[]എറണാകുളം: ലൈംഗികാരോപണ കേസില്‍ ##ജോസ് തെറ്റയില്‍ എം.എല്‍.എയ്‌ക്കെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കി. ഹൈക്കോടതിയാണ് എഫ്.ഐ.ആര്‍ റദ്ദാക്കിയത്. []
ബലാത്സംഗം നടന്നെന്ന യുവതിയുടെ പരാതി നിലനില്‍ക്കില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. തെറ്റയിലിനെതിരായ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസും കോടതി റദ്ദാക്കിയിട്ടുണ്ട്.
യുവതി നല്‍കിയ പരാതിയിലെ വാദങ്ങള്‍ തെളിയിക്കാനായില്ലെന്ന് കോടതി വ്യക്തമാക്കി. ബലാത്സംഗത്തിനുള്ള തെളിവുകള്‍ ഹാജരാക്കിയില്ല. പരാതിയിലെ കാര്യങ്ങള്‍ക്ക് നിയമപരമായ സാധുതയില്ലെന്നും ഹൈക്കോടതി പറഞ്ഞു.
സമ്മതത്തോടെയല്ല ലൈംഗികബന്ധം എന്ന യുവതിയുടെ വാദം കോടതി തള്ളുകയായിരുന്നു.
ബലാംത്സംഗം നടന്നുവെന്ന് കരുതാന്‍ പ്രഥമദൃഷ്ട്യാ തെളിവുകളില്ല. ലൈംഗിക ബന്ധം സമ്മതത്തോടെയല്ല നടന്നത് എന്ന് തെളിയിക്കാനായിട്ടില്ല.
ഏത് അടിസ്ഥാനത്തിലാണ് ബലാത്സംഗം നടന്നുവെന്ന് ഉറപ്പിക്കുക, വീട്ടിലേക്ക് വിളിച്ചുവരുത്തി സമ്മതത്തോടെ ലൈംഗിക ബന്ധം നടത്തിയതിന് ശേഷം അത് ബലാത്സംഗമാണെന്ന് പറയുന്നത് ശരിയല്ല.
ബലപ്രയോഗം നടത്തിയതിന് തെളിവില്ല. തെറ്റയിലിന്റെ ഭാഗത്ത് നിന്ന് മോശമായ പെരുമാറ്റം ഉണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് യുവതി ആദ്യമേ പോലീസില്‍ പരാതി നല്‍കിയില്ലെന്ന് കോടതി ചോദിച്ചു.
യുവതിയുടെ ഭാഗത്ത് നിന്ന് യാതൊരു എതിര്‍പ്പും ഉണ്ടായതായി കാണുന്നില്ല. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ തന്നെ ഇത്തരമൊരു കേസ് ആദ്യമാണെന്നും കോടതി പറഞ്ഞു.
അന്വേഷണ സംഘത്തേയും കോടതി വിമര്‍ശിച്ചു. തെറ്റിയില്‍ കേസിലെ അന്വേഷണ രീതി പോലീസിന് ചേര്‍ന്നതല്ല. ആര്‍ക്ക് നേരെയും എപ്പോള്‍ വേണമെങ്കിലും പരാതി ഉന്നയിക്കാമെന്ന അവസ്ഥയാണ് നിലവില്‍ ഉള്ളതെന്നും കോടതി പറഞ്ഞു
എഫ്.ഐ.ആറിന് നിയമപരമായ അടിത്തറയില്ല. ആധികാരികമായല്ല എഫ്.ഐ.ആര്‍ തയ്യാറാക്കിയതെന്ന് കോടതി പറഞ്ഞു.
എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജോസ് തെറ്റയില്‍ നല്‍കിയ ഹരജിയില്‍ ജസ്റ്റിസ് പി. ഭവദാസനാണ് വിധി പുറപ്പെടുവിച്ചത്.
ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി അറിയിച്ചു.
തെറ്റയിലിനെതിരെ ബലാത്സംഗക്കുറ്റം നിലനില്‍ക്കുമോ എന്ന് കോടതി ഇതിന് മുന്‍പ് ചോദിച്ചിരുന്നു. ഇതിന് ശേഷം തെറ്റയില്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റംകൂടി പോലീസ് ചുമത്തുകയായിരുന്നു.
തനിക്ക് നേരെ നടന്നത് ബലാത്സംഗം തന്നെയാണെന്നും തന്റെ സമ്മതമില്ലാതെയാണ് തെറ്റയില്‍ ബന്ധപ്പെട്ടതെന്നും യുവതി പറഞ്ഞു.
ഹൈക്കോടതി വിധി ആശ്വാസകരമാണെന്ന് ജോസ് തെറ്റയില്‍ പ്രതികരിച്ചു. സി.ഡി കൃത്രിമമാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്, രാഷ്ട്രീയ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാനാണ് തീരുമാനം.
മകനുമായി വിവാഹാലോചന വന്നിട്ടില്ല. യുവതി അപ്പീല്‍ നല്‍കേണ്ടത് മനഃസാഷിയുടെ കോടതിയിലാണ്. ഇതിനുപിന്നിലുള്ള ഗൂഢാലോചന മാധ്യമങ്ങള്‍ അന്വേഷിച്ചു കണ്ടെത്തണമെന്നും തെറ്റയില്‍ ആവശ്യപ്പെട്ടു.
അങ്കമാലിയില്‍ 60 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. സ്വകാര്യ ജീവിതത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം. നാട്ടിലെ ജനങ്ങള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും തന്നെക്കുറിച്ച് വ്യക്തമായി അറിയാമെന്നും തെറ്റയില്‍ പറഞ്ഞു.
