ദുല്‍ഖര്‍ സല്‍മാനും നടിയും ഗായികയുമായ ജസ്‌ലീന്‍ റോയലും ഒന്നിച്ച പ്രണയ ഗാനം പുറത്ത്. ജസ് ലീനും അര്‍ജീത്ത് സിങ്ങും പാടിയ ഗാനം ജസ്‌ലീന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവന്നത്.

മറ്റൊരു ലോകത്ത് നിന്നോ കാലത്ത് നിന്ന് കുതിരപ്പുറത്തേറി വരുന്ന രാജകുമാരനായാണ് ദുല്‍ഖര്‍ പാട്ടിലെത്തുന്നത്. ഇന്നത്തെ കാലത്താണ് ജസ്‌ലീന്‍ ജീവിക്കുന്നത്. ഒരുമിച്ച് പ്രണയനിമിഷങ്ങളിലൂടെ കടന്നുപോകവേ രാജകുമാരന് തിരികെ പോവാന്‍ സമയമാവുന്നു. എന്നാല്‍ തിരികെ പോവാതെ രാജകുമാരന്‍ വര്‍ത്തമാനകാലത്ത് തന്നെ നില്‍ക്കുന്നു.

ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത് അതിഥി ശര്‍മയാണ്. പാട്ടിന്റെ പ്രൊമോഷന്റെ ഭാഗമായി നേരത്തെ പങ്കുവെച്ച പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.

കിങ് ഓഫ് കൊത്തയാണ് ഇനി റിലീസിനൊരുങ്ങുന്ന ദുല്‍ഖറിന്റെ ചിത്രം. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫേറര്‍ ഫിലിംസുമാണ് നിര്‍മിക്കുന്നത്.

ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ഐശ്വര്യ ലക്ഷ്മി, നൈലാ ഉഷ, ചെമ്പന്‍ വിനോദ്, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍, വട ചെന്നൈ ശരണ്‍, അനിഖ സുരേന്ദ്രന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഓണത്തിന് റിലീസ് ചെയ്യും.

Content Highlight: heeriye video song of dulquer salmaan