സിംബാബ്‌വേയ്‌ക്കെതിരായ ആദ്യ മത്സരത്തിന് പിന്നാലെ ഇന്ത്യന്‍ സെലക്ഷന്‍ കമ്മിറ്റിയെ വിമര്‍ശിച്ച് മുന്‍ താരം ഹനുമ വിഹാരി. സിംബാബ്‌വേയ്‌ക്കെതിരായ മത്സരത്തില്‍ റിങ്കു സിങ്ങിനെ തിരിച്ചുവിളിച്ചിട്ടും ആര്‍.സി.ബി ക്യാപ്റ്റന്‍ രജത് പാടിദീറിന് അവസരം നല്‍കാത്ത സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം കടുത്തതാണെന്ന് തോന്നിയെന്ന് വിഹാരി പറഞ്ഞു. രജത് പാടിദാറോ സഞ്ജു സാംസണോടീമിലുണ്ടാകേണ്ടതായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘റിങ്കു സിങ്ങിനെ ടീമിലേക്ക് തിരിച്ചുവിളിച്ചു. എന്നാല്‍ രജത് പാടിദാര്‍ എവിടെയാണ്? ആര്‍.സി.ബിയെ തുടര്‍ച്ചയായി രണ്ട് കിരീടങ്ങളിലേക്ക് നയിക്കുകയും ബാറ്ററെന്ന നിലയില്‍ മികച്ച പ്രകടനം നടത്തുകയും ചെയ്ത താരമാണ് അദ്ദേഹം.
രജത് പടിദാർ. Photo: Royal Challengers Bengaluru/x.com
സെലക്ഷന്‍ കമ്മിറ്റിയുടെ ഈ തീരുമാനം കടുത്തതാണെന്ന് തോന്നുന്നു. ടീമില്‍ ഇതിനകം തന്നെ ധാരാളം ഇടംകൈയന്‍ ബാറ്റര്‍മാര്‍ ഉള്ള സാഹചര്യത്തില്‍ രജത് പാടിദാറിന് ഒരു അവസരം നല്‍കേണ്ടതായിരുന്നു. രജത് പാടിദാറോ സഞ്ജു സാംസണോ ടീമിലുണ്ടാകേണ്ടതായിരുന്നു.
ഇപ്പോള്‍ പ്രഭ്‌സിമ്രന്‍ സിങ്ങും ടീമിലുണ്ട്. പക്ഷേ, വിക്കറ്റ് കീപ്പറായും ബാറ്ററായും ഇഷാന്‍ കിഷനാണ് ആദ്യ പരിഗണനയെന്ന് ഞാന്‍ കരുതുന്നതിനാല്‍ പ്രഭ്‌സിമ്രന് പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കുമെന്ന് തോന്നുന്നില്ല,’ ഹനുമ വിഹാരി പറഞ്ഞു.
2025ലെയും 2026ലെയും ഐ.പി.എല്ലില്‍ ആര്‍.സി.ബിയെ കിരീടത്തിലേക്ക് നയിച്ച താരമാണ് രജത് പാടിദാര്‍. ഐ.പി.എല്ലില്‍ ക്യാപ്റ്റമെന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും മികച്ച പ്രകടനം നടത്തിയ താരമാണ് രജത്. നിലവില്‍ 57 ഐ.പി.എല്‍ മത്സരത്തിലെ 52 ഇന്നിങ്‌സില്‍ നിന്ന് 1612 റണ്‍സാണ് താരം നേടിയത്.
ഇന്ത്യയ്ക്ക് വേണ്ടി 2023ല്‍ ഏകദിനത്തില്‍ അരങ്ങേറ്റം നടത്തിയ താരത്തിന് ഒരുമത്സരം മാത്രമാണ് കളിക്കാന്‍ സാധിച്ചത്. 22 റണ്‍സാണ് താരം ഏകദിനത്തില്‍ നേടിയത്. ടെസ്റ്റില്‍ മൂന്ന് മത്സരത്തിലെ ആറ് ഇന്നിങ്‌സ് കളിച്ച താരം 63 റണ്‍സാണ് നേടിയത്.
ടി-20യില്‍ താരത്തിന് ഇതുവരെ അരങ്ങേറ്റം നടത്താന്‍ സാധിച്ചിട്ടില്ല. മാത്രമല്ല ലോകകപ്പ് ചാമ്പ്യന്‍ സഞ്ജു സാംസണിനെയും ഒഴിവാക്കിയായിരുന്നു ഇന്ത്യ സിംബാബ്‌വേ പര്യടനത്തിന് തിരിച്ചത്. സഞ്ജുവിന് പകരം യുവ താരം വൈഭവ് സൂര്യവംശിയാണ് സ്‌ക്വാഡില്‍ ഇംടം നേടിയത്.
അതേസമയം ഹരാരേ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സാണ് നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 13.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴിലുള്ള ഇന്ത്യയുടെ ആദ്യ വിജയമാണിത്.
Content Highlight: Hanuma Vihari Criticize Indian Team And Talking About Rajat Patidar And Sanju Samson