ആളുകളെ ഇങ്ങനെ കരയിച്ചതിന് എനിക്കെതിരെ കേസ് കൊടുക്കാൻ സാധ്യതയുണ്ടെന്ന് വിപിൻ ദാസ് പറഞ്ഞു: ബി.കെ.ഹരിനാരായണൻ
Malayalam Cinema
ആളുകളെ ഇങ്ങനെ കരയിച്ചതിന് എനിക്കെതിരെ കേസ് കൊടുക്കാൻ സാധ്യതയുണ്ടെന്ന് വിപിൻ ദാസ് പറഞ്ഞു: ബി.കെ.ഹരിനാരായണൻ
നന്ദന എം.സി
Sunday, 3rd May 2026, 12:37 pm

മലയാള സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കി മുന്നേറുന്ന ചിത്രമാണ് വാഴ 2. റിലീസിന് പിന്നാലെ ബോക്‌സ് ഓഫീസിൽ വമ്പൻ വിജയമായി മാറിയ ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ മുന്നേറുകയാണ്.

സോഷ്യൽ മീഡിയ താരങ്ങളെ അണിനിരത്തി ഒരുക്കിയ സിനിമയിലെ കഥാപാത്രങ്ങൾക്കും കഥയ്ക്കുമൊപ്പം ഏറെ ശ്രദ്ധിക്കപ്പെട്ട മറ്റൊന്നായിരുന്നു ചിത്രത്തിലെ ഗാനങ്ങൾ. പ്രത്യേകിച്ച് ‘കൂടെപിറന്നവരല്ലേ’ എന്ന ഗാനമാണ് പ്രേക്ഷകർ ഏറ്റെടുത്തതും അവരെ കരയിപ്പിച്ചതും.

ബി.കെ. ഹരിനാരായണൻ, Photo: X.com

ഇപ്പോഴിതാ ഗാനത്തിന്റെ വരികൾ എഴുതിയ ബി.കെ ഹരിനാരായണൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ‘വാഴ 2വിലെ ആ നാല് വരികൾ കൊണ്ട് ആളുകളെ കരയിച്ചു കളഞ്ഞല്ലോ, അതൊരു ഉദ്ദേശ്യമായിരുന്നോ?’ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘ഒരിക്കലും അങ്ങനെ ഒരു ഉദ്ദേശമുണ്ടായിരുന്നില്ല. സിനിമ പുറത്തിറങ്ങിയ ശേഷം വിപിനെ വിളിച്ചപ്പോൾ അദ്ദേഹം തമാശയായി പറഞ്ഞു, ആളുകളെ ഇങ്ങനെ കരയിച്ചതിന് എനിക്കും പാർവതീഷിനും എതിരെ കേസ് കൊടുക്കാൻ സാധ്യതയുണ്ടെന്ന്.

ശരിക്കും ആ നാല് വരി ആളുകളെ കരയിപ്പിച്ചിട്ടുണ്ടെങ്കിൽ അതിന് കാരണം അതിലെ സംഗീതവും, സൂരജ് പാടിയ ശബ്ദവും, എല്ലാത്തിനുമുപരി ആ വരികൾക്ക് പറയാനുള്ള ഒരു കഥയുമാണ്,’എന്നാണ് ഹരിനാരായണൻ പറഞ്ഞത്.

വാഴ 2, Photo: IMDb

‘തമ്മിൽ പിണങ്ങി പോകല്ലേ കാണാതെ മായല്ലേ കണ്ണേ നമ്മൾക്ക് നാം തന്നെ അല്ലേ കൂടെപിറന്നവരല്ലേ…’ഈ വരികൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ‘എത്ര തവണ കേട്ടു എന്ന് പോലും അറിയില്ല, അത്രയ്ക്ക് മനസിൽ കയറിയ പാട്ടാണ്’ എന്നാണ് ആരാധകർ കുറിക്കുന്നത്.

തിയേറ്ററിലും ഈ പാട്ട് വരുന്ന രംഗം വലിയ ഇമോഷണൽ അനുഭവമാണ് ഉണ്ടാക്കുന്നത്. സ്വന്തം ജീവിതത്തോട് ചേർന്ന് നിൽക്കുന്ന ബന്ധങ്ങളും ഓർമകളും ചിത്രത്തിൽ കാണുമ്പോൾ ഈ പാട്ട് കൂടി എത്തുന്നതോടെ പലരുടെയും കണ്ണുനിറയുന്നുവെന്നാണ് പ്രേക്ഷകർ പറയുന്നത്. സ്നേഹവും സഹോദര്യവും നിറഞ്ഞ ആ വരികളാണ് പാട്ടിന്റെ വിജയത്തിന് പിന്നിലെ പ്രധാന കാരണം എന്നാണ് ആരാധക അഭിപ്രായം.

സവിൻ സ, വിപിൻ ദാസ്, ഹാഷിർ, Photo: Hashir/ Facebook

വിപിൻ ദാസിന്റെ തിരക്കഥയ്ക്ക് സവിൻ സ സംവിധാനം ചെയ്ത ചിത്രം വമ്പൻ വിജയമായി മുന്നേറുകയാണ്. ഹാഷിർ, അലൻ, വിനായക്, അജിൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Content Highlight: Harinarayanan is saying that Vipin Das said that a case could be filed against him for making people cry like this.

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.