ന്യൂദല്‍ഹി: ഹിന്ദി പഠിക്കണമെന്ന പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് കേന്ദ്ര സര്‍ക്കാര്‍ തിരുത്തി. പുതിയ കരടില്‍ വിദ്യാര്‍ഥികള്‍ക്ക് താല്‍പര്യത്തിനനുസരിച്ച് ഭാഷ മാറാന്‍ സാധിക്കും.

ഇംഗ്ലീഷിനൊപ്പം പ്രാദേശിക ഭാഷയും ദേശീയ ഭാഷയായ ഹിന്ദിയും ഉള്‍പ്പെടുന്ന ത്രിഭാഷാ പദ്ധതി നടപ്പാക്കണമെന്നായിരുന്നു പഴയ കരടിലെ നിര്‍ദേശം.ഇതിനെതിരെയായിരുന്നു പ്രതിഷേധം.
നേരത്തെ ഹിന്ദി നമ്മുടെ മാതൃഭാഷയൊന്നുമല്ലെന്നും അത് നമ്മുടെ മേല്‍ അടിച്ചല്‍പ്പിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യരുതെന്നും എം.എന്‍.എസ് സംസ്ഥാന നേതാവ് അനില്‍ ഷിഡോര്‍ വ്യക്തമാക്കിയിരുന്നു.

കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ തമിഴ്നാട്ടിലും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തമിഴ്‌നാട്ടുകാരുടെ രക്തത്തില്‍ ഹിന്ദിയ്ക്ക് യാതൊരു സ്ഥാനവുമില്ലെന്ന് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍ പറഞ്ഞിരുന്നു.

തമിഴ്‌നാട്ടുകാര്‍ക്കുമേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് തേനീച്ചക്കൂട്ടിനുനേരെ കല്ലെറിയുന്നതിനു തുല്യമാണെന്നും സ്റ്റാലിന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ബി.ജെ.പിയ്‌ക്കെതിരെ ഡി.എം.കെ പോരിനിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മുന്‍ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ കസ്തൂരിരംഗത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് രൂപം തയ്യാറാക്കിയത്.സ്‌കൂളുകളില്‍ മൂന്നുഭാഷ പഠിപ്പിക്കണമെന്നും കുട്ടികള്‍ നേരത്തെ തന്നെ മൂന്നുഭാഷകളില്‍ പ്രാവീണ്യം നേടുന്നത് ഗുണകരമാകുമെന്നുമായിരുന്നു പുതിയ വിദ്യാഭ്യാസ നയത്തില്‍ പറഞ്ഞിരുന്നത്.