്‍ന്നു. 34 പന്തില്‍ 53 റണ്‍സാണ് താരം നേടിയത്. നിര്‍ണായക ഘട്ടങ്ങളില്‍ ജമീമ റോഡ്രിഗസും നായിക ഹര്‍മന്‍പ്രീത് കൗറും നല്‍കിയ സംഭാവനകള്‍ ഇന്ത്യയുടെ ജയം എളുപ്പമാക്കി.

ജെമീമ 15 പന്തില്‍ 26 റണ്‍സും ഹര്‍മന്‍ 13* റണ്‍സും നേടി. യാസ്തിക ബാട്ടിയ 23 റണ്‍സും നേടിയിരുന്നു. മത്സരത്തിലെ മികച്ച പ്രകടനത്തിന് ഷഫാലി വര്‍മ പ്ലെയര്‍ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കപ്പെട്ടു.

ബംഗ്ലാദേശിന് വേണ്ടി ജുഅയ്‌റിയ ഫെര്‍ദൗസ് 31 റണ്‍സ് നേടിയപ്പോള്‍ നിഗര്‍ സുല്‍ത്താന്‍ 32 റണ്‍സും ശോഭന മൊസ്താരി 22 റണ്‍സും നേടി.

ഈ വിജയത്തോടെ ടൂര്‍ണമെന്റിലെ നോക്കൗട്ട് സാധ്യതകള്‍ ഇന്ത്യ കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തിലെ ശേഷിക്കുന്ന മത്സരങ്ങളിലും മികച്ച പ്രകടനം തുടര്‍ന്നാല്‍ സെമിഫൈനല്‍ ബെര്‍ത്ത് ഉറപ്പാക്കാന്‍ ഇന്ത്യന്‍ വനിതകള്‍ക്ക് സാധിക്കും.

Content Highlight: India Womens Won Against Bangladesh Womens

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ