വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് ഒരുങ്ങുകയാണ് ഇന്ത്യ. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യമത്സരത്തിന് സാക്ഷ്യം വഹിക്കുന്നത് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയമാണ്. ഇന്ത്യൻ ഇതിഹാസങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശർമയും ഒന്നിക്കുന്നു എന്നുള്ള പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.

2023 ൽ ശ്രീലങ്കക്കെതിരായ മത്സരത്തിലായിരുന്നു തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയായത്. മാത്രമല്ല മത്സരത്തിൽ ഇന്ത്യൻ ബാറ്റർമാർ അഴിഞ്ഞാടിയപ്പോൾ പിറന്നത് ചരിത്രമായിരുന്നു. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ രോഹിത് ശർമയുടെ വിക്കറ്റ് നഷ്ടമായെങ്കിലും ശുഭ്മൻ ഗില്ലും വിരാട് കോഹ്‌ലിയും ചേർന്ന് ഇന്നിങ്സിന് ശക്തമായ അടിത്തറ പാകി.

ഗിൽ 97 പന്തിൽ 116 റൺസ് നേടി ഏകദിനത്തിലെ തന്റെ രണ്ടാം സെഞ്ച്വറി കുറിച്ചപ്പോൾ ഗില്ലിനുകൂട്ടായി കോഹ്‌ലിയും 110 പന്തിൽ പുറത്താകാതെ 166 റൺസുമായി തകർപ്പൻ പ്രകടനം പുറത്തെടുത്ത് മറ്റൊരു സെഞ്ച്വറി നേട്ടവും കൂട്ടിച്ചേർത്തു. കോഹ്‌ലിയുടെ ഇന്നിങ്സിൽ 13 ഫോറുകളും എട്ട് സിക്സുകളും ഉൾപ്പെട്ടിരുന്നു. ഇരുവരുടെയും മികച്ച ബാറ്റിങ്ങിന്റെ മികവിൽ ഇന്ത്യ 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 390 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി.

 

 

വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. തുടക്കം മുതൽ വിക്കറ്റുകൾ നഷ്ടമായ ലങ്കൻ നിര വെറും 73 റൺസിൽ ഒതുങ്ങി. മുഹമ്മദ് സിറാജ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ, ഇന്ത്യൻ ബൗളിങ് ആക്രമണം ശ്രീലങ്കൻ ബാറ്റിങ് നിരയെ പൂർണമായും തകർത്തു.

സമ്പൂർണ ആധിപത്യം പുലർത്തികൊണ്ട് 317 റൺസിന്റെ വമ്പൻ ജയം സ്വന്തമാക്കിയതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3–0ന് തൂത്തുവാരി.

ഇതോടെ ഒരു പുരുഷ ഏകദിനത്തിൽ 300 റൺസിന് മുകളിൽ വിജയിക്കുന്ന രണ്ടാമത്തെ ടീമെന്ന റെക്കോഡും ഇന്ത്യ കൈപിടിയിലാക്കി. അതുകൊണ്ടുതന്നെ തിരുവനന്തപുരം ഗ്രീൻഫീൽഡിൽ നടന്ന ഈ മത്സരം ഇന്ത്യൻ ഏകദിന ചരിത്രത്തിലെ ഒരു റെക്കോർഡ് വിജയമായി ഇന്നും ഓർമിക്കപ്പെടുന്നു.

ശുഭ്മന്‍ ഗില്ലും വിരാട് കോഹ്‌ലിയും

മൂന്ന് വർഷത്തിനുശേഷം ഇന്ത്യ വീണ്ടും ഗ്രീൻഫീൽഡിലേക്ക് എത്തുമ്പോൾ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിലും ചരിത്രവിജയം ആവർത്തിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

സെപ്റ്റംബര്‍ 27 ന് ആരംഭിക്കുന്ന പരമ്പരയിലെ ആദ്യ മത്സരം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് നടക്കുന്നത്. രണ്ടാം മത്സരം സെപ്റ്റംബര്‍ 30ന് ഗുവാഹത്തിയിലെ ബര്‍സാപാര ക്രിക്കറ്റ് സ്റ്റേഡിയത്തിലും, മൂന്നാം മത്സരം ഒക്ടോബര്‍ 3 ന് ന്യൂ ചണ്ഡീഗഢ് മഹാരാജ യാദവീന്ദ്ര സിങ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലും നടക്കും.

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ഋതുരാജ് ഗെയ്ക്വാദ്, കെ.എല്‍. രാഹുല്‍, ധ്രുവ് ജുറേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, മുഹമ്മദ് സിറാജ്, ആഖിബ് നബി, യശസ്വി ജെയ്‌സ്വാള്‍, നമന്‍ ധീര്‍.

Content Highlights: India is gearing up for the ODI series against West Indies. The first match of the three-match series will be played at the Karyavattom Greenfield Stadium in Thiruvananthapuram