
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനെതിരെ വീണ്ടും ആരോപണവുമായി റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്.
ഹിലരി തീവ്രവാദ സംഘടനയായ ഐസിസിന്റെ സ്ഥാപകയാണെന്ന് ട്രംപ് ആരോപിച്ചു. സ്ഥാപകയെന്ന നിലയില്‍ ഹിലരിക്ക് ഐസിസില്‍ നിന്ന് വലിയ അവാര്‍ഡ് ലഭിക്കേണ്ടതാണെന്നും ട്രംപ് പരിഹസിച്ചു.
നിങ്ങള്‍ വേള്‍ഡ് ട്രേഡ് സെന്ററും നോക്കൂ..ഒര്‍ലാന്‍ഡോയെ നോക്കൂ.. സാന്‍ബെര്‍നാര്‍ഡിനോ നോക്കൂ.. ഇനി ഇപ്പോള്‍ ലോകമൊട്ടാകെ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നും നോക്കൂ. എന്നിട്ടും ഐസിസിനെ ഇത്രക്ക് വളരാനും ഈ സ്ഥാനത്ത് എത്താനും നമ്മള്‍ അനുവദിച്ചു. ഇനി അത് അനുവദിച്ചുകൂടെന്നും ട്രംപ് പറഞ്ഞു.
താനായിരുന്നു പ്രസിഡന്റെങ്കില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം നടക്കുമായിരുന്നില്ലെന്ന് ട്രംപ് പറഞ്ഞു. ഫ്‌ലോറിഡയില്‍ ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.
ഹിലരി ക്ലിന്റനെതിരെ ശക്തമായ ആക്രമണമാണ് പ്രസംഗ വേദികളിലെല്ലാം ട്രംപ് അഴിച്ചുവിടുന്നത്. നേരത്തെ ഹിലരി ക്ലിന്റനെ ചെകുത്താന്‍ എന്ന് വിശേഷിപ്പിച്ച് ട്രംപ് വിവാദത്തില്‍പ്പെട്ടിരുന്നു.
കഴിഞ്ഞ കുറച്ചു നാളുകളായി ഹിലരിയെ “ക്രൂക്ക്ഡ്” എന്നാണ് ട്രംപ് വിളിക്കുന്നത്. ഹിലരി ക്ലിന്റനെ കാപട്യക്കാരിയെന്ന് വിശേഷിപ്പിച്ച ട്രംപ് അങ്ങനൊരാളോട് തോല്‍ക്കേണ്ടി വന്നാല്‍ അത് അങ്ങേയറ്റം അപമാനകരമായിരിക്കുമെന്ന് അഭിപ്രായപ്പെട്ടു.
തന്റെ പാര്‍ട്ടിയില്‍ അഭിപ്രായഭിന്നതകള്‍ ഉണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും പാര്‍ട്ടി ഐക്യത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും ട്രംപ് പറഞ്ഞു. മുന്‍പ് ഒരിക്കലും കണ്ടിട്ടില്ലാത്ത ഐക്യമാണ് പാര്‍ട്ടിയില്‍ ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.
