അവനെ ഇംഗ്ലണ്ടിലേക്ക് വിടാനായിരുന്നു തീരുമാനം, സൗബിനാണ് അർജുനെ നടനാക്കിയത്: ഹരിശ്രീ അശോകൻ
Malayalam Cinema
അവനെ ഇംഗ്ലണ്ടിലേക്ക് വിടാനായിരുന്നു തീരുമാനം, സൗബിനാണ് അർജുനെ നടനാക്കിയത്: ഹരിശ്രീ അശോകൻ
നന്ദന. ടി
Thursday, 13th August 2026, 11:34 am

സൗബിൻ ഷാഹിറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പറവ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ശ്രദ്ധ നേടുകയും, തുടർന്ന് ബി ടെക്, ജൂൺ, സൂപ്പർ ശരണ്യ, രോമാഞ്ചം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയും ചെയ്ത നടനാണ് അർജുൻ അശോകൻ. ഇപ്പോഴിതാ തന്റെ മകൻ അർജുന്റെ സിനിമാമേഖലയിലേക്കുള്ള കടന്നുവരവിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് നടൻ ഹരിശ്രീ അശോകൻ. വൺ ടു ടോക്ക്സ് എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു നടൻ.

മകൻ അർജുൻ അശോകനെ ഉന്നത പഠനത്തിനായി ഇംഗ്ലണ്ടിലേക്ക് അയക്കാനായിരുന്നു താനും ഭാര്യയും ആഗ്രഹിച്ചിരുന്നതെന്നും, പിന്നീട ആ തീരുമാനത്തിൽ നിന്ന് മാറിയ അനുഭവം പങ്കുവെക്കുകയാണ് നടൻ ഹരിശ്രീ അശോകൻ.

‘ഞങ്ങളുടെയെല്ലാം ആഗ്രഹം അവനെ ഇംഗ്ലണ്ടിലേക്ക് പഠിക്കാൻ വിടണമെന്നായിരുന്നു. അങ്ങനെ അവനെ അങ്ങോട്ട് വിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും ഞാനും ഭാര്യയും ചേർന്ന് ആസൂത്രണം ചെയ്തു വരുമ്പോഴാണ് ഭാര്യ എന്നോട് ഒരു ദിവസം പറയുന്നത്, ആൾ ഇംഗ്ലണ്ടിലൊന്നും പോകുമെന്ന് തോന്നുന്നില്ല, അവന് അച്ഛനെയും അമ്മയെയും വിട്ടുപോകാൻ പറ്റില്ലെന്നാണ് പറയുന്നത് എന്ന്. പുറത്ത് നല്ല ധൈര്യം കാണിക്കുമെങ്കിലും ഭയങ്കര സെന്റിമെന്റലായ ആളാണ് അച്ചു. വീട്, അച്ഛൻ, അമ്മ എന്നൊക്കെ പറഞ്ഞാൽ അവന് വലിയ കാര്യമാണ്. അങ്ങനെ ഞാനും പറഞ്ഞു അവന് ഇഷ്ടമുള്ളതുപോലെ ചെയ്യട്ടെ എന്ന്.

തുടക്കത്തിൽ സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറാവാനോ ക്യാമറ കൈകാര്യം ചെയ്യാനോ ഒക്കെയായിരുന്നു അർജുന് താത്പര്യമെങ്കിലും, പിന്നീട് നടൻ സൗബിൻ ഷാഹിറിന്റെ നിർദേശപ്രകാരമാണ് അവൻ അഭിനയ രംഗത്തേക്ക് എത്തിയതെന്ന് ഓർത്തെടുക്കുകയാണ് ഹരിശ്രീ അശോകൻ.

‘ആ സമയത്ത് സിനിമ സംവിധാനം ചെയ്യാനോ അല്ലെങ്കിൽ ക്യാമറ കൈകാര്യം ചെയ്യാനോ ഒക്കെയാണ് താത്പര്യമെന്ന് അവൻ പറഞ്ഞു. അങ്ങനെയാണ് ഞാൻ സൗബിൻ ഷാഹിറിനെ വിളിക്കുന്നത്. കാരണം സൗബിന്റെ അച്ഛൻ ബാബു ഷാഹിറുമായി അനിയത്തിപ്രാവ് സിനിമയുടെ കാലം തൊട്ടേയുള്ള പരിചയമുണ്ട്. സൗബിനെ മട്ടാഞ്ചേരിയിൽ പോയി കണ്ട് സംസാരിച്ചു. രണ്ടു മൂന്ന് ദിവസം കഴിഞ്ഞപ്പോൾ സൗബിൻ പറഞ്ഞു, ആദ്യം അവൻ അസിസ്റ്റന്റ് ഡയറക്ടർ ആകുന്നതിന് മുൻപ് അഭിനയിക്കട്ടെ എന്ന്. അങ്ങനെയാണ് പറവയിൽ അവനെ അഭിനയിപ്പിക്കുന്നത്,’

എട്ടു മാസത്തോളം താടിയൊക്കെ നീട്ടി വളർത്തിയാണ് അർജുൻ ആ കഥാപാത്രത്തിന് വേണ്ടി തയ്യാറെടുപ്പുകൾ നടത്തിയത്. പ്രാവുകളുടെ കൂടെയുള്ള ട്രെയിനിങ് ഒക്കെ ഉണ്ടായിരുന്നു. പിന്നീട് അവന്റെ അഭിനയം കണ്ടപ്പോൾ ആ തീരുമാനം നല്ലതിനായിരുന്നു എന്ന് എനിക്ക് തോന്നി,’ ഹരിശ്രീ അശോകൻ പറഞ്ഞു.

Content Highlight: Harisree Ashokan talks about how his son Arjun began his acting career

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം