ലഖ്നൗ പന്തിന്റെ കാര്യത്തില്‍ അതൊരു തീരുമാനമെടുത്താല്‍ അതായിരിക്കും വലിയ മണ്ടത്തരം: അശ്വിന്‍
Cricket
ലഖ്നൗ പന്തിന്റെ കാര്യത്തില്‍ അതൊരു തീരുമാനമെടുത്താല്‍ അതായിരിക്കും വലിയ മണ്ടത്തരം: അശ്വിന്‍
ഫസീഹ പി.സി.
Saturday, 28th March 2026, 6:26 pm

ഏവരും ആവേശത്തോടെ കാത്തിരിക്കുന്ന ഐ. പി. എല്‍ 2026 സീസണിന് ഇന്ന് തുടക്കമാകും. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലാണ് ആദ്യ മത്സരം. ആര്‍.സി.ബിയുടെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയമാണ് ഈ മത്സരത്തിന് വേദിയാവുന്നത്.

ഇപ്പോള്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍. ലഖ്നൗവിന് മികച്ച ടീമുണ്ടെങ്കിലും പലപ്പോഴും അവര്‍ക്ക് തന്ത്രപരമായ പിഴവുകള്‍ സംഭവിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

റിഷബ് പന്തിനെകൊണ്ട് ഇന്നിങ്സ് ഓപ്പണ്‍ ചെയ്യിച്ചില്ലെങ്കില്‍ അത് ഈ സീസണിലെ വലിയ മണ്ടത്തരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അശ്വിന്‍.

ആര്‍ അശ്വിന്‍.

‘ലഖ്നൗവിന് കരുത്തുറ്റ ഒരു ടീമുണ്ട്. എന്നാല്‍, അവര്‍ പലപ്പോഴും തെറ്റായ തന്ത്രങ്ങള്‍ പിഴവുകള്‍ വരുത്തുന്നു. അതാണ് അവരുടെ പരാജയത്തിന് കാരണം. ടീമില്‍ ഓപ്പണര്‍മാരാകാന്‍ യോഗ്യതയുള്ള നാല് താരങ്ങളുണ്ട്. ഇവര്‍ ആ സ്ഥാനത്തിനായി മത്സരിക്കുന്നത് ടീമിന് ആശയക്കുഴപ്പമാണുണ്ടാക്കുന്നത്.

റിഷബ് പന്ത് ഇന്നിങ്സ് ഓപ്പണ്‍ ചെയ്യണം. അവന്‍ ഓപ്പണറായിട്ടല്ലാതെ മറ്റേതെങ്കിലും പൊസിഷനില്‍ ബാറ്റ് ചെയ്യുന്നത് ഈ സീസണിലെ ഏറ്റവും വലിയ മണ്ടത്തരമായിരിക്കും. അവന്‍ ഓപ്പണറായി ഇറങ്ങി 500 മുതല്‍ 600 വരെ റണ്‍സ് കണ്ടെത്തുകയാണെങ്കില്‍ മാത്രമേ ലഖ്നൗവിന് ഈ സീസണില്‍ മുന്നേറാന്‍ സാധിക്കൂ,’ അശ്വിന്‍ പറഞ്ഞു.

റിഷബ് പന്ത്.

പന്ത് ഐ.പി.എല്ലില്‍ തന്റെ കരിയറില്‍ അഞ്ച് തവണ മാത്രമാണ് ഓപ്പണര്‍ സ്ഥാനത്ത് ഇറങ്ങിയിട്ടുള്ളത്. കഴിഞ്ഞ സീസണിലടക്കം താരം മധ്യനിരയിലാണ് ബാറ്റ് ചെയ്തിരുന്നത്.

അതേസമയം, ഐ.പി.എല്ലില്‍ പന്തും സംഘവും ആദ്യ മത്സരത്തിന് ഇറങ്ങുന്നത് ഏപ്രില്‍ ഒന്നിനാണ്. ദല്‍ഹി ക്യാപിറ്റല്‍സാണ് ലഖ്നൗവിന്റെ എതിരാളികള്‍. ഏകന ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.

 

Content Highlight: If Rishabh Pant plays anywhere but opening, it will be the biggest blunder of the season: R. Ashwin

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി