മലയാളിയുടെ സെഞ്ച്വറി കരുത്തില്‍ ഇന്ത്യ ഫൈനലില്‍; അവസാന അങ്കത്തില്‍ എതിരാളി ഇംഗ്ലണ്ട്
Cricket
മലയാളിയുടെ സെഞ്ച്വറി കരുത്തില്‍ ഇന്ത്യ ഫൈനലില്‍; അവസാന അങ്കത്തില്‍ എതിരാളി ഇംഗ്ലണ്ട്
ശ്രീരാഗ് പാറക്കല്‍
Wednesday, 4th February 2026, 8:27 pm

അണ്ടര്‍ 19 ഏകദിന ലോകകപ്പിലെ രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍. ഇതോടെ ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനെയാണ് നേരിടുക.

ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന് വിജയിച്ചാണ് ഇന്ത്യ ഫൈനല്‍ ടിക്കറ്റ് എടുത്തത്.

മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാന്‍ പട ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് നാല് വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സാണ് ടീം സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സ് നേടിയാണ് ഇന്ത്യ മത്സരം ഫിനിഷ് ചെയ്തത്.

മലയാളി സൂപ്പര്‍ താരം ആരോണ്‍ ജോര്‍ജിന്റെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ അഫ്ഗാന്‍ സിംഹങ്ങളെ മലര്‍ത്തിയടിച്ചത്. ഓപ്പണറായി ഇറങ്ങിയ ആരോണ്‍ 104 പന്തില്‍ 15 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 115 റണ്‍സ് നേടിയാണ് മടങ്ങിയത്. വെടിക്കെട്ട് ബാറ്റര്‍ വൈഭവ് സൂര്യവംശി 33 പന്തില്‍ നാല് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെ 68 റണ്‍സ് നേടി ടീമിന് മിന്നും തുടക്കം നല്‍കിയാണ് മടങ്ങിയത്.

ക്യാപ്റ്റന്‍ ആയുഷ് മാഹ്‌ത്രെ 59 പന്തില്‍ 62 റണ്‍സും നേടിയിരുന്നു. വിഹാന്‍ മല്‍ഹോത്ര 38 റണ്‍സ് നേടി പുറത്താകാതെ ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. അഫ്ഗാനി വേണ്ടി നൂറിസ്ഥാനി ഒമര്‍സായി രണ്ട് വിക്കറ്റും വഹീദുള്ള സദ്രാന്‍ ഒരു വിക്കറ്റും നേടി.

അഫ്ഗാനിസ്ഥാന് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് വണ്‍ ഡൗണ്‍ ബാറ്റര്‍ ഫൈസല്‍ ഖാനും നാലാമനായി ഇറങ്ങിയ ഉസൈറുള്ള നിയാസായുമാണ്. ഇരുവരും തകര്‍പ്പന്‍ സെഞ്ച്വറിയടിച്ചാണ് ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്.

ഫൈസല്‍ 93 പന്തില്‍ നിന്ന് 15 ഫോര്‍ ഉള്‍പ്പെടെ 110 റണ്‍സ് നേടിയാണ് മടങ്ങിയത്. ഇത് താരത്തിന്റെ ബാക് ടു ബാക് സെഞ്ച്വറിയാണ്. കഴിഞ്ഞ മത്സരത്തില്‍ അയര്‍ലാന്‍ഡിനെതിരെ 163 റണ്‍സ് നേടിയ വമ്പന്‍ പ്രകടനം താരം കാഴ്ചവെച്ചിരുന്നു.

അതേസമയം ഉസൈറുള്ള 86 പന്തില്‍ നിന്ന് രണ്ട് സിക്‌സും 12 ഫോറും ഉള്‍പ്പെടെ 101 റണ്‍സ് നേടി ഇന്ത്യയെ പ്രതിരോധത്തിലാക്കിയിരുന്നു. അഫ്ഗാന് വേണ്ടി ഓപ്പണര്‍ ഒസ്മാന്‍ സാദത് 39 റണ്‍സ് നേടിയാണ് മടങ്ങിയത്. മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ദീപേഷ് ദേവേന്ദ്രന്‍, കനിഷ്‌ക് ചൗഹാന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ ടീമിന് നേടിക്കൊടുത്തു.

Content Highlight: India Into The U19 World Cup Final

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ