സിംബാബ്‌വേ വുമണ്‍സിനെതിരായ മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ് വുമണ്‍സ്. ഹരാരെ സ്‌പോര്‍ട് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ 99 റണ്‍സിന്റെ വമ്പന്‍ വിജയമാണ് വിന്‍ഡീസ് സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച വിന്‍ഡീസ് വുമണ്‍സ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സാണ് നേടിത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേ 43.3 ഓവറില്‍ 200 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

വിന്‍ഡീസ് വുമണ്‍സിന് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയത് ഓപ്പണറും ക്യാപ്റ്റനുമായ ഹെയ്‌ലി മാത്യൂസാണ്. 156 പന്തില്‍ 26 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 182 റണ്‍സാണ് താരം അടിച്ചെടുത്തത്. ഇത് ഹെയ്‌ലിയുടെ 13ാമത്തെ ഏകദിന സെഞ്ച്വറിയാണ്. വെറും 18 റണ്‍സിനാണ് താരത്തിന് ഡബിള്‍ സെഞ്ച്വറി നഷ്ടമായത്.

എന്നിരുന്നാലും ഒരു ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മാത്യൂസ്. വനിതാ ഏകദിന ചരിത്രത്തില്‍ ഒമ്പത് വ്യത്യസ്ത ടീമുകള്‍ക്കെതിരെ സെഞ്ച്വറി നേടുന്ന ആദ്യത്തെ താരമാകാനാണ് ഹെയ്‌ലിക്ക് സാധിച്ചത്.

സിംബാബ്‌വേ, അയര്‍ലാന്‍ഡ്, പാകിസ്ഥാന്‍, ന്യൂസിലാന്‍ഡ്, സൗത്ത് ആഫ്രക്ക, സ്‌കോട്‌ലാന്‍ഡ്, ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ വമ്പന്‍ ടീമുകള്‍ക്കെതിരെയാണ് ഹെയ്‌ലി സെഞ്ച്വറി നേടിയത്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ രണ്ട് വമ്പന്‍ ടീമുകള്‍ക്കെതിരെ താരത്തിന് സെഞ്ച്വറി നേടാന്‍ സാധിച്ചിട്ടില്ല.

ക്യാപ്റ്റന് പുറമെ വിന്‍ഡീസിനായി 53 റണ്‍സ് നേടിയ റിലിയേന്ന ഗ്രിമ്മോണ്ടും തിളങ്ങി. മറ്റാര്‍ക്കും ടീമിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടാനായില്ല. സിംബാബ്‌വേയ്ക്ക് വേണ്ടി രണ്ട് വിക്കറ്റ് നേടി തിളങ്ങിയത് ഫ്രാന്‍സെസ ചിപ്പരെയാണ്. ടെന്‍ഡായി മകുഷ്‌ക, ന്യാഷ, ബിലോവ്ഡ് ബിസ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

അതേസമയം വിന്‍ഡീസിന് വേണ്ടി ആലിയ അലയ്ന്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ജന്നിലിയ ഗ്ലാസ്‌ഗോ, അഷ്മിനി മുനിസര്‍, ആഫി ഫ്‌ലെച്ചര്‍ എന്നിവര്‍ രണ്ട് വിക്കറ്റും നേടി. സ്റ്റഫൈന്‍ ടെയ്‌ലര്‍ സിംബാബ്‌വേ ക്യാപ്റ്റനെ റണ്‍ ഔട്ടില്‍ കുടിക്കിയിരുന്നു.

സിംബാബ്‌വേയ്ക്ക് വേണ്ടി 106 പന്തില്‍ 86 റണ്‍സ് നേടിയ മോഡസറ്റര്‍ മുപാചിക്വയാണ് മികച്ച ബാറ്റിങ് പ്രകടനം നടത്തിയത്. ടീമിന് വേണ്ടി രണ്ടാം ഉയര്‍ന്ന സ്‌കോര്‍ നേടിയത് 26 റണ്‍സെടുത്ത ചിപോ മുഖേരിയാണ്.

Content Highlight: Hayley became the first player in the history of women’s ODIs to score centuries against nine different teams