ഗിരീഷ് എ.ഡി. ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ന്റെ ഒ.ടി.ടി റിലീസിന് പിന്നാലെ തുടങ്ങിയ ചര്‍ച്ചകള്‍ ഇനിയും അവസാനിച്ചിട്ടില്ല. തിയേറ്റര്‍ റിലീസിന് പിന്നാലെ മികച്ച പ്രതികരണവും കളക്ഷനും നേടിയ ചിത്രം ഒ.ടി.ടിയിലെത്തിയതോടെ സിനിമയിലെ സൂക്ഷ്മമായ പല റഫറന്‍സുകളും പ്രേക്ഷകര്‍ കണ്ടെത്തിത്തുടങ്ങിയിരിക്കുകയാണ്.

സിനിമാ റെഫറന്‍സുകള്‍ക്ക് പുറമെ ഷോട്ട് ഫിലിമിലെ ചില രംഗങ്ങള്‍ സ്പൂഫുകളായും സോഷ്യല്‍മീഡിയ താരങ്ങളുടെ വൈറല്‍ വീഡിയോകളുമൊക്കെ ബെത്‌ലഹേം കുടുംബ യൂണിറ്റിലേക്ക് പല രീതിയില്‍ കടന്നുവരുന്നുണ്ട്.

കാണാതെ പോയെന്ന് തോന്നുന്ന നിരവധി റഫറന്‍സുകള്‍ ഓരോന്നായി പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നുണ്ട്. അക്കൂട്ടത്തില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്ന ഒന്നാണ് ‘യോദ്ധ’യിലെ മോഹന്‍ലാല്‍-ജഗതി കോമ്പിനേഷനുമായുള്ള സാമ്യം.

ജസ്റ്റിന്‍-ആഷ്‌ലി പ്രണയം വീട്ടിലറിഞ്ഞ ശേഷം അത് പ്രശ്‌നമാക്കാന്‍ ശ്രമിക്കുന്ന ജോയലിനെ അച്ഛന്റെ വാക്ക് കേട്ട് നിവിന്‍ പോളിയുടെ ജസ്റ്റിന്‍ ഓടിച്ചിട്ട് തല്ലാന്‍ പോകുന്ന രംഗമുണ്ട്. ഇത് ‘യോദ്ധ’യിലെ മോഹന്‍ലാലും ജഗതിയും തമ്മിലുള്ള ഐക്കോണിക് രംഗത്തെ ഓര്‍മിപ്പിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലെ കണ്ടെത്തല്‍.

ഇന്നത്തെ തലമുറയിലെ മോഹന്‍ലാല്‍-ജഗതി കോമ്പിനേഷനാണ് നിവിന്‍-സംഗീത് കോമ്പോയെന്ന അഭിപ്രായവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

എണ്ണിയാലൊടുങ്ങാത്ത റഫറന്‍സുകളാണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റിലുടനീളം സംവിധായകന്‍ ഉപയോഗിച്ചിരിക്കുന്നത്. സിനിമയില്‍ നേരിട്ട് കാണുന്ന റഫറന്‍സുകള്‍ക്കൊപ്പം, ശ്രദ്ധിച്ചാല്‍ മാത്രം പിടികിട്ടുന്ന നിരവധി സൂചനകളും ചിത്രത്തിലുണ്ട്.

‘പട്ടണപ്രവേശം’ മുതല്‍ ‘മായാവി’ വരെയുള്ള സിനിമകളിലെ റെഫറന്‍സുകള്‍ വളരെ മനോഹരമായി ബെത്‌ലഹേമില്‍ സംവിധായകന്‍ ഉപയോഗിച്ചിട്ടുണ്ട്. ‘അവന്റെ തലയിലെന്താടാ മരക്കൊത്തിയെപ്പോലെ ചുവന്ന കെട്ട്’ എന്ന ജസ്റ്റിന്‍ പറയുന്ന ഡയലോഗ് ‘പട്ടണപ്രവേശം’ സിനിമയില്‍ തിലകന്‍ അവതരിപ്പിച്ച കഥാപാത്രം പറയുന്നതാണ്.

‘ചേട്ടാ, ബ്രേക്ക് ഒന്ന് അപ്ലൈ ചെയ്തേക്ക്’ എന്ന ഗ്ലിക്സന്റെ ഡയലോഗ് ‘മായാവി’യിലെ സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രം പറയുന്നതാണ്.

 

‘അയ്യപ്പാ’ എന്ന പ്രയോഗം ‘ഹീറോ’യിലെ തലൈവാസല്‍ വിജയ് പറയുന്നതാണ്. അതേ ചിത്രത്തിലെ അനൂപ് മേനോന്‍ കഥാപാത്രത്തിന്റെ ‘ഐറ്റം യമണ്ടനാ, കേള്‍ക്കുമ്പോള്‍ തന്നെ ഞാന്‍ ചാര്‍ജാവുന്നുണ്ട്’ എന്ന ഡയലോഗും ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ലേക്ക് എത്തിയിട്ടുണ്ട്.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo. Screen Grab/ Youtube.

ഗ്ലിക്സണ്‍ പറയുന്ന ‘എങ്ക മാതിരി പസങ്കളെ പാത്താ പുടിക്കാത്, പാക്ക പാക്ക താന്‍ പുടിക്കും’ എന്ന തമിഴ് സംഭാഷണം ധനുഷ് ചിത്രം ‘പടിക്കാതവന്‍’ ഓര്‍മിപ്പിക്കുമ്പോള്‍, ബസ് കണ്ടക്ടറോട് പറയുന്ന ‘ഇപ്പ തരാം, എന്നാ പിന്നെ തരാം’ എന്ന സംഭാഷണം ‘മീശ മാധവന്‍’ലെ മാള അരവിന്ദന്റെ കഥാപാത്രം പറയുന്നതാണ്.

‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ലെ റഫറന്‍സുകള്‍ സിനിമകളില്‍ മാത്രം ഒതുങ്ങുന്നില്ല എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. സംഗീത് പ്രതാപും കൂട്ടുകാരും ചേര്‍ന്ന് അവതരിപ്പിക്കുന്ന നൃത്ത രംഗം വര്‍ഷങ്ങള്‍ക്ക് മുമ്പ് കോട്ടയം വൈക്കം കൊതോറയിലെ പള്ളിയിലെ വാര്‍ഷികാഘോഷത്തിനിടെ അവതരിപ്പിച്ച നൃത്തത്തിന്റെ പുനരാവിഷ്‌കാരമാണ്.

‘ദൈവം പോലും കരഞ്ഞുപോവൂടോ’ എന്ന ഗ്ലിക്സന്റെ സംഭാഷണത്തിന് പിന്നില്‍ ടിക് ടോക് താരം അമ്പിളിയുടെ പഴയ വീഡിയോ റഫറന്‍സാണെന്നും പ്രേക്ഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

ഷോര്‍ട്ട് ഫിലിം ഷൂട്ടിനിടെ കേള്‍ക്കുന്ന ‘വിഷ്ണു’ എന്ന വിളി ‘വിപ്രണാശം’ എന്ന ഷോര്‍ട്ട് ഫിലിമിലേതാണ്. അതുപോലെ ‘കാട്ടുമരുന്നൊന്നും സെയ്തില്ലേ’ എന്ന സംഭാഷണം ‘ഓര്‍ക്കിഡ് പൂക്കള്‍ പറഞ്ഞ കഥ’ എന്ന ഷോര്‍ട്ട് ഫിലിമില്‍ നിന്നുള്ള റഫറന്‍സായും പ്രേക്ഷകര്‍ കണ്ടെത്തിയിരുന്നു.

രേഷ്മ പറയുന്ന ‘വെടിവെച്ചാല്‍ പൊട്ടാത്ത കരിമ്പാറയെ നീ കുലുക്കി’ എന്ന ഡയലോഗ് മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റായ ‘സ്ഫടികം’ സിനിമയിലെ മോഹന്‍ലാലിന്റെ ഡയലോഗാണ്.

ആഷ്ലിയുടെ കോളേജ് പരിപാടിക്കിടെ ഗ്ലിക്സണ്‍ ഓഡിറ്റോറിയത്തില്‍ ഇരിക്കുന്ന രംഗം ‘ബണ്ണി ദി ലയണ്‍’ സിനിമയുടെ റഫറന്‍സാണ്.

ബൈജു ചേട്ടന്റെ ചാട്ടം തുടരും സിനിമയില്‍ നിന്നുള്ള റഫറന്‍സായപ്പോള്‍ ഹരി മുഖം വിറപ്പിക്കുന്ന രംഗത്തിന് പിന്നില്‍ കമല്‍ഹാസന്‍ ചിത്രം ‘നായകന്‍’ലെ റഫറന്‍സാണ് ഉപയോഗിച്ചിരിക്കുന്നത്. ക്ലൈമാക്സിലെ ഫൈറ്റ് കാന്താരയെ ഓര്‍മിപ്പിക്കുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

‘യോദ്ധ’, ‘പട്ടണപ്രവേശം’, ‘മായാവി’, ‘ഹീറോ’, ‘മീശ മാധവന്‍’, ‘പുലിവാല്‍ കല്യാണം’, ‘സ്ഫടികം’, ‘നായകന്‍’, ‘തുടരും’, ‘കാന്താര’ തുടങ്ങിയ സിനിമകളില്‍ നിന്ന് ഷോര്‍ട്ട് ഫിലിമുകളിലേക്കും സോഷ്യല്‍ മീഡിയ വീഡിയോകളിലേക്കും വരെ നീളുന്ന നിരവധി റഫറന്‍സുകളാണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ല്‍ പ്രേക്ഷകര്‍ കണ്ടെത്തിയിരിക്കുന്നത്.