2026-27 ഇന്ത്യൻ സൂപ്പർ ലീഗിന് നാളെ കിക്ക് ഓഫ്. സീസണിലെ ആദ്യ മത്സരത്തിൽ ബെംഗളൂരു എഫ്.സിയും സ്പോർട്ടിങ് ക്ലബ്ബ് ദൽഹിയുമാണ് നേർക്കുനേർ എത്തുന്നത്. ചരിത്രത്തിലെ ആദ്യ ഐ.എസ്.എൽ കിരീടം ലക്ഷ്യം വെച്ച് മലയാളികളുടെ പ്രിയപ്പെട്ട ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സും പോരാട്ടത്തിന് തയ്യാറെടുക്കുന്നുണ്ട്.
സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ഒക്ടോബർ 11ന് ഇന്റർ കാശിക്കെതിരെയാണ്. എതിരാളികളുടെ തട്ടകത്തിൽ വെച്ചായിരിക്കും കൊമ്പന്മാർ സീസണിലെ ആദ്യ മത്സരം കളിക്കുക.
ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം ഒക്ടോബർ 25നാണ് നടക്കുന്നത്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ മുംബൈ സിറ്റി എഫ്.സിയാണ് എതിരാളികൾ.
മൂന്ന് തവണ കലാശപ്പോരിൽ കാലിടറിവീണ കേരളത്തിന് കിരീടം നേടാനായില്ലെങ്കിലും ഒരുപിടി അവിസ്മരണീയ നേട്ടങ്ങൾ ആരാധകർക്ക് സമ്മാനിക്കാൻ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റ നിരയിൽ ഇത്തവണ ഏതെങ്കിലും താരത്തിന്റെ ബൂട്ടുകളിൽ നിന്നും ഹാട്രിക് പിറക്കുമോയെന്നും ആരാധകർ ഉറ്റുനോക്കുന്നുണ്ട്.
നിരവധി വമ്പൻ താരങ്ങൾ മഞ്ഞക്കുപ്പായത്തിൽ കളിച്ചിട്ടുണ്ടെങ്കിലും ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഐ.എസ്.എല്ലിൽ രണ്ട് താരങ്ങൾ മാത്രമാണ് ഹാട്രിക് നേടിയിട്ടുള്ളൂ. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ആദ്യമായി ഹാട്രിക് നേടിയത് കാനഡ താരം ഇയാൻ ഹ്യൂം ആണ്.

ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് ഹ്യൂം. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സീസണായ 2014ൽ ബ്ലാസ്റ്റേഴ്‌സിന്റെ താരമായിരുന്ന ഹ്യൂം 2017-18 സീസണിലായിരുന്നു ആദ്യ ഹാട്രിക് നേടിയത്.
ദൽഹി ഡൈനാമോസിനെതിരെയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തിലെ ആദ്യ ഹാട്രിക് മലയാളികളുടെ പ്രിയപ്പെട്ട ഹ്യൂമേട്ടൻ നേടിയത്. ഹ്യൂമിന്റെ ഹാട്രിക് കരുത്തിൽ 3-1ന്റെ വമ്പൻ വിജയമായിരുന്നു ബ്ലാസ്റ്റേഴ്സ് കൈപ്പിടിയിലാക്കിയത്. ബ്ലാസ്റ്റേഴ്‌സിനൊപ്പം മാത്രമല്ല അത്‌ലറ്റികോ ഡി കൊൽക്കത്ത, പൂനെ സിറ്റി എഫ്.സി എന്നീ ടീമുകൾക്ക് വേണ്ടിയും ഹ്യൂം ഹാട്രിക് നേടിയിട്ടുണ്ട്.
ബ്ലാസ്റ്റേഴ്‌സിന് വേണ്ടി രണ്ടാമത്തെ ഹാട്രിക് നേടിയ നൈജീരിയൻ താരമായ ബർത്തലോമിയോ ഓഗ്ബെച്ചെയാണ്. 2019-20 സീസണിലായിരുന്നു ഓഗ്ബെച്ചെയുടെ ഹാട്രിക് പിറന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിലായിരുന്നു നൈജീരിയൻ താരത്തിന്റെ ഹാട്രിക് നേട്ടം.

മത്സരത്തിൽ 6-3ന് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടെങ്കിലും ഓഗ്ബെച്ചെയുടെ മൂന്ന് ഗോളുകൾ തിളക്കത്തോടെ നിന്നു. ബ്ലാസ്റ്റേഴ്‌സിന് പുറമെ മുംബൈ സിറ്റി എഫ്.സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഹൈദരാബാദ് എഫ്.സി എന്നീ ടീമുകൾക്ക് വേണ്ടിയും നൈജീരിയൻ താരം കളത്തിറങ്ങിയിട്ടുണ്ട്. ഇതിന് ശേഷം ഒരു താരവും ബ്ലാസ്റ്റേഴ്സിന് വേണ്ടി ഹാട്രിക് നേടിയിട്ടില്ല. എന്നാൽ ഇത്തവണ ഈ കാത്തിരിപ്പ് അവസാനിക്കുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.
ആഷ്‌ലി വെസ്റ്റ് വുഡിന്റെ കീഴിൽ വമ്പൻ സൈനിങ്ങുകൾ നടത്തി ആദ്യ ഐ. എസ്.എൽ കിരീടം കേരളത്തിലെലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ബ്ലാസ്റ്റേഴ്സ്. പുതിയ ഉടമസ്ഥരുടെ കീഴിൽ ബ്ലാസ്റ്റേഴ്സ് ശക്തമായ തിരിച്ചുവരവാണ് ലക്ഷ്യം വെക്കുന്നത്.

ദുബായ് ആസ്ഥാനമായ അൽ ഫുർസാൻ സ്പോർട്സ് ഇൻവെസ്റ്റ്മെന്റാണ് ബ്ലാസ്റ്റേഴ്സിനെ ഏറ്റെടുത്തത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന നിംഗ്ഗാഡ ഗ്രൂപ്പിന്റെ മാഗ്നം സ്പോർട്സ് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമകൾ. എന്നാൽ കഴിഞ്ഞ സീസണിൽ സാമ്പത്തികമായി കനത്ത പ്രതിസന്ധി നേരിട്ടതിന് പിന്നാലെയാണ് മാഗ്‌നം ഗ്രൂപ്പ് ക്ലബ്ബിന്റെ ഉടമസ്ഥാവകാശം കൈമാറാൻ തീരുമാനമെടുത്തത്.
Content Highlight: Ian Hume and Bartholomew Ogbeche are scored hattrick for Kerala Blasters in the Indian super league
