ഇന്ത്യയില്‍ നിന്ന് യു.എസിലേക്ക് പോയി എട്ടിന്റെ പണി വാങ്ങിയവന്‍; അഖിലേഷ് റെഡ്ഡിക്കെതിരെ കടുത്ത നടപടിയുമായി ഐ.സി.സി
Cricket
ഇന്ത്യയില്‍ നിന്ന് യു.എസിലേക്ക് പോയി എട്ടിന്റെ പണി വാങ്ങിയവന്‍; അഖിലേഷ് റെഡ്ഡിക്കെതിരെ കടുത്ത നടപടിയുമായി ഐ.സി.സി
ശ്രീരാഗ് പാറക്കല്‍
Monday, 3rd August 2026, 5:15 pm

യു.എസ് ക്രിക്കറ്റ് താരം ബൊഡുഗം അഖിലേഷ് റെഡ്ഡിക്ക് ഐ.സി.സിയുടെ വിലക്ക്. എല്ലാ തരത്തിലുള്ള ക്രിക്കറ്റില്‍ നിന്നും താരത്തെ എട്ട് വര്‍ഷത്തേക്കാണ് ഐ.സി.സി വിലക്കിയത്. ഐ.സി.സിയുടെ അഴിമതി വിരുദ്ധ ചട്ടത്തിലെ മൂന്ന് വകുപ്പുകള്‍ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അഖിലേഷ് റെഡ്ഡിക്കെതിരെ നടപടി സ്വീകരിച്ചത്. ഇതോടെ 2025 നവംബര്‍ 21 മുതലുള്ള താരത്തിന്റെ വിലക്ക് 2033 നവംബര്‍ വരെ തുടരും.

2025ലെ അബുദാബി ടി-10 ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് അഖിലേഷ് റെഡ്ഡിക്കെതിരെ നടപടി ഉണ്ടായത്. ഒത്തുകളിക്ക് ശ്രമിച്ചു, മറ്റൊരാളെ ഒത്തുകളിയിലേക്ക് പ്രേരിപ്പിച്ചു, തെളിവുകള്‍ ഇല്ലാതാക്കി അന്വേഷണം തടസപ്പെടുത്തി എന്നിങ്ങനെയാണ് താരത്തിനെതിരെ കണ്ടെത്തിയ കുറ്റങ്ങള്‍.

ഐ.സി.സി അഴിമതി വിരുദ്ധ ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.1.1 ലംഘിച്ച് മത്സരഫലം, മത്സരത്തിന്റെ പുരോഗതി, മത്സരം നടക്കുന്ന രീതി അല്ലെങ്കില്‍ മത്സരവുമായി ബന്ധപ്പെട്ട മറ്റ് ഏതെങ്കിലും ഘടകങ്ങള്‍ അനധികൃതമായി സ്വാധീനിക്കുകയോ ഒത്തുകളിക്കുകയോ ചെയ്യാനുള്ള ശ്രമം ട്രൈബ്യൂണല്‍ കണ്ടെത്തി. മാത്രമല്ല ഒത്തുകളിക്ക് വേണ്ടി മറ്റൊരു താരത്തെ പ്രേരിപ്പിക്കല്‍, പ്രോത്സാഹിപ്പിക്കല്‍, സഹായിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ 2.1.4 ലംഘിച്ചതിലും റെഡ്ഡി കുറ്റക്കാരനാണെന്ന് കണ്ടെത്തി.

അന്വേഷണത്തിന് പ്രസക്തമായേക്കാവുന്ന വിവരങ്ങളും സന്ദേശങ്ങളും തന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ഇല്ലാതാക്കി അന്വേഷണത്തെ തടസപ്പെടുത്തിയതിനാല്‍ റെഡ്ഡി ആര്‍ട്ടിക്കിള്‍ 2.4.7 ഉം താരം ലംഘിച്ചു.

2025 ഏപ്രിലില്‍ യു.എസിനായി നാല് ടി-20 അന്താരാഷ്ട്ര മത്സരങ്ങളില്‍ അഖിലേഷ് ഇന്ത്യന്‍ വംശജനായ റെഡ്ഡി കളിച്ചിട്ടുണ്ട്. മാത്രമല്ല ഇന്ത്യയില്‍ കളിച്ചുതുടങ്ങിയ താരം ഹൈദരാബാദ് ടീമിലുണ്ടായിരുന്നു.

ഈ വര്‍ഷം ഐ.സി.സിയുടെ അഴിമതി വിരുദ്ധ ചട്ടലംഘനത്തില്‍ നടപടി നേരിടുന്ന രണ്ടാമത്തെ യു.എസ് അന്താരാഷ്ട്ര താരമാണ് അഖിലേഷ്.

നേരത്തെ, 2023-24 സീസണിലെ ബാര്‍ബഡോസിന്റെ ബിം10 ടൂര്‍ണമെന്റില്‍ പങ്കെടുത്തതിനിടെ ഐ.സി.സി ചട്ടത്തിലെ അഞ്ച് വകുപ്പുകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് യു.എസ് ബാറ്റര്‍ ആരോണ്‍ ജോണ്‍സിനെതിരെയും നടപടി സ്വീകരിക്കുകയും താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

Content Highlight: ICC bans US cricketer Bodugum Akhilesh Reddy

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ