നിലവില്‍ മലയാള സിനിമാ ലോകം സോഷ്യല്‍ മീഡിയകളിലെ സിനിമാ പേജുകളില്‍ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് ദുല്‍ഖര്‍ ചിത്രം ഐ ആം ഗെയ്മിന്റെ റിലീസ് മാറ്റിവെക്കല്‍. 2026 ഓണത്തിന് ക്ലാഷ് റിലീസായി എത്തുമെന്ന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ അറിയിച്ച ചിത്രം റിലീസിന് ഒരാഴ്ച്ച മാത്രം ബാക്കി നില്‍ക്കവെ റിലീസ് നീട്ടിവെക്കുകയായിരുന്നു. പൃഥ്വിരാജ് നായകനായെത്തുന്ന ഖലീഫയ്ക്കും നിവിന്‍ പോളി നായകനായെത്തുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റിനും ഒപ്പമായിരുന്നു ഐ ആം ഗെയിം റിലീസ് ചെയ്യേണ്ടിയിരുന്നത്.
പ്രൊമോഷന്‍ പരിപാടികളടക്കം ആരംഭിച്ചിരുന്നങ്കിലും റിലീസ് മാറ്റിവെക്കുകയാണെന്ന് അറിയിച്ചുകൊണ്ട് ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് രംഗത്തെത്തുകയായിരുന്നു. റിലീസ് മാറ്റിവെക്കുന്നതില്‍ ക്ഷമ ചോദിച്ച പ്രൊഡക്ഷന്‍ ഹൗസ് സെപ്തംബര്‍ 3ന് കൂടുതല്‍ സ്‌ക്രീനുകളില്‍ ചിത്രമെത്തിച്ച് കൊണ്ട് ഐ ആം ഗെയിം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സ്‌കെയിലും വലിപ്പവും പരിഗണിച്ചാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയിരിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു.
120 കോടിയോളം മുതല്‍ മുടക്കില്‍ മലയാളത്തിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയ ചിത്രമാണ് ഐ ആം ഗെയ്‌മെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ മൂന്ന് ചിത്രങ്ങള്‍ക്കൊപ്പം കുറഞ്ഞ സ്‌ക്രീനുകളില്‍ ചിത്രം റിലീസ് ചെയ്യുന്നത് പരാജയത്തിന് കാരണമാക്കിയേക്കാമെന്ന് പലരും വിലയിരുത്തുന്നു. അതേസമയം റിലീസ് ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്ന പുതിയ ഡേറ്റാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. സെപറ്റംബര്‍ 3ന് ചിത്രം റിലീസ് ചെയ്യുന്നതോടെ മികച്ച ഒരു തുടക്കം ഐ ആം ഗെയ്മിന് സാധ്യമായേക്കും.
റിലീസ് ചെയ്യുന്ന മൂന്നാം തിയതി വ്യാഴാഴ്ച്ചയ്ക്ക് ശേഷം തൊട്ടടുത്ത ദിവസം സെപ്റ്റംബര്‍ 4ന് ശ്രീകൃഷ്ണ ജയന്തി ആണെന്ന് കാണാം. പബ്ലിക് ഹോളിഡേ ആയതിനാല്‍ തന്നെ ആദ്യ ദിവസം ചിത്രത്തിന് പോസിറ്റീവ് റിവ്യൂ ലഭിച്ചാല്‍ വലിയ രീതിയില്‍ രണ്ടാം ദിവസം തിയേറ്ററുകളിലേക്ക് കാണികളെ എത്തിക്കാന്‍ ഐ ആം ഗെയിമിന് സാധിക്കും. ശനിയാഴ്ച്ചയും ഞായറാഴ്ച്ചയും തുടര്‍ന്ന് വരുന്നത് ആദ്യ ദിനങ്ങളിലെ കളക്ഷനില്‍ വലിയ ഗുണം ചെയ്‌തേക്കാം.
ചിത്രത്തിന് റിലീസ് ചെയ്യാന്‍ അനുയോജ്യമായ മറ്റൊരു ഡേറ്റില്ലെന്നും കാണാം. ഓഗസ്റ്റ് 26ന് പാന്‍ ഇന്ത്യന്‍ റിലീസായി ടോക്‌സിക്കും ഒക്ടോബറില്‍ ജയിലര്‍ 2 വും എത്തുന്നുണ്ട്. നവംബറില്‍ രാമായണ റിലീസിനെത്തുന്നതിനാലും ഡിസംബറില്‍ മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി കോമ്പിനേഷനില്‍ എത്തുന്ന അതിമനോഹരം വെയിറ്റിങ് ലിസ്റ്റിലുള്ളതിനാലും മറ്റൊരു ഓപ്ഷനും ഐ ആം ഗെയ്മിനില്ല.
Content Highlight: I’m game movie’s new release date goes viral on social media
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.