forest

കൊച്ചി: 1971ന് ശേഷമുള്ള സംസ്ഥാനത്തെ എല്ലാ വനഭൂമി കയ്യേറ്റങ്ങളും ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി. 1971ന് ശേഷം ഏഴായിരത്തോളം ഏക്കര്‍ വനഭൂമി കയ്യേറിയിട്ടുണ്ടെന്നാണ് വിവിധ കാലങ്ങളില്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഇവ ഒഴിപ്പിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. കുടിയേറ്റക്കാര്‍ക്ക് ഒഴിയാനാവശ്യപ്പെട്ട് കൊണ്ടുള്ള നോട്ടീസ് ആറുമാസത്തിനകം നല്‍കണം. ഒരു വര്‍ഷത്തിനകം കുടിയേറ്റങ്ങള്‍ മുഴുവന്‍ ഒഴിപ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

ഇടുക്കി ജില്ലയിലെ ഉള്‍പ്പടെ വനം കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് “വണ്‍ എര്‍ത്ത് വണ്‍ ലൈഫ്” എന്ന സംഘടന നല്‍കിയ പൊതു താത്പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എന്‍. ഷഫീഖ് എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിറക്കിയത്.

അതേ സമയം ഒഴിപ്പിക്കുന്ന ഭൂമികളില്‍ അവകാശം സ്ഥാപിക്കാനായി നല്‍കുന്ന അപേക്ഷകളില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും കോടതി പറഞ്ഞു.

സംസ്ഥാനത്ത് 7000 ഏക്കര്‍ ഭൂമിയില്‍ കയ്യേറ്റം നടന്നിട്ടുണ്ടെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ കോടതിയെ സത്യവാങ്‌മൂലം വഴി അറിയിച്ചിരുന്നു. 1971 മുതലുള്ള കണക്കുകളാണിത്.  നേരത്തെ മുന്നാറിലെ വനം കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും നടപടികള്‍ സര്‍ക്കാരിനെ ബോധിപ്പിക്കണമെന്നും കോടതി നിര്‍ദേശം നല്‍കിയിരുന്നു എന്നാല്‍ സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിച്ചില്ലെന്ന ആരോപണം ഉണ്ടായിരുന്നു.