വാടകയടക്കാനുള്ള പണത്തിന് വേണ്ടി ഗെയിം സ്ട്രീമറായി, ഇന്ന് മാര്‍വല്‍ സിനിമയിലെ ഐക്കോണിക് സൂപ്പര്‍ഹീറോ.... ഇന്‍ഡെ നവരറ്റെ കൊലമാസാണ്
World Cinema
വാടകയടക്കാനുള്ള പണത്തിന് വേണ്ടി ഗെയിം സ്ട്രീമറായി, ഇന്ന് മാര്‍വല്‍ സിനിമയിലെ ഐക്കോണിക് സൂപ്പര്‍ഹീറോ.... ഇന്‍ഡെ നവരറ്റെ കൊലമാസാണ്
അമര്‍നാഥ് എം.
Monday, 17th August 2026, 6:35 pm

പഠിക്കുന്ന സമയത്ത് വീട്ടുവാടകയടക്കാന്‍ പണമില്ലാതെ വന്ന ഒരു 22 കാരി പെണ്‍കുട്ടി ഗെയിം സ്ട്രീമിങ്ങിലൂടെ പണം സമ്പാദിച്ച് തുടങ്ങുന്നു. സ്ട്രീമിങ് ലോകത്ത് വളരെവേഗത്തില്‍ ഒരു ഐഡന്റിറ്റിയുണ്ടാക്കിയ അവളുടെ ആഗ്രഹം സിനിമയായിരുന്നു. ഹൈസ്‌കൂള്‍ പഠനകാലത്ത് സുഹൃത്തുക്കളോടൊപ്പം ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്ത ആ പെണ്‍കുട്ടിയുടെ കരിയര്‍ മാറ്റിമറിച്ചത് ഒരു കൊച്ച് സിനിമയാണ്.

വെറും ഏഴരലക്ഷം ഡോളറിന് അണിയിച്ചൊരുക്കിയ ആ സിനിമ ലോകമെമ്പാടും ചര്‍ച്ചയായി. ബോക്‌സ് ഓഫീസ് വിജയത്തിനൊപ്പം ആ നടിയുടെ പ്രകടനം സിനിമാപ്രേമികളെ അത്ഭുതപ്പെടുത്തുകയും ചെയ്തു. ഇന്‍ഡെ നവരറ്റെ എന്ന പെണ്‍കുട്ടി ഇന്ന് സിനിമാലോകത്തെ ഏറ്റവും വലിയ സെന്‍സേഷനായി മാറിക്കഴിഞ്ഞു. ഒബ്‌സഷന്‍ എന്ന സിനിമ കണ്ടവരാരും ഇന്‍ഡെയെ മറക്കാന്‍ സാധ്യതയില്ല.

ഇപ്പോഴിതാ ലോകമെമ്പാടും ആരാധകരുള്ള മാര്‍വല്‍ ഫ്രാഞ്ചൈസിയുടെ ഭാഗമായിരിക്കുകയാണ് ഈ 25കാരി. എക്‌സ് മെന്‍ റീബൂട്ട് വേര്‍ഷനിലെ പ്രധാന താരങ്ങളുടെ ലിസ്റ്റ് കഴിഞ്ഞദിവസമാണ് മാര്‍വല്‍ പുറത്തുവിട്ടത്. പുതിയ എക്‌സ് മെന്‍ ടീമിലെ റോഗ്/ അന്നാ മേരിയായി വേഷമിടുന്നത് ഇന്‍ഡെ നവരറ്റെയാണെന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച.

പുതിയ താരങ്ങളുമായി എക്‌സ് മെന്‍ റീബൂട്ട് ചെയ്യുമ്പോള്‍ ആരാധകര്‍ ആവേശത്തിലാണ്. ജീന്‍ ഗ്രേയായി സാഡി സിങ്ക് എത്തുമ്പോള്‍ കിറ്റ് കോണറാണ് സൈക്ലോപ്‌സിനെ അവതരിപ്പിക്കുന്നത്. ക്രിസ്റ്റഫര്‍ ആബോട്ട് (പ്രൊഫസര്‍ എക്‌സ്), മായാ ബോയ്ഡ് (സ്‌റ്റോം), സമാര വീവിങ് (എമ്മ ഫോസ്റ്റ്) എന്നിവരാണ് മറ്റ് താരങ്ങള്‍. 2028ലാകും പുതിയ എക്‌സ് മെന്‍ പ്രേക്ഷകരിലേക്കെത്തുക.

സിനിമ സ്വപ്‌നം കണ്ട് നടക്കുന്ന ഏതൊരാള്‍ക്കും പ്രചോദനമാണ് ഇന്‍ഡെ നവരറ്റെയെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. ഒബ്‌സഷന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ഇന്‍ഡെക്ക് ലഭിച്ചത് വെറും 20000 ഡോളറാണ്. എന്നാല്‍ ഈയൊരു സിനിമക്ക് ശേഷം താരത്തിന്റെ കരിയര്‍ മാറിമറിയുകയായിരുന്നു. മികച്ച നടിയായി ഞെട്ടിച്ച ഇന്‍ഡെ ഇനി സൂപ്പര്‍ഹീറോ മോഡിലേക്ക് മാറുമ്പോള്‍ സിനിമാപ്രേമികളും പ്രതീക്ഷയിലാണ്.

ഒബ്‌സെഷനിലെ നിക്കിയായി പകരം വെക്കാനില്ലാത്ത പ്രകടനമാണ് ഇന്‍ഡെ നവരറ്റെ കാഴ്ചവെച്ചത്. ഇഷ്ടമല്ലാത്ത ആളെ പ്രണയിക്കേണ്ടി വരുന്ന അവസ്ഥ താരം പകര്‍ന്നാടിയത് പലരെയും അത്ഭുതപ്പെടുത്തി. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ അടുത്തവര്‍ഷത്തെ ഓസ്‌കര്‍ അവാര്‍ഡ് ഇന്‍ഡെയ്ക്കാകുമെന്നാണ് പലരുടെയും പ്രവചനം.

Content Highlight: Inde Navaratte casted as Rogue in Marvel’s new X Men Movie

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം