പൂജാരയ്ക്ക് സെഞ്ച്വറി, രോഹിതിന് അര്‍ധസെഞ്ച്വറി; സന്നാഹ മത്സരത്തിലെ ആദ്യദിനം ഇന്ത്യ 297/5
Cricket
പൂജാരയ്ക്ക് സെഞ്ച്വറി, രോഹിതിന് അര്‍ധസെഞ്ച്വറി; സന്നാഹ മത്സരത്തിലെ ആദ്യദിനം ഇന്ത്യ 297/5
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 18th August 2019, 11:20 am

വെസ്റ്റ് ഇന്‍ഡീസ് എ ടീമിനെതിരെ സന്നാഹമത്സരത്തിനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യദിനം ഭേദപ്പെട്ട തുടക്കം. ചേതേശ്വര്‍ പൂജാരയുടെ സെഞ്ച്വറിയും രോഹിത് ശര്‍മ്മയുടെ അര്‍ധസെഞ്ച്വറിയും ഇന്ത്യയെ ആദ്യ ദിനം അഞ്ചിന് 297 എന്ന നിലയിലെത്തിച്ചു.

വിരാട് കോഹ്‌ലിയുടെ അഭാവത്തില്‍ ഉപനായകന്‍ അജിങ്ക്യ രഹാനെയാണ് ടീമിനെ നയിച്ചത്. ടോസ് നേടിയ രഹാനെ ആദ്യം ബാറ്റിംഗിനിറങ്ങാനാണ് തീരുമാനിച്ചത്.

മയാങ്ക് അഗര്‍വാളാണ് കെ.എല്‍ രാഹുലിനൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. അഞ്ച് ഫോറും ഒരു സിക്‌സുമായി രാഹുല്‍ മികച്ച തുടക്കം നല്‍കാന്‍ ശ്രമിച്ചെങ്കിലും മറുവശത്ത് മയാങ്ക് പരാജയപ്പെട്ടു. 13-ാം ഓവറില്‍ രാഹുലും വീണു.

പൂജാരയ്ക്ക് കൂട്ടായി വന്ന നായകന്‍ രഹാനെയ്ക്കും തിളങ്ങാനായില്ല. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന രോഹിത്-പൂജാര സഖ്യം കരീബിയന്‍ ആക്രമണത്തെ ചെറുത്തുനിന്നതോടെ കളി ഇന്ത്യയുടെ വരുതിയിലായി.

187 പന്തില്‍ 100 റണ്‍സെടുത്ത പൂജാര റിട്ടയേര്‍ട്ട് ഹര്‍ട്ടായി മടങ്ങി. രോഹിത് 115 പന്തില്‍ 68 റണ്‍സെടുത്തു. ഇരുവരും പുറത്തായതിന് ശേഷം ക്രീസിലെത്തിയ ഹനുമ വിഹാരിയും (37*) റിഷഭ് പന്തുമാണ് (33) ടീം ടോട്ടല്‍ 300 നടുത്തെത്തിച്ചത്.

വെസ്റ്റ് ഇന്‍ഡീസ് എ ടീമിനായി ജൊനാഥന്‍ കാര്‍ട്ടര്‍ മൂന്ന് വിക്കറ്റെടുത്തു.

ആഗസ്റ്റ് 22 നാണ് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ആദ്യ ടെസ്റ്റ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആദ്യമത്സരമാണിത്.

WATCH THIS VIDEO: