പ്രധാനമന്ത്രിയെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ്: മെറ്റ ഇന്ത്യ തലവനെതിരെയും കേസെടുത്ത് പൊലീസ്
India
പ്രധാനമന്ത്രിയെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ്: മെറ്റ ഇന്ത്യ തലവനെതിരെയും കേസെടുത്ത് പൊലീസ്
റെന്വര്‍ പി
Friday, 31st July 2026, 5:03 pm

ഹൈദരാബാദ്: സി.ജെ.പി പ്രതിഷേധ സമയത്ത് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവച്ച വീഡിയോകളുമായി ബന്ധപ്പെട്ട് മെറ്റ ഇന്ത്യ തലവന്‍ അരുണ്‍ ശ്രീനിവാസിനെതിരെ ഹൈദരാബാദ് സൈബര്‍ ക്രൈം പൊലീസ് കേസെടുത്തു. അരുണ്‍ ശ്രീനിവാസിന് പുറമെ ചില ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളെ കൂടി പ്രതികളാക്കിയാണ് ഹൈദരാബാദ് പൊലീസ് കേസെടുത്തത്. ബി.ജെ.പി പ്രവര്‍ത്തകന്‍ ടി. സായ് കിരണ്‍ ഗൗഡ്, വ്യവസായിയായ എസ്. അരവിന്ദ് റെഡ്ഡി എന്നിവരുടെ പരാതിയിലാണ് നടപടി.

സി.ജെ.പി പ്രതിഷേധ സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘അവഹേളിക്കുന്ന’ തരത്തിലുള്ള വീഡിയോകള്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവെക്കപ്പെട്ടെന്നാണ് പരാതിക്കാര്‍ ആരോപിക്കുന്നത്. പ്രധാന മന്ത്രിയെ അശ്ലീലമായ തരത്തിലടക്കം ചിത്രീകരിക്കുന്ന മോര്‍ഫ് ചെയ്തതും ഡിജിറ്റലി മാറ്റം വരുത്തിയതുമായ വീഡിയോകള്‍ ഇന്‍സ്റ്റഗ്രാം ഫീഡില്‍ പ്രത്യക്ഷപ്പെട്ടതായി പരാതിയില്‍ പറയുന്നു.

ഈ പോസ്റ്റുകളില്‍ പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട് അധിക്ഷേപകരവും മാന്യതയില്ലാത്തതുമായ ഭാഷയിലുള്ള കമന്റുകളുമുണ്ടായിരുന്നെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. വീഡിയോകള്‍ എ.ഐ ഉപയോഗിച്ച് ഡിജിറ്റലായി മാറ്റം വരുത്തിയ തരത്തിലാണ് കാണപ്പെടുന്നതെന്നും സമൂഹ മാധ്യമങ്ങളില്‍ ഇവ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നെന്നും പരാതിയില്‍ പറയുന്നു.

തെലങ്കാന ബി.ജെ.പിയുടെ സോഷ്യല്‍ മീഡിയ ടീം അംഗമാണ് പരാതിക്കാരിലൊരാളായ സായ്കിരണ്‍ ഗൗഡ് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരാതിക്കൊപ്പം 20 സോഷ്യല്‍മീഡിയ പോസ്റ്റുകളുടെ ലിങ്കുകളും ഇയാള്‍ സമര്‍പിച്ചിരുന്നു. ഇത്തരം ഉള്ളടക്കത്തിന് തങ്ങളുടെ പ്ലാറ്റ്‌ഫോമുകളില്‍ അനുമതി നല്‍കിയ മെറ്റക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

ബി.എന്‍.എസിലെ വകുപ്പുകള്‍ പ്രകാരവും ഐ.ടി ആക്ട് പ്രകാരവുമാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. പരാതിയില്‍ സമര്‍പിച്ച ലിങ്കുകള്‍ ഇനാക്ടീവ് ആണെന്ന് പൊലീസ് അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

‘രജിസ്റ്റര്‍ ചെയ്ത കേസുകളെ കുറിച്ചും പരാതിക്കാര്‍ റിപ്പോര്‍ട്ട് ചെയ്ത ആക്ഷേപകരമായ ലിങ്കുകളെക്കുറിച്ചും മെറ്റയ്ക്ക് ഞങ്ങള്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് അവരെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും ശ്രമിക്കുകയാണ്,’ പൊലീസ് പറഞ്ഞു.

കേസില്‍ മെറ്റ ഇന്ത്യ തലവന്‍ അരുണ്‍ ശ്രീനിവാസിന് പോലീസ് നോട്ടീസ് അയക്കുമെന്ന് സൈബര്‍ ക്രൈംസ് വിഭാഗം ചുമതലയുള്ള ഹൈദരാബാദ് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ വി അരവിന്ദ് ബാബു പറഞ്ഞതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച വരെ നോട്ടീസ് പുറപ്പെടുവിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സമീപ കാലത്ത് മെറ്റയും കേന്ദ്രസര്‍ക്കാരും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ രൂപപ്പെട്ടിരുന്നു. സി.ജെ.പി പ്രതിഷേധവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍, വാട്‌സ്ആപ്പ് യൂസര്‍നെയിം ഫീച്ചര്‍ എന്നീ വിഷയങ്ങളിലായിരുന്നും സര്‍ക്കാരും മെറ്റയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മെറ്റ ഇന്ത്യ തലവനെതിരെ കേസെടുത്ത നടപടി.

സി.ജെ.പി പ്രതിഷേധത്തിന്റെ സമയത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഈ മാസം 27ന് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് അയച്ചിരുന്നു. പ്രധാനമന്ത്രിക്കെതിരായ അപമാനകരവും അധിക്ഷേപകരവുമായ പോസ്റ്റുകളും വിഡിയോകളും നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടായിരുന്നു നോട്ടീസ് നല്‍കിയത്.

ഇതിന് പിന്നാലെ, പ്രധാന മന്ത്രി നരേന്ദ്ര മോദി യുവാക്കളെ അഭിസംബോധന ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ അപ് ലോഡ് ചെയ്ത വീഡിയോ മെറ്റയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടിരുന്നു. ഇതില്‍ മെറ്റ പിന്നീട് ഖേദമറിയിക്കുകയും ചെയ്തു. വീഡിയോ പുനസ്ഥാപിച്ച മെറ്റ സാങ്കേതിക തകരാര്‍ കാരണമാണ് നീക്കം ചെയ്യപ്പെട്ടതെന്ന് വിശദീകരിക്കുകയും ചെയ്തിരുന്നു.

നേരത്തെ മെറ്റക്ക് കീഴിലുള്ള വാട്സാപില്‍ യൂസര്‍നെയിം ഫീച്ചര്‍ കൊണ്ടുവരാനുള്ള ശ്രമത്തെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ഫോണ്‍ നമ്പര്‍ വെളിപ്പെടുത്താതെ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമുള്ളത് പോലെ യൂസര്‍ നെയിം മാത്രം വെളിപ്പെടുത്തി സന്ദേശം അയക്കാന്‍ അനുവദിക്കുന്ന ഫീച്ചറായിരുന്നു യൂസര്‍നെയിം. എന്നാല്‍ ഈ ഫീച്ചറിനെതിരെ കേന്ദ്ര സര്‍ക്കാര്‍ മെറ്റക്ക് നോട്ടീസ് അയച്ചിരുന്നു.

Content highlight:   Hyderabad Police book cases against Meta India head, social media users over Facebook posts on PM


റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.