ഇതാ എന്റെ സ്‌കോളര്‍ഷിപ്പ് കത്ത്; യു.എസ് വിദ്യാഭ്യാസ വിവാദത്തില്‍ വിവരാവകാശ പ്രവര്‍ത്തകന് മറുപടിയുമായി ദീപ്‌കെ
India
ഇതാ എന്റെ സ്‌കോളര്‍ഷിപ്പ് കത്ത്; യു.എസ് വിദ്യാഭ്യാസ വിവാദത്തില്‍ വിവരാവകാശ പ്രവര്‍ത്തകന് മറുപടിയുമായി ദീപ്‌കെ
നിഷാന. വി.വി
Monday, 3rd August 2026, 10:55 am

ന്യൂദല്‍ഹി: തന്റെ യു.എസ് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മറുപടിയുമായി കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ. ദീപ്‌കെയുടെ പിതാവിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകന്‍ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് അദ്ദേഹത്തിന്റെ മറുപടി.

ബോസ്റ്റണ്‍ സര്‍വകലാശാല നല്‍കിയ സ്‌കോളര്‍ഷിപ്പും എജ്യൂക്കേഷന്‍ ലോണുമാണ് തന്റെ പഠനത്തിന് സഹായിച്ചതെന്നും ഈ വിഷയത്തില്‍ കുടുംബത്തിന്റെ പേരില്‍ ഉയരുന്ന സംശയങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന പത്ര പ്രവര്‍ത്തക ബര്‍ഖ ദത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദീപ്‌കെയുടെ പ്രതികരണം.

‘ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റി നല്‍കിയ സ്‌കോളര്‍ഷിപ്പില്‍ നിന്നാണ് എന്റെ വിദ്യാഭ്യാസത്തിന് പണം ലഭിച്ചത്. ഞാന്‍ വിദ്യാഭ്യാസ വായ്പ്പയും എടുത്തിരുന്നു. അതിപ്പോഴും തിരിച്ചടയ്ക്കുകയാണ്,’ സ്‌കോളര്‍ഷിപ്പ് കത്ത് വെളിപ്പെടുത്തിക്കൊണ്ട് ദീപ്‌കെ പറഞ്ഞു.

അഭിജിത് ദീപ്‌കെയുടെ പിതാവിന്റെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സൂറത്ത് സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ അമിത് തിവാരി രംഗത്തെത്തിയിരുന്നു.

മഹാരാഷ്ട്ര സര്‍വീസില്‍ നിന്ന് വിരമിച്ച ഒരു ജീവനക്കാരന് തന്റെ മകന്റെ വിദേശത്തെ ഉയര്‍ന്ന വിദ്യാഭ്യാസ ചെലവ് എങ്ങനെ താങ്ങാന്‍ കഴിഞ്ഞുവെന്നായിരുന്നു തിവാരിയുടെ ചോദ്യം. ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അമിത് തിവാരി സര്‍ക്കാരിനും മറ്റ് അധികൃതര്‍ക്കും പരാതി നല്‍കുകയും ചെയ്തിരുന്നു.

അതേസമയം സി.ജെ.പിയുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും ദീപ്‌കെ അഭിമുഖത്തില്‍ പ്രതികരിച്ചിട്ടുണ്ട്. ഭാവിയില്‍ സി.ജെ.പി ക്രൗഡ് ഫണ്ടിങ്ങിലൂടെ പണം സമാഹരിക്കുമെന്നും ഈ കണക്കുകള്‍ സുതാര്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സി.ജെ.പിയുടെ നേതൃത്വത്തില്‍ ജന്തര്‍ മന്ദറില്‍ നടന്ന സമരത്തിനിടയ്ക്ക് ഭക്ഷണവും കുടിവെള്ളവും പൊതുജനങ്ങള്‍ സ്വമേധയാ എത്തിച്ച് നല്‍കിയതാണെന്നും ദീപ്‌കെ പറഞ്ഞു.

‘ദല്‍ഹി പൊലീസിലെ ചില ഉദ്യോഗസ്ഥര്‍ സ്വകാര്യമായി സി.ജെ.പിക്ക് പിന്തുണയറിയിച്ചിരുന്നു. ഞങ്ങള്‍ക്കവര്‍ വാട്ടര്‍ ബോട്ടിലുകള്‍ നല്‍കുകയും ഐഡന്റി വെളിപ്പെടുത്തരുതെന്ന് പറയുകയും ചെയ്തു,’ ദീപ്‌കെ പറഞ്ഞു.അവരുടെ മക്കള്‍ നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനാലാണ് പൊലീസുകാര്‍ അനുകമ്പാ പൂര്‍ണമായി പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു.

ദീപ്‌കെയുടെ വിദ്യാഭ്യാസചെലവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സി.ജെ.പി വക്താവ് വൈഷ്ണവി ഗൗറും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇത്തരത്തിലുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും വൈഷ്ണവി പറഞ്ഞു.

‘സ്വകാര്യ വ്യക്തിയുടെ വിദ്യാഭ്യാസ ചിലവുകള്‍ക്കായി ആര്‍.ടി.എ ഫയല്‍ ചെയ്യുന്നവര്‍ പി.എം കെയേഴ്‌സ് ഫണ്ടും നോക്കണം. മോദിജീ നിങ്ങളോട് ക്ഷമിക്കും വിഷമിക്കേണ്ട,’ അവര്‍ പറഞ്ഞു.

Content Highlight: “Here is my scholarship letter,” says Deep-K, responding to an RTI activist regarding the US education controversy.

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.