സിംബാബ്‌വേക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പര തൂത്തുവാരി ഇന്ത്യ. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന അവസാന മത്സരത്തില്‍ 35 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വേ ഇന്നിങ്സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സില്‍ അവസാനിച്ചു.
പുതിയ നായകന്‍ ശ്രേയസ് അയ്യരുടെ കീഴിലുള്ള ഇന്ത്യയുടെ ആദ്യ പരമ്പര വിജയമാണിത്. അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്കെതിരെയുള്ള പരമ്പര ശ്രേയസിന്റെ കീഴില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. എന്നാല്‍ മൂന്നാം പരമ്പരയില്‍ ഇന്ത്യ അയ്യരുടെ കീഴില്‍ വിജയം കൈവരിച്ചിരിക്കുകയാണ്.
ഇന്ത്യന്‍ ബൗളിങില്‍ മായങ്ക് യാദവ് മൂന്ന് വിക്കറ്റും യാഷ് ഠാക്കൂര്‍ രണ്ട് വിക്കറ്റും നേടി മിന്നും പ്രകടനം നടത്തി. അശോക് ശര്‍മ, രവി ബിഷ്‌ണോയ് എന്നിവര്‍ ഓരോ വിക്കറ്റും നേടി മികച്ചു നിന്നു.
അര്‍ധ സെഞ്ച്വറി നേടിയ യുവതാരം വൈഭവ് സൂര്യവംശിയുടെ കരുത്തിലാണ് ഇന്ത്യ മികച്ച ടോട്ടല്‍ നേടിയത്. 49 പന്തില്‍ എട്ട് ഫോറുകളും നാല് സിക്‌സുകളും അടക്കം 81 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്.
ഇഷാന്‍ കിഷന്‍ 29 റണ്‍സും ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 27 റണ്‍സും റിങ്കു സിങ് 25 റണ്‍സും നേടി ടീമിന് മികച്ച ടോട്ടല്‍ നല്‍കുന്നതില്‍ നിര്‍ണായകമായി.
മറുഭാഗത്ത് സിംബാബ്‌വേക്കായി റയാന്‍ ബര്‍ള്‍ അര്‍ധ സെഞ്ച്വറി നേടി പൊരുതി. 43 പന്തില്‍ പുറത്താവാതെ 54 റണ്‍സാണ് താരം സ്വന്തമാക്കിയത്. വെസ്ലി മധേവെരെ 28 റണ്‍സും ബെന്‍ കറന്‍ 20 റണ്‍സും നേടി.
സിംബാബ്‌വേയുടെ ബൗളിങ്ങില്‍ ബ്രാഡ് ഇവാന്‍സ് രണ്ട് വിക്കറ്റും വെസ്ലി മധേവെരെ, ബ്ലെസ്സിങ് മുസറബാനി, ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
Content Highlight: India sweep three-match T20 series against Zimbabwe