ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ത്രിദിന സന്നാഹ ടെസ്റ്റ് മത്സരത്തിലെ രണ്ടാം ദിനം അവസാനിച്ചിരിക്കുകയാണ്. ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിലവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സാണ് നേടിയത്. ആദ്യ ഇന്നിങ്‌സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 363 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു ശ്രീലങ്ക.
ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്തി ക്രീസില്‍ തുടരുന്നത് മലയാളി താരം ദേവ്ദത്ത് പടിക്കലാണ്. 164 പന്തില്‍ 142 റണ്‍സാണ് താരം നേടിയത്. 18 ഫോറുകളാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. സെഞ്ച്വറി നേടിയതിന് പിന്നാലെ താരം റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു. പിന്നീട് ക്രീസിലേക്ക് തിരിച്ചെത്തുകയായിരുന്നു താരം.
പടിക്കലിന് പിന്നാലെ 117 പന്തില്‍ ഏഴ് ഫോര്‍ ഉള്‍പ്പെടെ 63 റണ്‍സ് നേടി ക്ലാസിക് പ്ലേയാണ് രവീന്ദ്ര ജഡേജ നടത്തിയത്. മറ്റ് താരങ്ങള്‍ക്കും അവസരം കൊടുക്കാനായി റിട്ടയേഡ് ഹര്‍ട്ടായാണ് താരം മടങ്ങിയത്.
ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍ 67 പന്തില്‍ 40 റണ്‍സ് നേടി മടങ്ങി. അഞ്ച് ഫോറുകളും ഒരു സിക്സുമാണ് രാഹുല്‍ സ്വന്തമാക്കിയത്. നിലവില്‍ ക്രീസിലുള്ള ഗുര്‍ണാര്‍ ബ്രാര്‍ 18 പന്തില്‍ നാല് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 36 റണ്‍സ് നേടിയിട്ടുണ്ട്.
ലങ്കയ്ക്ക് വേണ്ടി രമേശ് മെന്‍ഡിസ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ വിശ്വ ഫെര്‍ണാണ്ടോ, കേശര നുവന്ത എന്നിവര്‍ ഓരോ വിക്കറ്റും നേടി.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 363 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് സൂപ്പര്‍ താരം രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും മാനവ് സുതറുമാണ്. മൂവരും രണ്ട് വിക്കറ്റ് വീതമാണ് നേടിയത്. ഗുര്‍ണൂര്‍ ഒരു വിക്കറ്റും നേടി തിളങ്ങി.
ശ്രീലങ്കയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ഓപ്പണര്‍ രാവിന്ദു രാഷന്തയാണ്. 143 പന്തില്‍ 71 റണ്‍സാണ് താരം നേടിയത്. ഓപ്പണര്‍ നിഷാന്‍ മധുഷ്‌ക 65 പന്തില്‍ 66 റണ്‍സും നേടി. സോനല്‍ ദിനുഷ 72 പന്തില്‍ 52 റണ്‍സും സ്വന്തമാക്കി.