ഷാഹീന്‍ ബാഗ് സമരനായിക ബില്‍ക്കിസ് ബാനുവിന് ഹോളിവുഡിലും ആരാധിക. സൂപ്പര്‍ഹീറോ ചിത്രമായ വണ്ടര്‍ വുമണിലെ നായിക ഗാള്‍ ഗദോത് ആണ് 2020 തന്നെ അത്ഭുതപ്പെടുത്തിയ സ്ത്രീകളുടെ പട്ടികയില്‍ ബില്‍ക്കിസ് ദാദിയെയും ഉള്‍പ്പെടുത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ #MyPersonalWonderWomen എന്ന ഹാഷ്ടാഗിലാണ് 2020ല്‍ തന്നെ അത്ഭുതപ്പെടുത്തിയ സ്ത്രീകളുടെ പട്ടിക ഗാള്‍ ഗാദോത് പങ്കുവെച്ചത്.
‘#MyPersonalWonderWomen ഇതില്‍ കുറച്ചു പേര്‍ എന്നോട് വളരെ അടുത്തു നില്‍ക്കുന്നവരാണ്, കുടുംബവും സുഹൃത്തുക്കളും. ഏറെ പ്രചോദനം നല്‍കിയ മറ്റു സ്ത്രീകളെ ഞാന്‍ കണ്ടുമുട്ടിയതാണ്. അവരെ കണ്ടെത്താന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ട്. ഇക്കൂട്ടത്തിലെ മറ്റു സ്ത്രീകളെ ഭാവിയില്‍ എപ്പോഴെങ്കിലും കണ്ടുമുട്ടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.’ ഗാളിന്റെ ഇന്‍സ്റ്റാ പോസ്റ്റില്‍ പറയുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ 2019 ഡിസംബറില്‍ ദല്‍ഹിയിലെ ഷാഹീന്‍ ബാഗില്‍ ആരംഭിച്ച പ്രതിഷേധത്തിന്റെ മുഖമായാണ് ബില്‍ക്കിസ് ബാനു എന്ന എണ്‍പതുകാരിയെത്തുന്നത്. കാലാവസ്ഥ വ്യതിയാനത്തെയും പൊലീസ് അടിച്ചമര്‍ത്തലുകളെയും കേന്ദ്ര സര്‍ക്കാരില്‍ നിന്നും നേരിട്ട മറ്റു നടപടികളെയുമെല്ലാം അതിജീവിച്ച് സമരരംഗത്ത് തുടര്‍ന്ന ബില്‍ക്കിസ് ദാദി സമരരംഗത്തുണ്ടായിരുന്നവര്‍ക്ക് വലിയ പ്രചോദമായിരുന്നു.
Content Highlight: Hollywood actress Gal Gadot Hails Bilkis Dadi as Her Personal Wonder Woman
