സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ടീമിലെത്തിച്ചാണ് സൗദി ക്ലബ്ബായ അല്‍ നസര്‍ തങ്ങളുടെ കരുത്ത് വര്‍ധിപ്പിച്ചത്. നഷ്ടപ്പെട്ട സാമ്രാജ്യം പിടിച്ചടക്കാന്‍ തന്നെയാണ് തങ്ങള്‍ ഒരുങ്ങുന്നത് എന്ന് എതിരാളികള്‍ക്ക് കൃത്യമായ മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് അല്‍ നസര്‍ ചര്‍ച്ചയാകുന്നത്.

രണ്ട് വര്‍ഷത്തേക്കാണ് റൊണാള്‍ഡോ ക്ലബ്ബുമായി കരാറിലേര്‍പ്പെട്ടിരിക്കുന്നത്. ഇതാദ്യമായാണ് യൂറോപ്പിന് പുറത്തേക്ക് റൊണോ കാല്‍വെപ്പ് നടത്തുന്നത്.

പോര്‍ച്ചുഗലിലെ സ്‌പോര്‍ട്ടിങ് സി.പിയില്‍ കളിച്ചുതുടങ്ങിയ റൊണാള്‍ഡോ 2003 മാഞ്ചസ്റ്ററിലേക്ക് കളിത്തട്ടകം മാറ്റുകയായിരുന്നു. അലക്‌സ് ഫെര്‍ഗൂസന്‍ എന്ന ലെജന്‍ഡിന് കീഴില്‍ റൊണാള്‍ഡോ വിശ്വം ജയിക്കാനായി സ്വയം പാകപ്പെടുത്തിയെടുക്കുകയായിരുന്നു. ശേഷം സ്‌പെയ്‌നിലേക്ക് കാലെടുത്തുവെച്ച താരം റയല്‍ മാഡ്രിഡിനെ പലകുറി ചാമ്പ്യന്‍മാരാക്കി. തുടര്‍ന്ന് ഇറ്റലിയില്‍ യുവന്റസിനൊപ്പവും താരം ജൈത്രയാത്ര തുടര്‍ന്നു.

യൂറോപ്പില്‍ സകലതും നേടിക്കഴിഞ്ഞ ശേഷമാണ് റൊണാള്‍ഡോ ഏഷ്യന്‍ ഫുട്‌ബോളിലേക്ക് കാലെടുത്ത് വെക്കുന്നത്. താരത്തിന്റെ വരവ് അല്‍ നസറിന് മാത്രമല്ല, ഏഷ്യന്‍ ഫുട്‌ബോളിന് തന്നെ നല്‍കുന്ന ഡ്രൈവിങ് ഫോഴ്‌സ് വളരെ വലുതായിരിക്കും.

എന്നാല്‍ റൊണാള്‍ഡോ ടീമിലെത്തിയതിന് പിന്നാലെ അല്‍ നസര്‍ ഒന്നാകെ അന്തം വിട്ടിരിക്കുകയാണ്. താരം ടീമിലെത്തിയതിന് പിന്നാലെ തങ്ങള്‍ക്ക് കിട്ടുന്ന പിന്തുണ തന്നെയാണ് അല്‍ നസറിനെ ഞെട്ടിച്ചിരിക്കുന്നത്.

റൊണാള്‍ഡോ ടീമിലെത്തുന്നതിന് മുമ്പ് എട്ട് ലക്ഷം പേര്‍ മാത്രമായിരുന്നു ക്ലബ്ബിനെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടര്‍ന്നിരുന്നത്. എന്നാല്‍ റൊണാള്‍ഡോ ടീമില്‍ സൈന്‍ ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ 3.1 മില്യണ്‍ ആളുകളാണ് അല്‍ നസറിനെ പിന്തുടരുന്നത്. ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ ഭീമമായ വര്‍ധനവ് ഇപ്പോഴും തുടരുകയാണ്.

 

നേരത്തെ ടീം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പല പോസ്റ്റുകള്‍ക്കും ഒരു ലക്ഷത്തില്‍ താഴെ മാത്രമാണ് ലൈക്കുകള്‍ ഉള്ളത്. മൂന്നേ കാല്‍ ലക്ഷം പേര്‍ ലൈക്ക് ചെയ്ത ഒരു പോസ്റ്റിനായിരുന്നു ഏറ്റവുമധികം ഇന്ററാക്ഷന്‍സ് ഉണ്ടായിട്ടുള്ളത്.

എന്നാല്‍ റൊണാള്‍ഡോയെ ടീമിലെത്തിച്ചതായി ആരാധകരെ അറിയിച്ചുകൊണ്ടുള്ള പോസ്റ്റിന് ഇതിനോടകം തന്നെ 22 മില്യണിലധികം ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. പത്ത് ലക്ഷത്തോളം കമന്റുകളും ഈ പോസ്റ്റിനുണ്ട്.

ഇന്‍സ്റ്റഗ്രാമില്‍ മാത്രമല്ല, ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളിലും റൊണാള്‍ഡോയുടെ വരവോടെ അല്‍ നസറിനെ പിന്തുടരുന്നവരുടെ എണ്ണം പല ഇരട്ടിയായാണ് വര്‍ധിച്ചിരിക്കുന്നത്.