പെണ്‍കുട്ടികള്‍ എന്ന് ഞാന്‍ പറഞ്ഞിട്ടില്ല: മക്കള്‍ക്ക് പകര്‍ന്ന് കൊടുക്കണം എന്നാണ് പറഞ്ഞത്, ഇതില്‍ എന്ത് സ്ത്രീ വിരുദ്ധത: വിശദീകരണവുമായി മുഖ്യമന്ത്രി
Kerala
പെണ്‍കുട്ടികള്‍ എന്ന് ഞാന്‍ പറഞ്ഞിട്ടില്ല: മക്കള്‍ക്ക് പകര്‍ന്ന് കൊടുക്കണം എന്നാണ് പറഞ്ഞത്, ഇതില്‍ എന്ത് സ്ത്രീ വിരുദ്ധത: വിശദീകരണവുമായി മുഖ്യമന്ത്രി
നിഷാന. വി.വി
Wednesday, 29th July 2026, 1:14 pm

തിരുവനന്തപുരം: പാചകവുമായി ബന്ധപ്പെട്ട് താന്‍ സ്ത്രീവിരുദ്ധമായ പരമാര്‍ശം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. അമ്മമാരുടെ പാചക കഴിവുകള്‍ മക്കള്‍ക്ക് പകര്‍ന്ന് കൊടുക്കണമെന്നാണ് താന്‍ പറഞ്ഞതെന്നും അതെങ്ങനെയാണ് സ്ത്രീവിരുദ്ധമാവുന്നതെന്നും വി.ഡി സതീശന്‍ ചോദിച്ചു.

മക്കള്‍ക്ക് ആ കഴിവ് പകര്‍ന്ന് കൊടുക്കുന്നില്ലെന്നും വീട്ടിലേക്ക് കയറി വരുന്ന മകന്റെ ഭാര്യയ്ക്ക് പകര്‍ന്ന് കൊടുക്കണമെന്നുമാണ് താന്‍ പറഞ്ഞതെന്നും ചിലയാളുകള്‍ മൈക്രോസ്‌കോപ്പിക്ക് ലെന്‍സ് വെച്ചാണ് നടക്കുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു.

മക്കള്‍ എന്നാല്‍ ആണും പെണ്ണും ഇല്ലേ, ഇതില്‍ എന്താണിത്ര സ്ത്രീ വിരുദ്ധത. മാധ്യമങ്ങള്‍ ഇത്രയ്ക്ക് തരംതാഴരുത്. ഇല്ലാത്ത കാര്യങ്ങള്‍ ഊതിവീര്‍പ്പിച്ചാല്‍ ക്രെഡിബിലിറ്റി നഷ്ടമാവുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

‘നിങ്ങളെല്ലാം വാര്‍ത്ത കൊടുത്തു. ആരെങ്കിലും അതിന്റെ വിഷ്വല്‍ കണ്ടിട്ടുണ്ടോ?. പലരും പലരുടെയും ആളുകളായി പ്രവര്‍ത്തിക്കുന്നവരാണ്. ഞാന്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് പറയുന്നത്. ഞാന്‍ നടത്തിയ പ്രസംഗം ഇവിടെ വായിക്കാം. ഞാന്‍ ചില അമ്മമാരോട് പരാതി പറയും. ചില അമ്മമാര്‍ അവരുടെതായ പ്രത്യേകമായ ഭക്ഷണം ഉണ്ടാക്കും. അവര്‍ക്ക് മാത്രം ഉണ്ടാക്കാന്‍ പറ്റുന്നവയാണവ. പക്ഷെ അവരുടെ മക്കള്‍ക്ക് അത് പകര്‍ന്നുകൊടുക്കുന്നില്ല. ആ മക്കള്‍ക്കോ മകന്റെ ഭാര്യയായി വരുന്ന ഒരാള്‍ക്കെങ്കിലും ആ ഭക്ഷണത്തിന്റെ പ്രത്യേകത പകര്‍ന്നുകൊടുക്കാന്‍ കഴിയണമെന്നാണ്. മക്കള്‍ എന്നുപറഞ്ഞാല്‍ പെണ്‍മക്കള്‍ എന്ന് എവിടെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്’ സതീശന്‍ ചോദിച്ചു.

പാചകവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. പിന്നലെയാണ് താന്‍ പറഞ്ഞത് അങ്ങനെയല്ല എന്ന് വാദിച്ച് കൊണ്ടുള്ള മുഖ്യമന്ത്രിയുടെ വിശദീകരണം.

Content Highlight:”I did not say ‘girls’; I said it should be passed on to one’s children—where is the misogyny in that?” — Chief Minister offers clarification.

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.