ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 223 റണ്‍സിന് പുറത്തായി ആതിഥേയര്‍. ഇന്‍ഡോറിലെ ഹോല്‍കര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അഭിഷേക് ശര്‍മയുടെ ഇന്നിങ്‌സിലാണ് മികച്ച സ്‌കോറിലെത്തിയത്.

ഇന്നിങ്‌സിലെ അവസാന പന്തില്‍ മായങ്ക് യാദവിനെ പുറത്താക്കി ഷമര്‍ ജോസഫ് ഇന്ത്യയെ ഓള്‍ഔട്ടാക്കുകയായിരുന്നു. അന്താരാഷ്ട്ര ടി-20യില്‍ ഇത് 19ാം തവണയാണ് ഇന്ത്യ പുറത്താകുന്നത്.

ടി-20യില്‍ ഓള്‍ഔട്ടായ മത്സരത്തില്‍ ഇന്ത്യയുടെ ഇന്ത്യയുടെ ഉയര്‍ന്ന സ്‌കോര്‍ കൂടിയാണിത്.

അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവും കുറവ് തവണ പുറത്തായ ടീമാണ് ഇന്ത്യ. ഈ മത്സരത്തിലേതടക്കം 19 തവണ മാത്രമാണ് ഇന്ത്യയുടെ പത്ത് വിക്കറ്റുകളും വീഴ്ത്താന്‍ എതിരാളികള്‍ക്ക് സാധിച്ചത്.

ടി-20ഐയില്‍ ഏറ്റവുമധികം തവണ ഓള്‍ഔട്ടായ ടീം

(ടീം – എത്ര തവണ എന്നീ ക്രമത്തില്‍)

ശ്രീലങ്ക – 56

ബംഗ്ലാദേശ് – 50

ന്യൂസിലാന്‍ഡ് – 45

സിംബാബ്‌വേ – 44

പാകിസ്ഥാന്‍ – 42

വെസ്റ്റ് ഇന്‍ഡീസ് – 37

ഓസ്‌ട്രേലിയ – 33

ഇംഗ്ലണ്ട് – 31

അഫ്ഗാനിസ്ഥാന്‍ – 26

സൗത്ത് ആഫ്രിക്ക – 25

ഇന്ത്യ – 19*

 

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം പാളിയിരുന്നു. കഴിഞ്ഞ മത്സരത്തില്‍ തകര്‍ത്തടിച്ച സഞ്ജു സാംസണ്‍ ആറ് പന്തില്‍ മൂന്ന് റണ്‍സ് മാത്രം നേടി തിരിച്ചുനടന്നു.

എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഇഷാന്‍ കിഷനെ ഒപ്പം കൂട്ടി അഭിഷേക് ശര്‍മ തകര്‍ത്തടിച്ചു. സെഞ്ച്വറി കൂട്ടുകെട്ടുമായാണ് ഇരുവരും ഇന്ത്യന്‍ ഇന്നിങ്‌സിന് അടിത്തറയൊരുക്കിയത്.

ടീം സ്‌കോര്‍ 115ല്‍ നില്‍ക്കവെ ഇഷാന്‍ കിഷനെ പുറത്താക്കി റോസ്റ്റണ്‍ ചെയ്‌സാണ് കൂട്ടുകെട്ട് പൊളിച്ചത്. 18 പന്തില്‍ 37 റണ്‍സാണ് ഇഷാന്‍ നേടിയത്. അതേ ഓവറില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ ഒരു റണ്ണിനും പുറത്താക്കി റോസ്റ്റണ്‍ ചെയ്‌സ് ഇരട്ട പ്രഹരം സമ്മാനിച്ചു.

പത്താം ഓവറില്‍ അഭിഷേകിനെ റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കി ഷമര്‍ സ്പ്രിംഗര്‍ വിന്‍ഡീസിന് ബ്രേക്ത്രൂ സമ്മാനിച്ചു. 30 പന്തില്‍ അഞ്ച് സിക്‌സറും ആറ് ഫോറും അടക്കം 69 റണ്‍സാണ് താരം നേടിയത്.

പിന്നാലെയെത്തിയവരില്‍ തിലക് വര്‍മ (16 പന്തില്‍ 28), നിതീഷ് കുമാര്‍ റെഡ്ഡി (14 പന്തില്‍ 21), അക്‌സര്‍ പട്ടേല്‍ (14 പന്തില്‍ 20) എന്നിവരുടെ ഇന്നിങ്‌സ് ഇന്ത്യയെ 223ലെത്തിച്ചു.

വെസ്റ്റ് ഇന്‍ഡീസിനായി റോസ്റ്റണ്‍ ചെയ്സ്, ഷമര്‍ സ്പ്രിംഗര്‍, ഷമര്‍ ജോസഫ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഗുഡാകേഷ് മോട്ടിയും കീമോ പോളും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സ് എന്ന നിലയിലാണ്.

 

Content Highlight: India bowled out for the 19th time in T20Is.