ഗാന്ധിനഗര്‍: സംവരണത്തെ എതിര്‍ക്കുന്ന സവര്‍ണ വിഭാഗങ്ങള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി ശങ്കര്‍സിങ് വഗേല. പട്ടേല്‍, ബനിയ, ബ്രാഹ്‌മണ സമുദായങ്ങളില്‍ നിന്നുള്ളവര്‍ മാലിന്യം വാരാനും നീക്കം ചെയ്യാനും തയ്യാറായാല്‍ അവര്‍ക്ക് പ്രതിമാസം 50,000 രൂപ വീതം വേതനം നല്‍കാന്‍ താന്‍ തയാറാണെന്നാണ് വഗേല പറഞ്ഞത്.

നര്‍മദ ജില്ലയിലെ സാഗ്ബാരയില്‍ ആദിവാസി കര്‍ഷകര്‍ക്കായി സംഘടിപ്പിച്ച പൊതുപരിപാടിയില്‍ സംസാരിക്കവെയായിരുന്നു ശങ്കര്‍സിങ് വഗേലയുടെ ഈ പ്രതികരണം.

പ്രസ്താവന വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചെങ്കിലും പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വഗേല വ്യക്തമാക്കി.

സംവരണ വിരുദ്ധ നിലപാടുകള്‍ക്കെതിരെയാണ് താന്‍ സംസാരിച്ചതെന്നും, തന്റെ വാക്കുകളുടെ യഥാര്‍ത്ഥ അര്‍ത്ഥം മനസ്സിലാക്കാതെ ബി.ജെ.പി അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമിത് ചാവ്ഡ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുത്ത വേദിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.

നൂറ്റാണ്ടുകളായി സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെടുകയും മാലിന്യ നിര്‍മാര്‍ജ്ജനം പോലെയുള്ള കഠിനവും താഴ്ന്നതുമായ ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിതരാകുകയും ചെയ്ത ജനവിഭാഗങ്ങള്‍ക്കാണ് ഇന്ന് ഭരണഘടന സംവരണം നല്‍കിയിട്ടുള്ളത്. ഇത് അവര്‍ ചരിത്രപരമായി അനുഭവിച്ച കഷ്ടപ്പാടുകള്‍ക്കുള്ള യഥാര്‍ത്ഥ നഷ്ടപരിഹാരമാണെന്നും സംവരണത്തെ വഗേല ശക്തമായി പിന്തുണച്ചു.

സംവരണത്തെ ചോദ്യം ചെയ്യുകയും എതിര്‍ക്കുകയും ചെയ്യുന്നവര്‍ അതിന് മുമ്പ് ആദിവാസി-പിന്നാക്ക വിഭാഗങ്ങളുടെ യഥാര്‍ത്ഥ ജീവിതസാഹചര്യങ്ങളും അവര്‍ നേരിടുന്ന യാതനകളും നേരിട്ട് കണ്ട് മനസിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തെ കര്‍ഷകരും ആദിവാസികളും ഇന്നും കടുത്ത സാമ്പത്തിക-സാമൂഹിക ദുരിതങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ കാണാതെയാണ് പലരും സംവരണ സമ്പ്രദായത്തെ വിമര്‍ശിക്കുന്നതെന്നും വഗേല ചൂണ്ടിക്കാണിച്ചു.

‘താന്‍ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു. പിന്നാക്ക-ആദിവാസി വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനും സാമൂഹിക നീതിക്കുമായി നിലകൊള്ളുന്നത് തുടരും,’ അദ്ദേഹം പറഞ്ഞു..

അതേസമയം, വഗേലയുടെപരാമര്‍ശത്തിനെതിരെ ബി.ജെ.പിയും ബ്രാഹ്‌മണ സമുദായ നേതാക്കളും കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.

‘വഗേല ഇത്തരം നല്ലകാര്യങ്ങള്‍ സ്വന്തം വീട്ടില്‍ നിന്ന് തന്നെ തുടങ്ങണം. തന്റെ വീട്ടിലെ മാലിന്യം ശേഖരിക്കാന്‍ വഗേല തയാറാണെങ്കില്‍ അദ്ദേഹത്തിന് പ്രതിമാസം അഞ്ച് ലക്ഷം രൂപ നല്‍കാന്‍ ഞാന്‍ തയാറാണ്,’ ബി.ജെ.പി നേതാവും ബ്രാഹ്‌മണ സമുദായ പ്രതിനിധിയുമായ യഗ്നേഷ് ദവെ പറഞ്ഞു.

അനാവശ്യമായി വിവാദങ്ങള്‍ ഉണ്ടാക്കുന്നതിനേക്കാള്‍ സാധാരണക്കാരുടെയും ദുരിതമനുഭവിക്കുന്ന കര്‍ഷകരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ബി.ജെ.പി ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Content Highlights: If members of the Patel, Baniya, and Brahmin communities are willing to clear garbage, they can be paid ₹50,000 a month”—former Gujarat Chief Minister refuses to apologize for controversial remark.