pakisthan-cricket-2

ന്യൂദല്‍ഹി: ശനിയാഴ്ച കൊല്‍ക്കത്തയില്‍ നടക്കുന്ന ഇന്ത്യാ-പാക് മത്സരം കാണാനായി വിസയ്ക്ക് അപേക്ഷിച്ച അഞ്ച് പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യ വിസ നിഷേധിച്ചു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. അതേ സമയം രണ്ട് ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യയിലെത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. പാക് ഇന്റലിജന്‍സ് ഏജന്‍സിയായ ഐ.എസ്.ഐയുമായി ബന്ധം ഉണ്ടെന്നതിനാലാണ് ഉദ്യോഗസ്ഥര്‍ക്ക് വിസ നിഷേധിച്ചത്. പാക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിതിനും കൊല്‍ക്കത്തയിലേക്ക് പോകാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് പാകിസ്ഥാന്‍ ആരോപിച്ചു.

അതേ സമയം ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിക്കാനാണ് പാകിസ്ഥാന്റെ നീക്കം. ശനിയാഴ്ചയിലെ മത്സരം കാണുന്നതിനായി നൂറോളം പാക് പൗരന്‍മാര്‍ക്ക് മാത്രമാണ് വിസ അനുവദിച്ചതെന്നാണ് സൂചന.

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനിലാണ് പാകിസ്ഥാന്റെ ആദ്യ രണ്ടു മത്സരങ്ങളും നടക്കുന്നത്. ഏറെ നാളത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പാകിസ്ഥാന്‍ ഇന്ത്യയില്‍ കളിക്കാനെത്തിയത്.