ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ അടുത്തിടെ പാസിക്കായി തൊഴില്‍ നിയമവുമായി ബന്ധപ്പെട്ട് ഇന്ത്യയ്‌ക്കെതിരെ അന്താരാഷ്ട്രതലത്തില്‍ നടപടി വരുന്നു. മോദി സര്‍ക്കാറിന്റെ തൊഴില്‍ നിയമം തൊഴില്‍ നിയമങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര പ്രമേയങ്ങള്‍ ലംഘിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്. ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനില്‍ നിന്നാണ് ഇന്ത്യ നടപടി നേരിടുന്നത്.
അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ 144, 81 എന്നീ പ്രമേയങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ലംഘിച്ചതായി കണ്ടെത്തിയത്. നിയമങ്ങള്‍ പാസാക്കുന്നതിനു മുന്നോടിയായുള്ള ത്രികക്ഷി ചര്‍ച്ചയെക്കുറിച്ച് പറയുന്നതാണ് 144ാം പ്രമേയം. 81ാം നമ്പര്‍ പ്രമേയം തൊഴിലിടങ്ങളില്‍ പരിശോധന നടത്തുന്നതിനുള്ള ലേബര്‍ ഇന്‍സ്‌പെക്ടര്‍മാരുടെ പങ്ക് വിശദമാക്കുന്നതാണ്.
മോദി സര്‍ക്കാറിന്റെ തൊഴില്‍ നിയമത്തില്‍ ഫാക്ടറീസ് നിയമഭേദഗതി, അപ്രന്റീസ് നിയമഭേദഗതി, ലേബര്‍ ലോ റിട്ടേണ്‍സ് ആന്റ് രജിസ്‌ട്രേഷന്‍ ആക്ട് എന്നിവ തൊഴിലാളികളുമായി ചര്‍ച്ച നടത്താതെയാണ് പാസാക്കിയത്. ഇത് അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ 144 ാം നമ്പര്‍ പ്രമേയത്തിന്റെ ലംഘനമാണ്.
കൂടാതെ മോദി സര്‍ക്കാര്‍ ലേബര്‍ ഇന്‍സ്‌പെക്ടര്‍ എന്നതുമാറ്റി ഫെസിലിറ്റേറ്റര്‍ എന്നാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാറിന്റെ കീഴില്‍ വരുന്ന ഫാക്ടറികളിലും സ്ഥാപനങ്ങളിലും മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ പരിശോധന വേണ്ടെന്ന ഉത്തരവും തൊഴില്‍ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതെല്ലാം 81ാം പ്രമേയത്തിന് എതിരാണ്.
കേന്ദ്രസര്‍ക്കാറിന്റെ കരാര്‍ ലംഘനം ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര തൊഴില്‍ സംഘടന നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ശക്തമായ ഭാഷയിലുള്ള പ്രതിഷേധക്കുറിപ്പാണ് മുന്‍ തൊഴില്‍ സെക്രട്ടറി ഇതിനു മറുപടിയായി നല്‍കിയത്.
ഈ സാഹചര്യത്തിലാണ് അന്താരാഷ്ട്ര തൊഴില്‍ സംഘടന ഇന്ത്യയ്‌ക്കെതിരെ നടപടിക്കൊരുങ്ങുന്നത്. ജൂണ്‍ ഒന്നുമുതല്‍ 13 വരെ ജനീവയില്‍ നടക്കുന്ന ഐ.എല്‍.ഒ സമ്മേളനത്തില്‍ നടപടി കൊണ്ടുവരാനാണ് നീക്കം.
അതിനിടെ, ഐ.ഒ.എല്‍ നടപടി തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നീക്കം തുടങ്ങിയിട്ടുണ്ട്. സമ്മേളനത്തില്‍ ഇന്ത്യയ്‌ക്കെതിരായ പരാതി ഉള്‍പ്പെടുത്താതിരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. 25 പരാതികള്‍ മാത്രമേ സമ്മേളനത്തില്‍ പരിഗണയ്ക്ക് എടുക്കൂ. ഇക്കൂട്ടത്തില്‍ ഇന്ത്യയ്‌ക്കെതിരായ പരാതി വരാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
