മുംബൈ: എന്താണ് സംഭവിച്ചതെന്ന് മുംബൈ താരങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലും അവസരം കിട്ടിയിരുന്നില്ല. കണ്ണ് പൂട്ടിത്തുറക്കുന്നതിന് മുമ്പ് തന്നെ ബ്ലാസ്റ്റേഴ്‌സിന്റെ ഹ്യൂമേട്ടന്‍ മുംബൈയുടെ വല ചലിപ്പിച്ചിരുന്നു. ആദ്യ പകുതി പിന്നിടുമ്പോള്‍ ഹ്യൂമിന്റെ ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് മുന്നിട്ടു നില്‍ക്കുകയാണ്.

23ാം മിനുറ്റിലായിരുന്നു ഗ്യാലറിയപ്പോലും അമ്പരപ്പിച്ച ആ ഗോള്‍ പിറന്നത്. സിഫ്‌നിയോസിനെ ഫൗള്‍ ചെയ്തതിന് കിട്ടിയ ഫ്രീകിക്ക് പെക്കൂസന്‍ എടുക്കുന്നിടത്താണ് നാടകീയത തുടങ്ങിയത്. മുംബൈ താരങ്ങള്‍ ഫ്രീകിക്കിന് തയ്യാറെടുക്കും മുമ്പ് തന്നെ പെക്കൂസന്‍ ഹ്യൂമേട്ടന് പാസ് നല്‍കുകയായിരുന്നു.

പെടുന്നനെ പന്ത് സ്വീകരിച്ച ഹ്യൂം ഒട്ടും ചിന്തിക്കാനുള്ള ഗ്യാപ്പ് പോലും നല്‍കാതെ മുംബൈയുടെ പോസ്റ്റിലേക്ക് പാഞ്ഞു കയറി ഗോളടിക്കുകയായിരുന്നു. ആ നിമിഷം മുംബൈ താരങ്ങള്‍ എല്ലാം കണ്ടു കൊണ്ട് എന്തു ചെയ്യണമെന്ന് അറിയാതെ നോക്കി നില്‍ക്കുക മാത്രമായിരുന്നു ചെയ്തത്.

സംഭവത്തിനെതിരെ മുംബൈ താരങ്ങള്‍ റഫറിയെ സമീപിച്ചെങ്കിലും അദ്ദേഹം ബ്ലാസ്റ്റേഴ്‌സിന് അനകൂല തീരുമാനം എടുക്കുകയായിരുന്നു.