ചെന്നൈ: തമിഴ്‌നാട്ടില്‍ ജയലളിതയുടെ ഉറ്റ തോഴിയായിരുന്ന ശശികലയുടെയും ബന്ധുക്കളുടെയും വ്യാപാരസ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ആറ് സ്ഥലങ്ങളിലാണ് ആദായനികുതി വകുപ്പ് അധികൃതര്‍ പരിശോധന നടത്തിയത്.
ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ത്ഥിയായിരുന്ന ടി.ടി.വി.ദിനകരന്‍ വിജയിച്ചതിന് പിന്നാലെയാണ് ജയിലില്‍ കഴിയുന്ന ശശികലയുടെ വ്യാപാരസ്ഥാപനങ്ങളില്‍ ആദായ വകുപ്പ് പരിശോധന നടത്തിയത്.
അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് വി.കെ. ശശികല നിലവില്‍ ജയിലില്‍ കഴിയുന്നത്. മിഡാസ് ഡിസ്റ്റിലറീസ്, സായ് ഗ്രൂപ്പ് ഓഫ് കമ്പനീസ്, ശശികലയുടെ മരുമകന്‍ കാര്‍ത്തികേയന്റെ അഡയാറിലെ വസതി, കോയമ്പത്തൂരിലുള്ള കോളജ്, അതിന്റെ ലോക്കര്‍ എന്നിവിടങ്ങളിലാണ് ആദായനികുതി വകുപ്പിന്റെ പരിശോധന നടന്നത്.
അനധികൃത സ്വത്തുക്കളെക്കുറിച്ച് ലഭിച്ച പുതിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പരിശോധന നടത്തിയതെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം ശശികലയുമായി ബന്ധമുള്ളവരുടെ നൂറോളം കേന്ദ്രങ്ങളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയില്‍ കണക്കില്‍ പെടാത്ത 1430 കോടിയുടെ സ്വത്ത് കണ്ടെത്തിയതായി വകുപ്പ് അറിയിച്ചിരുന്നു.
ശശികലയുടെ മരുമകന്‍ കാര്‍ത്തികേയന്‍ പല കമ്പനികളുടെയും ഡയറക്ടറാണ്. ആദ്യഘട്ടത്തില്‍ നടത്തിയ പരിശോധനകളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നടപടിയെന്നും അടുത്ത് വൃത്തങ്ങള്‍ പറയുന്നു. നോട്ട് നിരോധന സമയത്ത് ശശികലയുടെ ഉടമസ്ഥതയിലുള്ള മിഡാസ് ഡിസ്റ്റിലറീസ് കണക്കില്‍ പെടാത്ത 1000,500 രൂപയുടെ കറന്‍സികള്‍ സ്വര്‍ണം പോലുള്ള സുരക്ഷിത നിക്ഷേപത്തിന്റെ രൂപത്തില്‍ മാറ്റിയതായും ആദായനികുതി വകുപ്പ് പറയുന്നു.
ജയലളിതയുടെ മരണത്തിന് ശേഷം തമിഴ്‌നാട്ടിലുണ്ടായ രാഷ്ട്രീയ വ്യതിയാനങ്ങലില്‍ അണ്ണാ ഡി.എം.കെയില്‍ നിന്നും ശശികലെയേയും അനുകൂലികളേയും പുറത്താക്കിയിരുന്നു. തുടര്‍ന്നാണ് ശശികലയെ അറസ്റ്റ് ചെയ്യുന്നതും ജയിലിലടക്കുന്നതും.
