കരാറിലെ ഓരോ നിബന്ധനയും ഇസ്രഈലിന് അനുകൂലമെന്ന്; ബെയ്‌റൂട്ടില്‍ ഹിസ്ബുല്ല അനുകൂലികളുടെ പ്രതിഷേധം
World News
കരാറിലെ ഓരോ നിബന്ധനയും ഇസ്രഈലിന് അനുകൂലമെന്ന്; ബെയ്‌റൂട്ടില്‍ ഹിസ്ബുല്ല അനുകൂലികളുടെ പ്രതിഷേധം
ആദര്‍ശ് എം.കെ.
Saturday, 27th June 2026, 7:30 pm

ബെയ്‌റൂട്ട്: ഇസ്രഈലും ലെബനനും തമ്മില്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ വാഷിങ്ടണില്‍ ഒപ്പുവെച്ച കരാറിനെതിരെ ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഹിസ്ബുല്ല അനുകൂലികളുടെ പ്രതിഷേധം.

2026 ജൂണില്‍ ഇരുരാജ്യങ്ങളും അമേരിക്കയും തമ്മില്‍ ഒപ്പുവെച്ച ഈ കരാറിനെതിരെ വെള്ളിയാഴ്ച രാത്രി ആരംഭിച്ച പ്രതിഷേധ പ്രകടനങ്ങള്‍ ശനിയാഴ്ചയും തുടരുകയാണ്.

മേഖലയിലെ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കരാര്‍ കൊണ്ടുവന്നതെങ്കിലും, ഇതിലെ വ്യവസ്ഥകള്‍ക്കെതിരെ വലിയ രീതിയിലുള്ള ജനരോഷമാണ് ലെബനനില്‍ ഉയരുന്നത്.

നൂറുകണക്കിന് ഹിസ്ബുല്ല അനുകൂലികള്‍ മോട്ടോര്‍ ബൈക്കുകളിലും മോപ്പഡുകളിലുമായി ബെയ്‌റൂട്ടിലെ തെക്കന്‍ പ്രാന്തപ്രദേശങ്ങളായ ദാഹിയയിലൂടെയും നഗരമധ്യത്തിലൂടെയും വന്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധക്കാര്‍ വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡ് ടയറുകള്‍ കത്തിച്ച് ഉപരോധിച്ചു.

നഗരത്തിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ലെബനീസ് സൈന്യം വിവിധ ഭാഗങ്ങളില്‍ താത്കാലിക ചെക്ക്പോസ്റ്റുകള്‍ സ്ഥാപിച്ചു. റോഡ് ഉപരോധിച്ച പ്രതിഷേധക്കാരെ നീക്കം ചെയ്ത് സൈന്യം ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്.

അഞ്ച് ഘട്ടങ്ങളിലായി നടന്ന നേരിട്ടുള്ള ചര്‍ച്ചകള്‍ക്കൊടുവിലാണ് വാഷിങ്ടണില്‍ വെച്ച് ഇസ്രഈലും ലെബനനും കരാറില്‍ ഒപ്പുവെച്ചത്.

ഹിസ്ബുല്ലയെ പൂര്‍ണമായി നിരായുധീകരിക്കുക, ഇസ്രഈല്‍ പിടിച്ചെടുത്ത ചില മേഖലകളില്‍ ലെബനീസ് സൈന്യത്തെ വിന്യസിക്കുക തുടങ്ങിയവയാണ് കരാറിലെ പ്രധാന നിര്‍ദേശങ്ങള്‍.

ഇസ്രഈല്‍ സേന ലെബനീസ് ഭൂമിയില്‍ നിന്ന് എപ്പോള്‍ പിന്മാറുമെന്ന് കരാറില്‍ വ്യക്തമാക്കുന്നില്ല. സുരക്ഷാ സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതിനും ഹിസ്ബുള്ള ആയുധം താഴെ വെക്കുന്നതിനും അനുസൃതമായി മാത്രമേ പിന്മാറ്റം ഉണ്ടാകൂ എന്ന നിബന്ധന ഇസ്രഈലിന് അനുകൂലമാണെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.

ഈ വ്യവസ്ഥ രാജ്യത്തിന്റെ പരമാധികാരം പണയപ്പെടുത്തുന്നതാണെന്നാണ് വിമര്‍ശകരുടെ പക്ഷം.

‘ഈ കരാര്‍ രാജ്യത്തെ ഒരു ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കും. മധ്യപൂര്‍വേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും തമ്മിലുള്ള ‘ഇസ്ലമാബാദ് പാത’ തകര്‍ക്കാനുള്ള ശ്രമമാണിത്. ഇസ്രഈലിന്റെ അധിനിവേശം തുടരുന്നിടത്തോളം കാലം ഹിസ്ബുള്ള ആയുധം താഴെ വെക്കില്ല,’ ഹിസ്ബുല്ല പാര്‍ലമെന്റ് അംഗം ഹസന്‍ ഫദ്‌ലള്ള പറഞ്ഞു.

അതേസമയം, ഹിസ്ബുല്ല നിരായുധരായില്ലെങ്കില്‍ ദക്ഷിണ ലെബനനില്‍ അധിനിവേശം തുടരാന്‍ ഈ കരാര്‍ തങ്ങളുടെ സൈന്യത്തിന് അനുവാദം നല്‍കുന്നുണ്ടെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഈ കരാര്‍ ഇറാനേറ്റ കനത്ത പ്രഹരമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

കരാര്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ബലപ്രയോഗം നടത്തിയാല്‍ അത് രാജ്യത്തെ ആഭ്യന്തര യുദ്ധത്തിലേക്ക് തള്ളിവിടുമെന്ന് ഹിസ്ബുല്ല നേതൃത്വം മുന്നറിയിപ്പ് നല്‍കുന്നു.

കരാര്‍ ഒപ്പിട്ടതിന് പിന്നാലെയും മേഖലയില്‍ പ്രകോപനങ്ങള്‍ തുടരുകയാണ്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം തെക്കന്‍ ലെബനനിലെ നബതിയ മേഖലയില്‍ ഇസ്രഈല്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായും ലെബനീസ് സൈനിക ചെക്ക്പോസ്റ്റിന് സമീപം സൗണ്ട് ബോംബ് എറിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇസ്രഈല്‍-ലെബനന്‍ അതിര്‍ത്തിയിലെ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കരാര്‍ ഒപ്പിട്ടതെങ്കിലും, ഹിസ്ബുല്ലയുടെ കടുത്ത എതിര്‍പ്പ് ലെബനനെ വരും ദിവസങ്ങളില്‍ കടുത്ത ആഭ്യന്തര പ്രതിസന്ധിയിലേക്ക് നയിച്ചേക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

 

Content Highlight:  Hezbollah supporters protest in Beirut against Israel-Lebanon deal

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.