ലഖ്‌നൗ: യു.പിയില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാനായാല്‍ രാജ്യം മുഴുവന്‍ അത് നടപ്പിലാവുമെന്ന് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ്. എന്‍.ഡി.ടിവി യൂത്ത് കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചിലയാളുകള്‍ പറയുന്നത് അവര്‍ 50 വര്‍ഷം ഇവിടെ ഭരിക്കുമെന്നാണ്. 50 വര്‍ഷം നിങ്ങള്‍ മറന്നേക്കൂ. ആളുകള്‍ നിങ്ങളുടെ കാലയളവ് 50 ആഴ്ചയായി ജനങ്ങള്‍ ചുരുക്കാന്‍ പോകുകയാണ്- അഖിലേഷ് പറഞ്ഞു.

വിശാലപ്രതിപക്ഷ സഖ്യത്തിന്റെ നേതാവിനെ തിരഞ്ഞെടുപ്പിന് ശേഷം തങ്ങള്‍ തീരുമാനിക്കുമെന്നും ബിജെപിയെ ഭരണത്തില്‍ നിന്ന് താഴെയിറക്കുമെന്ന് ഉറപ്പാണെന്നും അഖിലേഷ് പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷനില്‍ തങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. രാഷ്ട്രീയസംവിധാനങ്ങള്‍ മറയായി നില്‍ക്കുന്നിടത്ത് കമ്മീഷന് സുതാര്യമാകാന്‍ ആവുന്നില്ലെന്നും അഖിലേഷ് കുറ്റപ്പെടുത്തി.

ആര്‍.എസ്.എസ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ് ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി പരാജയപ്പെട്ടതെന്നുംനമ്മുടെ രാഷ്ട്രീയപാര്‍ട്ടികളെ മാത്രമല്ല രാജ്യത്തെയാകെ രക്ഷിക്കാനും നമ്മള്‍ ആര്‍.എസ്.എസില്‍ നിന്ന് അകലം പാലിച്ചേ മതിയാവൂവെന്നും അഖിലേഷ് പറഞ്ഞു.

ജാതിയുടെയും മതത്തിന്റെയും പേര് പറഞ്ഞ് ആര്‍.എസ്.എസ് ജനങ്ങളെ ഭിന്നിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെയാണ് താന്‍ ആര്‍.എസ്.എസിനെ എതിര്‍ക്കുന്നതും.

കള്ളപ്പണം അന്വേഷിച്ച് ലഖ്‌നൗവില്‍ എത്തുന്ന പ്രധാനമന്ത്രിക്ക് അത് കാണാന്‍ കഴിഞ്ഞില്ല. പകരം അമ്മാവന്‍ അമര്‍ സിങ്ങിനെ കണ്ട് മടങ്ങിയെന്നും അഖിലേഷ് പരിഹസിച്ചു.

തെരഞ്ഞെടുപ്പിന് ശേഷം ഞങ്ങള്‍ ഞങ്ങളുടെ നേതാവിനെ തീരുമാനിക്കും. ബി.ജെ.പിയെ ഞങ്ങള്‍ അവസാനിപ്പിച്ചിരിക്കും. യുവാക്കളെ രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും പേരില്‍ തമ്മില്‍ത്തല്ലിച്ചുകൊണ്ടിരുന്നാല്‍ അവര്‍ ഒരിക്കലും ജോലിയെയും വരുമാനത്തെയും കുറിച്ച് ചോദിക്കില്ല. ഇതാണ് ബിജെപി പയറ്റുന്ന തന്ത്രമെന്നും അഖിലേഷ് പറഞ്ഞു.