ന്യൂദല്‍ഹി: പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും മരുന്നുകളുടെ യുക്തിസഹമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി 16 മരുന്നുകളുടെ നിര്‍മാണം,വില്‍പ്പന എന്നിവ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍.
ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകളാണ് നിരോധിച്ചത്. ഈ മരുന്നുകള്‍ക്ക് ചികിത്സാ ന്യായീകരണമില്ലെന്നും അവയുടെ ഉപയോഗം പ്രയോജനകരമല്ലെന്നും കാണിച്ചാണ് നിരോധനം.
രാജ്യത്ത് ലഭ്യമായ ഇത്തരം മരുന്നുകളെക്കുറിച്ച് സമഗ്രമായ അവലോകനം നടത്താന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡ്രഗ്‌സ് ടെക്‌നിക്കല്‍ അഡൈ്വസറി ബോര്‍ഡ് രൂപീകരിച്ച വിദഗ്ധ സമിതി നടത്തിയ പഠനത്തിനൊടുവിലാണ് ഈ 16 മരുന്നുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.
രാജ്യത്തെ എല്ലാ ഡ്രഗ് കണ്‍ട്രോളര്‍മാര്‍ക്കും റെഗുലേറ്ററി അതോറിറ്റികള്‍, എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ എന്നിവയ്ക്ക് വിജ്ഞാപനം കൃത്യമായി നടപ്പിലാക്കുന്നത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സുരക്ഷിതവും ഫലപ്രദവും ശാസ്ത്രീയമായി സാധുതയുള്ളതുമായ മരുന്നുകള്‍ മാത്രമേ പൊതുജനങ്ങള്‍ക്ക് ലഭ്യമാകൂ എന്ന് ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് മന്ത്രാലയം പറഞ്ഞു.
ചര്‍മ്മ രോഗങ്ങള്‍ക്കുള്ള ചില ക്രീമുകള്‍/ലോഷനുകള്‍, വേദനസംഹാരികള്‍, വയറുവേദനയ്ക്കുള്ള മരുന്നുകള്‍ ആന്റിബയോട്ടിക്കുകള്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ വിഭാഗങ്ങളില്‍പ്പെട്ട മരുന്നുകളാണ് നിരോധിച്ചത്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.