ലോകം മുഴുവനും ആരാധകരുളള ‘ഗെയിം ഓഫ് ത്രോണ്‍സ്’ സീരീസിലെ ‘ഹൗസ് ഓഫ് ദ ഡ്രാഗണിന്റെ’ രണ്ടാം ഭാഗം 2024ല്‍ പുറത്തിറങ്ങും. എച്ച്.ബി.ഒ നെറ്റ്‌വര്‍ക്ക് മേധാവി കേസി ബ്ലോയ്സാണ് ഈ കാര്യം പുറത്തുവിട്ടത്.

‘ഹൗസ് ഓഫ് ദ ഡ്രാഗണി’ന്റെ പത്ത് എപ്പിസോഡുകളുള്ള ആദ്യ സീസണ്‍ 2022 ഓഗസ്റ്റ് 21 മുതല്‍ ഒക്ടോബര്‍ 23 വരെയായിരുന്നു സംപ്രേക്ഷണം ചെയ്തിരുന്നത്. അമേരിക്കന്‍ നോവലിസ്റ്റും തിരക്കഥാകൃത്തുമായ ജോര്‍ജ് ആര്‍.ആര്‍. മാര്‍ട്ടിന്‍ എഴുതിയ ‘ഫയര്‍ ആന്റ് ബ്ലഡ്’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ‘ഹൗസ് ഓഫ് ദ ഡ്രാഗണിന്റെ’ കഥ.

‘ഗെയിം ഓഫ് ത്രോണ്‍സ്’ പ്രീക്വലിന്റെ രണ്ടാം സീസണില്‍ മാറ്റ് സ്മിത്ത്, ഒലിവിയ കുക്ക്, എമ്മ ഡി. ആര്‍സി, ഈവ് ബെസ്റ്റ്, സ്റ്റീവ് ടൗസെന്റ്, ഫാബിയന്‍ ഫ്രാങ്കല്‍, ഇവാന്‍ മിച്ചല്‍, ടോം ഗ്ലിന്‍-കാര്‍ണി, സോനോയ മിസുനോ, റൈസ് ഇഫാന്‍സ് എന്നിവര്‍ അഭിനയിക്കുന്നുണ്ട്.

2019ല്‍ ഇറങ്ങിയ ‘ഗെയിം ഓഫ് ത്രോണ്‍സ്’ സീരീസിലെ കഥാസന്ദര്‍ഭങ്ങള്‍ നടക്കുന്നതിനും മുന്നൂറ് വര്‍ഷങ്ങള്‍ മുമ്പുള്ള കഥയായിരുന്നു ‘ഹൗസ് ഓഫ് ഡ്രാഗണി’ലൂടെ പറയുന്നത്. എട്ട് സീസണുകളുള്ള സീരീസായിരുന്നു ‘ഗെയിം ഓഫ് ത്രോണ്‍സ്’.

‘ഗെയിം ഓഫ് ത്രോണ്‍സി’ന്റെ സ്പിന്നോഫ് ‘എ നൈറ്റ് ഓഫ് സെവന്‍ കിംഗ്ഡംസ്: ദി ഹെഡ്ജ് നൈറ്റി’ന്റെ ഷൂട്ടിങ് വൈകാതെ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബ്ലോയ്സ് പറഞ്ഞു. വ്യാഴാഴ്ച നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം അറിയിച്ചത്.

ഈ പത്രസമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്ക് ‘ഹൗസ് ഓഫ് ദി ഡ്രാഗണി’ന്റെ രണ്ടാമത്തെ സീസണിലെ ആദ്യ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചിരുന്നതായും, അതിലെ ഡീറ്റിയലുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവാദമില്ലെന്നും ആഗോളമാധ്യമങ്ങള്‍ പറഞ്ഞു.

Content Highlight: House Of The Dragon Season Two Coming Soon