പപ്പേടെ കൂടെ അടികൂടാന്‍ വന്നവരാരും ഇപ്പോ ജീവനോടെയില്ല; കഥയെക്കുറിച്ച് ഒരു ഐഡിയയും തരാതെ ഐ, നോബഡി ട്രെയ്‌ലര്‍
Malayalam Cinema
പപ്പേടെ കൂടെ അടികൂടാന്‍ വന്നവരാരും ഇപ്പോ ജീവനോടെയില്ല; കഥയെക്കുറിച്ച് ഒരു ഐഡിയയും തരാതെ ഐ, നോബഡി ട്രെയ്‌ലര്‍
അമര്‍നാഥ് എം.
Thursday, 18th June 2026, 6:55 pm

ഈ വര്‍ഷം സര്‍പ്രൈസ് ഹിറ്റാകാന്‍ സാധ്യതയുള്ള ചിത്രമായിട്ടാണ് പലരും ഐ, നോബഡിയെ കാണുന്നത്. റോഷാക് എന്ന ഗംഭീര ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍. അനൗണ്‍സ്‌മെന്റ് മുതല്‍ ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും സിനിമാപേജുകളില്‍ ചര്‍ച്ചയായിരുന്നു.

ഹീസ്റ്റ് ത്രില്ലറായിരിക്കുമെന്ന് കരുതിയവരെ ഞെട്ടിച്ചുകൊണ്ട് ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞ ടീസര്‍ പുറത്തുവിട്ടതോടെ ഹൈപ്പ് ഇരട്ടിയായി. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നിരിക്കുകയാണ്. ടീസറിലേത് പോലെ ആക്ഷനും സസ്‌പെന്‍സും തന്നെയാണ് ട്രെയ്‌ലറിലുമുള്ളത്. കഥ എന്താണെന്ന കാര്യത്തില്‍ ഒരു സൂചനയും ട്രെയ്‌ലറില്‍ നിന്ന് ലഭിച്ചിട്ടില്ല.

ഐ, നോബഡി Photo: Screen grab/ E 4 Entertainment

രാജീവന്‍ എന്ന ബാങ്ക് ഉദ്യോഗസ്ഥന് അയാളുടെ ജീവിതത്തില്‍ നേരിടേണ്ടി വരുന്ന ചില അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രധാന തീമെന്ന് മാത്രമേ ട്രെയ്‌ലര്‍ പറഞ്ഞുവെക്കുന്നുള്ളൂ. ഭാര്യയും മക്കളുമായി ജീവിക്കുന്ന രാജീവന്‍ ഒരു ബാങ്ക് മോഷണത്തിന്റെ ഭാഗമാകുന്നതും പിന്നീട് സംഭവിക്കുന്ന കാര്യങ്ങളുമാണ് നോബഡിയുടെ കഥയെന്ന് ചിത്രത്തിന്റെ സിനോപ്‌സിസും പറഞ്ഞുവെക്കുന്നു.

ഗംഭീര ആക്ഷന്‍ സീക്വന്‍സുകള്‍ ഐ, നോബഡിയിലുണ്ടാകുമെന്ന് ഉറപ്പാണ്. 130 ദിവസത്തെ ഷൂട്ടില്‍ 60 ദിവസത്തോളം ആക്ഷന്‍ സീനുകള്‍ക്ക് മാത്രമായിരുന്നു മാറ്റിവെച്ചത്. യാനിക് ബെന്‍ (ലോകഃയുടെ ഫൈറ്റ് കൊറിയോഗ്രഫര്‍), മാര്‍ക്കോയില്‍ ആക്ഷന്‍ സീനുകളൊരുക്കിയ കലൈ കിങ്‌സണ്‍, അമിത് ജോളി ബാസ്റ്റിന്‍ എന്നിവരാണ് നോബഡിയുടെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

ഐ, നോബഡി Photo: Screen grab/ E 4 Entertainment

വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പാര്‍വതി തിരുവോത്താണ് ചിത്രത്തിലെ നായിക. ഹക്കിം ഷാ, ശങ്കര്‍ രാമകൃഷ്ണന്‍, അശോകന്‍, വിജയരാഘവന്‍, മധുപാല്‍, നിഷാന്ത് സാഗര്‍, സുധി കോപ്പ, ജിജോയ് രാജഗോപാല്‍, സഞ്ജു ശിവറാം, റോണി വര്‍ഗീസ്, മനോജ് കെ.യു തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം ഖാലിദ് റഹ്‌മാന്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഐ, നോബഡി.

പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ഇ ഫോര്‍ എന്റര്‍ടൈന്മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജേക്‌സ് ബിജോയ് സംഗീതവും ദിനേശ് പുരുഷോത്തമന്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. ജൂലൈ ഒമ്പതിന് ചിത്രം തിയേറ്ററുകളിലെത്തും. വിലായത്ത് ബുദ്ധക്ക് ശേഷം പൃഥ്വി നായകനാകുന്ന ചിത്രം കൂടിയാണ് ഐ, നോബഡി.

Content Highlight: I Nobody trailer out now

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം