ബോഡി പെയിന്റിങ്ങില്‍ വീട്ടുകാര്‍ക്കൊന്നും പ്രശ്‌നമുണ്ടായിരുന്നില്ല, ഏറ്റവും ബുദ്ധിമുട്ടിയത് ഒരൊറ്റ കാര്യത്തിന്: ഹന്ന റെജി കോശി
Malayalam Cinema
ബോഡി പെയിന്റിങ്ങില്‍ വീട്ടുകാര്‍ക്കൊന്നും പ്രശ്‌നമുണ്ടായിരുന്നില്ല, ഏറ്റവും ബുദ്ധിമുട്ടിയത് ഒരൊറ്റ കാര്യത്തിന്: ഹന്ന റെജി കോശി
അമര്‍നാഥ് എം.
Tuesday, 10th March 2026, 9:12 pm

മോഡലിങ് രംഗത്തുനിന്ന് സിനിമയിലേക്കെത്തിയ താരമാണ് ഹന്ന റെജി കോശി. ഡാര്‍വിന്റെ പരിണാമത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന ഹന്ന ചുരുങ്ങിയ കാലം കൊണ്ട് മികച്ച സിനിമകളുടെ ഭാഗമായി. രക്ഷാധികാരി ബൈജു ഒപ്പ്, തീര്‍പ്പ്, കൂമന്‍ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ഹന്നയെ തേടിയെത്തിയിരുന്നു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഫേസസ് കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്.

കലേഷ് രാമാനന്ദ് നായകനായെത്തിയ ഫേസസ് സൈക്കോളജിക്കല്‍ ത്രില്ലറായാണ് ഒരുങ്ങിയത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഹന്നയുടെ ഗെറ്റപ്പ് വലിയ ചര്‍ച്ചയായിരുന്നു. ശരീരം മൊത്തം പെയിന്റടിച്ചുകൊണ്ടാണ് ഹന്ന പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററിനെക്കുറിച്ച് മാധ്യമങ്ങളോടുള്ള ഹന്നയുടെ മറുപടി വൈറലായി. ബോഡി ടാറ്റു വീട്ടുകാര്‍ കണ്ടിട്ട് എന്തെങ്കിലും പറഞ്ഞോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം.

‘ബോഡി ടാറ്റുവല്ല, ബോഡി പെയിന്റിങ്ങാണത്. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും അത് കണ്ട് പ്രത്യേകിച്ച് പ്രശ്‌നമൊന്നും തോന്നിയില്ല. പക്ഷേ, കുറച്ച് അകന്ന ബന്ധുക്കള്‍ക്ക് അത് കണ്ട് അത്ഭുതമായി. ‘ഇവള്‍ തന്നെയാണോ ഇങ്ങനെയൊക്കെ ചെയ്യുന്നത്?’ എന്നായിരുന്നു ചോദ്യം. പക്ഷേ, ഏറ്റവും ബുദ്ധിമുട്ട് വേറൊരു കാര്യത്തിലായിരുന്നു. ഈ പെയിന്റിങ് കഴുകിക്കളയാന്‍ മൂന്നര മണിക്കൂറെടുത്തു. പെയിന്റടിക്കാന്‍ ഒരു മണിക്കൂറേ വേണ്ടിവന്നുള്ളൂ,’ ഹന്ന റെജി കോശി പറയുന്നു.

ത്രില്ലര്‍ സിനിമകള്‍ തെരഞ്ഞെടുത്ത് ചെയ്യുന്നതിനെക്കുറിച്ചും ഹന്ന പറഞ്ഞു. എല്ലാതരം സ്‌ക്രിപ്റ്റുകളും തന്നെ തേടിയെത്താറുണ്ടെന്ന് താരം പറയുന്നു. എന്നാല്‍ അതില്‍ തനിക്ക് ഇന്‍ട്രസ്റ്റിങ്ങായിട്ടുള്ള കഥകള്‍ മാത്രമേ തെരഞ്ഞെടുക്കാറുള്ളൂവെന്നും ഹന്ന കൂട്ടിച്ചേര്‍ത്തു. ഫേസസ് എന്ന ചിത്രം തെരഞ്ഞെടുത്തതും അങ്ങനെയാണെന്ന് താരം പറഞ്ഞു.

‘മരംചുറ്റി പ്രേമം, പാട്ട് അതൊക്കെയുള്ള സിനിമ ചെയ്താല്‍ ഫിനാന്‍ഷ്യലി നല്ലതാണ്. കുറച്ചൊക്കെ സ്‌ക്രീന്‍ സ്‌പേസും കിട്ടും. പക്ഷേ, ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ എനിക്ക് എത്രമാത്രം കോണ്‍ട്രിബ്യൂട്ട് ചെയ്യാന്‍ പറ്റിയെന്ന് ഞാന്‍ എന്നോട് തന്നെ ചോദിക്കും. എനിക്കൊരു സാറ്റിസ്ഫാക്ഷനില്ലെങ്കില്‍ ഞാന്‍ അത്തരം സിനിമകള്‍ ചെയ്തതുകൊണ്ട് ഗുണമില്ല.

അതുകൊണ്ട് അത്തരം റൊമാന്‍സ് സ്‌ക്രിപ്റ്റുകള്‍ വരുമ്പോള്‍ ഞാന്‍ പിന്മാറുകയാണ് പതിവ്. ഒരു സീനോ രണ്ടു സീനോ മാത്രമുള്ളുവെങ്കിലും എനിക്ക് റീച്ച് കിട്ടുന്ന വേഷമാണെങ്കില്‍ ഞാനത് ചെയ്യും. ആ സിനിമയിലൂടെ കൂടുതല്‍ ഓഡിയന്‍സിലേക്ക് എനിക്ക് എത്തിപ്പെടാനാകുമെങ്കില്‍ ഞാന്‍ അതിനോട് നോ പറയില്ല. എനിക്ക് പെര്‍ഫോം ചെയ്യാനുള്ള സ്‌പേസ് ഉണ്ടോ എന്നതാണ് പ്രധാനം,’ ഹന്ന റെജി കോശി പറഞ്ഞു.

Content Highlight: Hannah Reji Koshi about the poster of Faces movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം