മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഹണി റോസ്. നന്ദമൂരി ബാലകൃഷ്ണന്‍ നായകനായെത്തുന്ന ഏറ്റവും പുതിയ തെലുങ്ക് സിനിമയായ ‘വീര സിംഹ റെഡ്ഡി’യില്‍ പ്രധാനവേഷത്തില്‍ ഹണി എത്തുന്നുണ്ട്. സിനിമയുടെ പ്രീ റിലീസിന്റെ ഭാഗമായി നടത്തിയ പരിപാടിയില്‍ ഹണി റോസ് നടത്തിയ തെലുങ്ക് പ്രസംഗമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഇപ്പോള്‍ ഹണിയുടെ തെലുങ്ക് പ്രസംഗങ്ങത്തെ അഭിനന്ദിച്ചും ട്രോളിയുമൊക്കെ നിരവധി പേരാണ്, ഹണി റോസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ‘എല്ലാം മനസിലായത് പോലെയിരിക്കാം’ ‘നേനു ചാല ഡെയിഞ്ചറസു’ ‘ഫ്‌ലൈറ്റ് പിടിച്ച് നിര്‍ത്തുന്ന ബാലു അണ്ണന് ഇതൊക്കെ ചീള് കേസ്’ തുടങ്ങിയ കമന്റുകള്‍ക്ക് പുറമെ, ഹണിക്ക് അഭിനന്ദനവുമായും ചിലര്‍ വന്നിട്ടുണ്ട്.

‘നിങ്ങള്‍ വളരെ നന്നായി തെലുങ്ക് സംസാരിക്കുന്നു’ ‘തെലുങ്ക് നടിമാര്‍ പോലും ഇത്ര നന്നായി സംസാരിക്കാറില്ല തീര്‍ച്ചയായും നിങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നു’ തുടങ്ങിയവയാണ് മറ്റ് കമന്റുകള്‍.

അതേസമയം ശ്രുതി ഹാസന്‍, വരലക്ഷ്മി ശരത്കുമാര്‍, ദുനിയ വിജയ്, പി.രവി ശങ്കര്‍, ചന്ദ്രിക രവി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാനവേഷങ്ങളിലെത്തുന്നത്. ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്യുന്ന സിനിമ ജനുവരി 12നാണ് തിയേറ്ററുകളിലെത്തുന്നത്. ഹണി റോസിന് പുറമെ മലയാളത്തില്‍ നിന്നും ലാലും സിനിമയില്‍ മറ്റൊരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

സിനിമയുടേതായി പുറത്തിറങ്ങിയ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. അതിന്റെ പേരില്‍ നടന്‍ ബാലയ്യക്കെതിരെയും നിരവധി ട്രോളുകള്‍ ഉയര്‍ന്ന് വന്നിരുന്നു. വിജയ്, അജിത് എന്നിവരുടെ സിനിമക്കൊപ്പമാണ് ഈ സിനിമയും റിലീസാകുന്നത്.