സി.ജെ.പി മാര്‍ച്ച് തടഞ്ഞ സംഭവം: പാര്‍ലമെന്റിലേക്ക് കടന്ന് കയറാന്‍ ശ്രമിച്ച ആള്‍ക്കൂട്ടത്തെ തടഞ്ഞ് അവര്‍ നമ്മുടെ അന്തസ് സംരക്ഷിച്ചു: ദല്‍ഹി പൊലീസിന് ജനകീയ കൂട്ടായ്മയുടെ ആദരം
India
സി.ജെ.പി മാര്‍ച്ച് തടഞ്ഞ സംഭവം: പാര്‍ലമെന്റിലേക്ക് കടന്ന് കയറാന്‍ ശ്രമിച്ച ആള്‍ക്കൂട്ടത്തെ തടഞ്ഞ് അവര്‍ നമ്മുടെ അന്തസ് സംരക്ഷിച്ചു: ദല്‍ഹി പൊലീസിന് ജനകീയ കൂട്ടായ്മയുടെ ആദരം
നിഷാന. വി.വി
Sunday, 9th August 2026, 12:36 pm

ന്യൂദല്‍ഹി: സി.ജെ.പിയുടെ നേതൃത്വത്തില്‍ നടന്ന ജന്തര്‍ മന്ദര്‍ പ്രതിഷേധത്തിന് പിന്നാലെ ദല്‍ഹി പൊലീസിന് ആദരം. പാര്‍ലമെന്റിനെ കാത്തുരക്ഷിച്ചതിനാണ് ആദരം നല്‍കുന്നതെന്നായിരുന്നു സംഘാടകരുടെ വാദം.

പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്‌റ്റേഷന് പുറത്ത് നടന്ന ഒരു ജനകീയ കൂട്ടായ്മയാണ് ആദരം നല്‍കിയത്. അഭിഭാഷകനായ ഡോക്ടര്‍ റിസ്വാന്‍ അഹമ്മദിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ഏകദേശം 400 ഓളം പേര്‍ പങ്കെടുത്തിട്ടുണ്ട്.

‘സല്യൂട്ട് ടു അവര്‍ പ്രൊട്ടക്ടേഴ്‌സ്’ എന്ന ബാനറിന് കീഴിലായിരുന്നു ഈ പരിപാടി നടന്നത്. സി.ജെ.പിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിലും പാര്‍ലമെന്റ് മാര്‍ച്ചിലും പരിപാടിയില്‍ പങ്കെടുത്തവര്‍ ആശങ്ക പ്രകടിപ്പിച്ചു.

മാര്‍ച്ചിനിടെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലേറുണ്ടായിട്ടുണ്ടെന്നും സംഘാടകര്‍ പറഞ്ഞു. പൊതുസ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനും ക്രമസമാധാനം നിലനിര്‍ത്തുന്നതിനും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥരോടുള്ള നന്ദി അറിയിക്കാനാണ് ഈ പരിപാടി സംഘടിപ്പിച്ചതെന്ന് ഡോ. അഹമ്മദ് പറഞ്ഞു.

‘ജൂലൈ 20-ലെ മാര്‍ച്ചില്‍ പാര്‍ലമെന്റിലേക്ക് കടന്നുകയറാന്‍ ശ്രമിച്ച ആള്‍ക്കൂട്ടത്തെ തടഞ്ഞുകൊണ്ട് അവര്‍ നമ്മുടെ അന്തസ്സ് സംരക്ഷിച്ചു,’ അയാള്‍ പറഞ്ഞു. രാജ്യത്തിന്റെ ജനാധിപത്യപരവും ഭരണഘടനാപരവുമായ സ്ഥാപനങ്ങളെ പാര്‍ലമെന്റ് പ്രതിനിധീകരിക്കുന്നെന്നും അതിന്റെ സുരക്ഷയും അന്തസ്സും സംരക്ഷിക്കപ്പെടണമെന്നും സംഘാടകര്‍ പറഞ്ഞു.

സമാധാനപരമായ പ്രതിഷേധങ്ങളും നിയമപാലകരോടുള്ള ആദരവും ആരോഗ്യകരമായ ജനാധിപത്യത്തിന് അത്യന്താപേക്ഷിതമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. നിയമവാഴ്ച പാലിക്കണമെന്നും ജനാധിപത്യ സ്ഥാപനങ്ങളെയും പോലീസ് ഉദ്യോഗസ്ഥരെയും ബഹുമാനിക്കണമെന്നുമുള്ള അഭ്യര്‍ത്ഥനയോടെയാണ് പരിപാടി സമാപിച്ചത്.

Content Highlight: Incident involving the blocking of the CJP march: They upheld our dignity by stopping the mob attempting to storm Parliament—Delhi Police honored by a citizens’ collective.

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.