മലയാള സിനിമയിലെ യുവതാരങ്ങള്‍ക്കിടയില്‍ പലപ്പോഴും താരതമ്യങ്ങള്‍ ഉണ്ടാകാറുണ്ട്. ഒരേ കാലഘട്ടത്തില്‍ സിനിമയിലെത്തിയവരും ഒരുമിച്ച് അഭിനയിച്ചവരുമാണ് പലപ്പോഴും ഇത്തരം താരതമ്യങ്ങള്‍ക്ക് ഇരയാകാറ്. എന്നാല്‍ ഇത്തരം താരതമ്യങ്ങള്‍ക്കപ്പുറം ഓരോരുത്തര്‍ക്കും അവരുടേതായ യുണീക്‌നെസ് ഉണ്ടെന്ന് പറയുകയാണ് നടി അനശ്വര രാജന്‍. നടി മമിത ബൈജുവുമായുള്ള താരതമ്യങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.

മമിതയുമായി ഒരുപാട് താരതമ്യങ്ങള്‍ വന്നിട്ടുണ്ടെന്നും എന്നാല്‍ തങ്ങള്‍ ഒരേ ഗ്രൂപ്പിലുള്ളവരും സുഹൃത്തുക്കളുമാണെന്നും അനശ്വര പറഞ്ഞു. അതുകൊണ്ടുതന്നെ തങ്ങള്‍ക്കിടയില്‍ ഒരു താരതമ്യത്തിന്റെ ആവശ്യമില്ലെന്നാണ് തോന്നിയിട്ടുള്ളതെന്നും താരം വ്യക്തമാക്കി.

‘ഞങ്ങളൊക്കെ ഒരു ഗ്രൂപ്പിലുള്ള ആള്‍ക്കാരാണ്. സുഹൃത്തുക്കളായിട്ടുള്ള ആള്‍ക്കാരാണ്. അതിന്റെ ഇടയില്‍ ഒരു കംപാരിസണ്‍ വരേണ്ട ആവശ്യമില്ലെന്ന് തോന്നിയിട്ടുണ്ട്. ഞങ്ങളുടെ ഇടയില്‍ ഒരു മത്സരവുമില്ല. ഹെല്‍ത്തി കോമ്പറ്റീഷന്‍ എല്ലാവരുടെയും ഇടയില്‍ ഉണ്ടല്ലോ. പക്ഷേ അവളേക്കാള്‍ നന്നാവണം എന്നൊരു കാര്യം ആരുടെയും ഇടയില്‍ ഉണ്ടെന്ന് തോന്നുന്നില്ല’, അനശ്വര പറഞ്ഞു.

മാത്യു തോമസിന്റെയും നസ്ലന്റെയും കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നതെന്നും അനശ്വര ചൂണ്ടിക്കാട്ടി. ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നും അതിനിടയില്‍ ആരാണ് ബെസ്റ്റ്, ആരാണ് ബെറ്റര്‍ എന്ന രീതിയിലുള്ള മത്സരത്തിന് പ്രസക്തിയില്ലെന്നും താരം പറഞ്ഞു.

‘മാത്യുവിന്റെയും നസ്ലന്റെയും കാര്യമാണെങ്കിലും അവര്‍ അടുത്ത സുഹൃത്തുക്കളാണ്. അതിന്റെ ഇടയില്‍ ഒരു കംപാരിസണോ ആരാണ് ബെസ്റ്റ് എന്നോ ബെറ്റര്‍ എന്നോ രീതിയിലുള്ള ഒരു കോമ്പറ്റീഷനോ മത്സരമോ ഇല്ല. അതിനല്ല നമ്മള്‍ ഇവിടെ ഇരിക്കുന്നത്. ഓരോരുത്തരും ചെയ്യുന്ന കാര്യങ്ങളില്‍ അതിന്റെ ബെസ്റ്റ് ആവണം. ഓരോ കഥാപാത്രങ്ങളും ബെറ്ററാക്കണം. കിട്ടിയ ക്യാരക്ടര്‍ നന്നായി ചെയ്യണം എന്നൊക്കെയാണ് ആലോചിക്കുന്നത്’, അനശ്വര പറഞ്ഞു.

ഓരോരുത്തരും അവരവരുടേതായ രീതിയില്‍ യുണീക്കാണെന്നും അല്ലെങ്കില്‍ അവര്‍ ചെയ്യുന്ന കാര്യങ്ങളിലൂടെ ആ യുണീക്ക്‌നെസ് ഉണ്ടാക്കുകയാണെന്നും അനശ്വര അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ ആരാണ് മികച്ചതെന്ന തരത്തിലുള്ള താരതമ്യങ്ങളിലേക്ക് പോകേണ്ടതില്ലെന്നും താരം പറയുന്നു.

‘എല്ലാവരും അവരവരുടേതായ രീതിയില്‍ യുണീക്കാണ്. അല്ലെങ്കില്‍ അവരത് യുണീക്കാക്കുകയാണ്. അത് അങ്ങനെ അങ്ങ് പോകട്ടെ. അല്ലാതെ ആരാണ് ബെറ്റര്‍ എന്ന രീതിയിലുള്ള ഒരു പോളോ ഒന്നും വേണ്ട എന്നാണ് തോന്നുന്നത്’, അനശ്വര കൂട്ടിച്ചേര്‍ത്തു.

സിനിമയ്ക്ക് പുറത്തുള്ള തന്റെ സൗഹൃദങ്ങളെക്കുറിച്ചും അനശ്വര സംസാരിച്ചു. തനിക്ക് വളരെ കുറച്ച് സുഹൃത്തുക്കളേയുള്ളൂവെന്നും അവരെല്ലാവരും പരസ്പരം അറിയുന്നവരാണെന്നും താരം പറഞ്ഞു. മോശം സമയങ്ങളിലും കൂടെ നില്‍ക്കുന്നവരാണ് തന്റെ സുഹൃത്തുക്കളെന്നും അനശ്വര വ്യക്തമാക്കി.

‘എനിക്ക് ചുരുക്കം ചില ഫ്രണ്ട്സൊക്കെയുള്ളൂ. കയ്യില്‍ എണ്ണാവുന്ന ചിലര്‍. ഇവര്‍ക്കെല്ലാവര്‍ക്കും പരസ്പരം അറിയാം. എന്റെ സുഹൃത്തുക്കള്‍ ഏത് മോശം സമയത്തും എനിക്കൊപ്പം നില്‍ക്കുന്നവരാണ്. അത്തരത്തില്‍ എന്നെ ചേര്‍ത്തുനിര്‍ത്തുന്നവരാണ്. ഞാനും അവരോട് അങ്ങനെയാണ്’, അനശ്വര പറഞ്ഞു

Content Highlight: I’ve never thought about being better than Mamitha; everyone has their own uniqueness, says Anaswara Rajan.